|    Nov 20 Mon, 2017 6:03 am
FLASH NEWS

ഉദ്യോഗസ്ഥ അനുമതിയോടെ അയവല്‍വാസികള്‍ സ്ഥലം കൈയേറിയെന്ന് ; വൃദ്ധ ദമ്പതികള്‍ താലൂക്ക് ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തി

Published : 6th August 2017 | Posted By: fsq

 

നിലമ്പൂര്‍: തങ്ങള്‍ക്കവകാശപ്പെട്ട സ്ഥലം ഉദ്യോഗസ്ഥ ഒത്താശയോടെ അയവല്‍വാസികള്‍ കൈയേറിയെന്നാരോപിച്ച് വൃദ്ധരായ ദമ്പതികള്‍ നിലമ്പൂര്‍ താലൂക്ക് ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തി. എടക്കര കാക്കപ്പരതയിലെ മൊടവന്‍കുലവന്‍ മുഹമ്മദും ഭാര്യ കദീജയും ബന്ധുക്കളുമാണ് നിലമ്പൂര്‍ താലൂക്ക് ഓഫിസില്‍ കുത്തിയിരിപ്പ് നടത്തിയത്. കാക്കപ്പരതയില്‍ 13 സെന്റ് സ്ഥലമാണ് മുഹമ്മദിനും ഭാര്യക്കുമുള്ളത്. അതിലൂടെ തര്‍ക്കത്തിലായിരുന്ന അയല്‍വാസികള്‍ക്ക് വഴി വിട്ടുകൊടുക്കാന്‍ അന്നത്തെ വില്ലേജ് ഓഫിസര്‍ വിജയകുമാരന്‍ അനധികൃതമായി ഇടപെട്ടുവെന്നാണ് പരാതി. മുഹമ്മദ് ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കലക്ടര്‍ പരാതി താലൂക്ക് ഓഫിസിലേക്ക് കൈമാറി. താലൂക്ക് വികസന സമിതിയില്‍ ചര്‍്ച്ചചെയ്ത വിഷയത്തില്‍ അധികൃതര്‍ സ്ഥലം പരിശോധിക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഡിവൈഎസ്പി അന്വേഷിച്ച് വീഴ്ചകള്‍ കണ്ടെത്തി ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ടും നല്‍കിയിരുന്നു. എന്നിട്ടും മുഹമ്മദിന്റെ പരാതിയില്‍ തീര്‍പ്പുണ്ടായില്ല. ഒടുവില്‍ സര്‍വേയറെ വിട്ട് തഹസില്‍ദാര്‍ സ്ഥലം വീണ്ടും അളന്ന് തിട്ടപ്പെടുത്തിയിരിക്കയാണ്. ഇത് സംബന്ധിച്ച് റിപോര്‍ട്ട് അടുത്ത ഒന്‍പതിനകം ജില്ലാ കലക്ടര്‍ക്ക് നല്‍കുമെന്ന് തഹസില്‍ദാര്‍ പി പി ജയചന്ദ്രന്‍ പറഞ്ഞു. ഇതൊരു സിവില്‍ കേസാണെന്നും സിവില്‍ പെറ്റീഷന്‍ നല്‍കി തീര്‍പ്പുകല്‍പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരാതി തികച്ചും അടിസ്ഥാനരഹിതമാണെന്നും കലക്ടറുടെ ഉത്തരവ് നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ആരോപണവിധേയനായ അന്നത്തെ വില്ലേജ് ഓഫിസറും നിലവില്‍ നിലമ്പൂര്‍ താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസില്‍ദാറുമായ വിജയകുമാരന്‍ പറഞ്ഞു. കൈയേറിയ സ്ഥലം ഒഴിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെട്ടതോടെ പോലിസിന്റെ സാന്നിധ്യത്തില്‍ താലൂക്ക് അധികൃതരും ചര്‍ച്ച നടത്തി. അടുത്ത ഒന്‍പതിനകം തഹസില്‍ദാര്‍ ഇത് സംബന്ധിച്ച് കവക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്ന ഉറപ്പില്‍ ദമ്പതികള്‍ പിന്നീട് സമരം പിന്‍വലിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക