|    Jun 21 Thu, 2018 11:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉദ്യോഗസ്ഥര്‍ ചളിവാരിയെറിയുന്നത് അവസാനിപ്പിക്കണം: ചെന്നിത്തല

Published : 4th February 2016 | Posted By: SMR

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥര്‍ പൊതുജനമധ്യത്തില്‍ ചളിവാരിയെറിയുന്നത് അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആര്‍ ശ്രീലേഖയും ടോമിന്‍ തച്ചങ്കരിയും നടത്തിയ പരസ്യവിമര്‍ശനത്തെക്കുറിച്ച് ഇരുവരുമായും സംസാരിക്കും. പോലിസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വര്‍ഷങ്ങളായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഒഴിവാക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോലിസ് സേനയ്ക്കുള്ളിലെ കാര്യങ്ങളെക്കുറിച്ച് സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അസാംഗത്യമുണ്ടെന്ന് പലരും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കും.
ഡിജിപി ടി പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് ഉപയോഗത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. ഇന്ന് നവമാധ്യമങ്ങളുടെ കാലഘട്ടമാണ്. ആരോടും ഫേസ്ബുക്ക് ഉപയോഗിക്കരുതെന്ന് പറയാനാവില്ല. പോലിസ് സേനയില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഡിജിപിയും എഡിജിപി ഹേമചന്ദ്രനും കാഴ്ചവയ്ക്കുന്നത്. സോളാര്‍ കേസില്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണമെന്ന് യുഡിഎഫില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. നിയമപരമായി ഇതിന്റെ സാധ്യത പരിശോധിച്ച ശേഷം തീരുമാനമെടുക്കും.
പക്ഷേ, ആരോപണങ്ങള്‍കൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് ആരും കരുതേണ്ട. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്തി സര്‍ക്കാരിനെ ദുര്‍ബലമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
സര്‍ക്കാര്‍ തീരുമാനങ്ങളില്‍ നഷ്ടമുണ്ടായവര്‍ മറ്റുചിലരെ ഉപയോഗപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സോളാര്‍ കേസില്‍ ഐജി ടി ജെ ജോസ് തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ഫയല്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ടിവന്നാല്‍ നടപടി സ്വീകരിക്കും. തമ്പാനൂര്‍ രവി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി വിഎസ് അച്യുതാനന്ദന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം നിയമോപദേശം തേടിയിട്ടുണ്ട്. അതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ വസ്തുതാവിരുദ്ധമാണ്. തിരുവനന്തപുരത്ത് അടുത്തിടെ നടന്ന മൂന്നു കൊലപാതകങ്ങളുടെ പേരില്‍ ക്രമസമാധാനപാലനം തകര്‍ന്നെന്ന പരാമര്‍ശം ശരിയല്ല.
പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎസ്പി കെ കെ രവീന്ദ്രനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊതുജനങ്ങളുമായി ബന്ധപ്പെടാത്ത സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പോസ്റ്റിലേക്ക് മാറ്റിയത്. ഉദ്യോഗസ്ഥര്‍ ചെയ്യുന്ന കുറ്റത്തിന് അര്‍ഹമായ ശിക്ഷ മാത്രമേ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ നല്‍കാനാവൂ എന്നും ചെന്നിത്തല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss