ഉന്നതരുമായി ബന്ധം: തെളിവുകളുമായി സരിത; കൂടുതല്‍ തെളിവുകള്‍ നാളെ ഹാജരാക്കും
Published : 12th May 2016 | Posted By: SMR

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മകന് ചാണ്ടി ഉമ്മന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായി തനിക്കുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമ്മീഷന് കൈമാറിയതായി സരിത എസ് നായര്‍. രണ്ട് പെന്‍ഡ്രൈവുകളും സുപ്രധാന രേഖകള്‍ അടങ്ങിയ രണ്ട് ഫയലുകളുമാണ് കമ്മീഷനില്‍ സമര്‍പ്പിച്ചത്. കൂടാതെ തന്റെ വിവാദമായ കത്തും സരിത ഇന്നലെ കമ്മീഷനില്‍ ഹാജരാക്കി. കേരളത്തിന് താങ്ങാനാവാത്ത കൂടുതല്‍ തെളിവുകള്‍ 13ന് സോളാര്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കുമെന്നും സരിത പറഞ്ഞു.
സോളാര്‍ മാത്രമല്ല അഴിമതി. കൊച്ചി ബോള്‍ഗാട്ടി പാലസിനടുത്ത് ലുലു കണ്വന്ഷന് സെന്ററുമായി ബന്ധപ്പെട്ട ഭൂമികച്ചവടത്തിന് ദൗര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. ഭൂമികച്ചവടത്തിന് ഉമ്മന്‍ചാണ്ടി ഒരു വ്യവസായിയുമായി നടത്തിയ ഫോണ്‍ സംഭാഷണവും സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ ഗൂഢാലോചന തെളിയിക്കുന്ന ശബ്ദരേഖയുമാണ് ഹാജരാക്കിയ രണ്ട് പെന്‍ഡ്രൈവുകളില്‍ ഉള്ളത്. തന്റെ കത്ത് ചാനലുകളിലൂടെ പുറത്ത് വിട്ടതിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാലും മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ കമ്മീഷന് കൂടുതല്‍ തെളിവുകള്‍ കൈമാറുന്നതെന്നും സരിത വ്യക്തമാക്കി.
ഒരു സാധാരണ സ്ത്രീ തൊഴില്‍ സംരംഭകയെന്ന നിലയില്‍ തനിക്ക് ശാരീരികമായും മാനസികമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചാണ്ടി ഉമ്മന്‍, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന് മുഹമ്മദ്, എംഎല്‍എമാരായ ഹൈബി ഈഡന്, പി സി വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യം എന്നിവരില്‍ നിന്നു മോശം അനുഭവങ്ങളുണ്ടായി. സാക്ഷരകേരളത്തിനെ ഞെട്ടിക്കുന്ന ചില ദൃശ്യങ്ങള്‍ 13ന് സോളാര്‍ കമ്മീഷനില്‍ സമര്‍പ്പിക്കും. സ്ത്രീയെന്ന നിലയില്‍ താനനുഭവിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുന്നതിന് തനിക്ക് ബുദ്ധിമുട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അത്രയും തൊലിക്കട്ടി തനിക്കില്ലെങ്കിലും മാനസികമായി ഇതിനായി തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്നും സരിത എസ് നായര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൈലന്റ് എലിമിനേറ്ററാണ്. മനസ്സില്‍ പക സൂക്ഷിച്ച് ഒതുങ്ങിയിരുന്ന് അയാളെ നശിപ്പിക്കാനോ അല്ലെങ്കില്‍ അവരെ കുടുംബത്തോടെ നശിപ്പിക്കാനോ ശ്രമിക്കുന്നയാളാണ് ഉമ്മന്‍ചാണ്ടി. യുഡിഎഫ് ഇനി തിരിച്ചുവന്നാല്‍ താനും തന്റെ കുടുംബവും ഉണ്ടാവില്ല. തനിക്കെതിരായി ഉമ്മന്‍ചാണ്ടി നല്കിയ മാനഷ്ടക്കേസ് വെറും നാടകമാണ്. ഉമ്മന്‍ചാണ്ടിയും വേണുഗോപാല്‍ എംപിയും മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത് തനിക്ക് ഗുണം ചെയ്യും. ഇതോടെ തന്റെ കൈയിലുള്ള തെളിവുകള്‍ കോടതിക്കു മുന്പില് ഹാജരാക്കുന്നതിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും സരിത പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളെ തനിക്ക് വിശ്വാസമില്ല. ഇതുവരെ ഒരു സപ്പോര്‍ട്ടും പാര്‍ട്ടികള്‍ നല്‍കിയിട്ടില്ല. താന്‍ സമീപിച്ച രാഷ്ട്രീയക്കാര്‍ തന്നെ പലവിധത്തില്‍ ഉപയോഗിക്കുകയാണ് ചെയ്തത്. അവരുടെ കൈക്കൂലി പിരിക്കാനും പാര്‍ട്ടിഫണ്ട് പിരിക്കാനും അവര്‍ക്ക് വഴങ്ങിക്കൊടുക്കാനുമൊക്കെ തന്നെ അവര്‍ ഉപയോഗിച്ചു. നല്കിയ തെളിവുകള്‍ വ്യാജമാണെന്ന് പറയുന്നതല്ലാതെ അതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. വ്യാജമാണെങ്കില്‍ എന്തുകൊണ്ട് തനിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തുന്നില്ലെന്നും സരിത ചോദിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.