|    Nov 16 Fri, 2018 9:51 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഉദ്യോഗസ്ഥര്‍ അവധി എടുക്കുന്നതിന് നിയന്ത്രണം

Published : 9th August 2018 | Posted By: kasim kzm

എച്ച് സുധീര്‍

പത്തനംതിട്ട: തദ്ദേശ ഭരണ വകുപ്പിനു കീഴിലുള്ള പദ്ധതി നിര്‍വഹണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ അന്യായമായി അവധിയെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ വര്‍ഷത്തെ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികളിലേക്കു നീങ്ങിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ പ്രവൃത്തികള്‍ നടത്തേണ്ട അസി. എന്‍ജിനീയര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള ചില ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായി അവധിയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.
ഇത്തരത്തില്‍ അവധിയില്‍ പോവുന്നത് പദ്ധതിപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍ വ്യക്തമാക്കുന്നു. ആകസ്മികമല്ലാത്ത അവധികള്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ അനുവദിക്കുമ്പോള്‍ പദ്ധതിപ്രവര്‍ത്തനത്തെ ഒരുവിധത്തിലും ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. മെഡിക്കല്‍ ലീവും മറ്റ് അവധികളും യഥാര്‍ഥത്തില്‍ ആവശ്യമാണോയെന്ന് മേലുദ്യോഗസ്ഥന്‍ ഉറപ്പുവരുത്തണം. സംശയം തോന്നിയാല്‍ മെഡിക്കല്‍ ബോര്‍ഡിന് ശുപാര്‍ശ ചെയ്യണം.
പദ്ധതിപ്രവര്‍ത്തനം തടസ്സപ്പെടാത്ത നിലയില്‍ അവധി ക്രമീകരണം ഏര്‍പ്പെടുത്തിയ ശേഷമേ അവധി അനുവദിക്കാവൂ. എന്നാല്‍, ഇതിനു വിരുദ്ധമായി പദ്ധതിപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായാല്‍ അവധി നല്‍കിയ ഉദ്യോഗസ്ഥന്‍ ഉത്തരവാദിയായിരിക്കും. അത്തരക്കാര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. അതേസമയം, തദ്ദേശഭരണ സ്ഥാപനങ്ങള്‍ അക്രെഡിറ്റഡ് ഏജന്‍സികളെ ഏല്‍പിക്കുന്ന നിര്‍മാണപ്രവൃത്തികളുടെ മൂല്യനിര്‍ണയം നടത്തുന്നതില്‍ തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് വിഭാഗം വിമുഖത കാട്ടുകയാണെന്നും കണ്ടെത്തി. വികേന്ദ്രീകൃത ആസൂത്രണത്തിനുള്ള കോ-ഓഡിനേഷന്‍ കമ്മിറ്റി ഈ വിഷയം പരിഗണിച്ചു.
നിര്‍മാണപ്രവൃത്തികളുടെ സൂപ്പര്‍വിഷന്‍, മെഷര്‍മെന്റ്, ചെക്ക് മെഷര്‍മെന്റ് എന്നിവ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടാല്‍ എന്‍ജിനീയറിങ് വിഭാഗം ചെയ്തുനല്‍കണമെന്നും കമ്മിറ്റി നിര്‍ദേശം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss