എസ് ഷാജഹാന്
ഉദ്യോഗസ്ഥര്‍ക്കും തുറന്നുപറയാന്‍ അവസരം വേണമെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ നിലപാട് പത്തനംതിട്ട എആര്‍ ക്യാംപിലെ രാജേഷ്കുമാറിന് തുണയാവുമോ? നിയമസഭയ്ക്കും ജുഡീഷ്യറിക്കുമെല്ലാം സംരക്ഷണമുണ്ടെന്ന് അഭിപ്രായപ്പെടുന്ന ചീഫ് സെക്രട്ടറി മാധ്യമങ്ങള്‍ക്ക് എന്തും പറയാമെന്നും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഉദ്യോഗസ്ഥര്‍ക്ക് ജനമധ്യത്തില്‍ ഒന്നും വിശദീകരിക്കാന്‍ അവസരമില്ല. എന്തെങ്കിലും പറഞ്ഞാല്‍ അത് അച്ചടക്കലംഘനമാവും. ഇത്രയധികം മാധ്യമങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ് ഈ ചട്ടം ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴും ഇത്തരം ചട്ടങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ടോ എന്നു ചിന്തിക്കണമെന്നും താന്‍ ഇക്കാര്യത്തില്‍ ഒരു സംവാദത്തിനു തയ്യാറാണെന്നും ചീഫ് സെക്രട്ടറി പറയുന്നു. വേദി നോക്കാതെ ഉള്ളത് ഉള്ളതുപോലെ പറഞ്ഞതിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടിവന്നയാളാണ് താനെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാന പോലിസ് സേനയിലുള്ളവര്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഡിജിപി ടി പി സെന്‍കുമാറിന്റെ സര്‍ക്കുലറിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസര്‍ രാജേഷ്കുമാറിനെ ജില്ലാ പോലിസ് മേധാവി ടി നാരായണന് സസ്പെന്‍ഡ് ചെയ്തത്. സെന്‍കുമാറിന്റെ ചെയ്തികളെ വിമര്‍ശിച്ചു തയ്യാറാക്കിയിട്ടുള്ള പോസ്റ്റില്‍ അന്താരാഷ്ട്ര വിഷയങ്ങള്‍ വരെ പരാമര്‍ശിച്ചിട്ടുണ്ട്. ‘നിശ്ശബ്ദതയുടെ പേരാണു മരണം’ എന്ന തലക്കെട്ടിലാണ് പോസ്റ്റ് തുടങ്ങുന്നത്. സംസ്ഥാന പോലിസ് മേധാവി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം പോലിസ് ഉദ്യോഗസ്ഥര്‍ ജനാധിപത്യവ്യവസ്ഥയുടെ അനിഷേധ്യമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് നിരോധിക്കപ്പെട്ടിരിക്കുന്നുവെന്നു പറയുന്ന പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്: കലാഭവന്‍ മണിക്കെതിരേ പോലിസ് നടപടിയെടുത്തപ്പോള്‍ താങ്കള്‍ മാധ്യമസമക്ഷം ആരോപണമുന്നയിച്ചു, പോലിസ് ജാതീയമായ പരിഗണനകള്‍ വച്ചുപുലര്‍ത്തുന്നുവെന്ന്. താങ്കള്‍ ജോലി രാജിവച്ച് രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചതിനു ശേഷമല്ല ആ പ്രസ്താവന നടത്തിയത്. എന്നാല്‍, ജേക്കബ് തോമസ് അദ്ദേഹത്തിന്റെ ഭാഗം മാധ്യമങ്ങളോട് വിശദീകരിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞു, രാജിവച്ച് രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കട്ടെ. പോലിസ് പരിഷ്കരണശ്രമങ്ങളെ (പ്രത്യാശകളെ) പിന്തുണച്ചിരുന്ന താങ്കളെ ഞാന്‍ ആദ്യമായി കാണുന്നത് ആറന്മുള ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ്! പത്തനംതിട്ട ജില്ലയിലെ എല്ലാ സബ് ഡിവിഷനില്‍നിന്നും പോലിസുകാര്‍, വാഹനങ്ങള്‍, ക്ഷേത്രമുറ്റത്തും റോഡിലുടനീളവും പോലിസ്. വ്യക്തിയുടെ സ്വകാര്യവും ആത്മീയവുമായ കാര്യമാണ് ആരാധനാലയസന്ദര്ശനം. താങ്കള്‍ മതത്തെ ഔദ്യോഗികജീവിതത്തിലേക്ക് ബന്ധിപ്പിച്ചത് മതനിരപേക്ഷതയിലും അഭിപ്രായസ്വാതന്ത്ര്യത്തിലും മാത്രം നിലനില്‍ക്കുന്ന ജനാധിപത്യസംവിധാനത്തില്‍ ഏല്പിച്ചത് ആഴമേറിയ മുറിപ്പാടുകളാണ്. മതപരമായ സ്വകാര്യ സന്ദര്‍ശനത്തിന് ഒരു ജില്ലയിലെ പോലിസ് സംവിധാനത്തെ ദുരുപയോഗം ചെയ്തു. താങ്കള്‍ കടന്നുവന്ന ഓരോ സ്റ്റേഷന് പരിധിയിലെയും പോലിസിന് അവരുടെ ചുമതലകളെല്ലാം മാറ്റിവച്ച് അകമ്പടി സേവിക്കേണ്ടിവന്നു. ആയിരക്കണക്കിന് തെളിയിക്കപ്പെടാത്ത കേസുകള്‍, കാണാതാവുന്ന കുട്ടികള്‍, കൊലപാതകങ്ങള്‍, ബലാല്സംഗങ്ങള്… ഇവയുടെ മധ്യത്തില്‍നിന്നാണ് പോലിസ്, ഒരുദ്യോഗസ്ഥന്റെ സ്വകാര്യ താല്പര്യത്തിനായി പിന്‍വലിക്കപ്പെടുന്നത്. താങ്കള്‍ അന്നേദിവസം അവധിയിലായിരുന്നോ? ആണെങ്കില്‍ ഔദ്യോഗിക വാഹനവും സംവിധാനങ്ങളും ഉപയോഗിച്ചത് എന്തുകൊണ്ട്? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേക്കാള് സുരക്ഷാഭീതി താങ്കള്‍ക്ക് ഉണ്ടാവുന്നതെങ്ങനെ? ഒരു ക്രിമിനലിന് വാറന്റ് നടപ്പാക്കാന്‍ പോവുന്ന സാദാ പോലിസുകാരന് നേരിടുന്ന സുരക്ഷാഭീഷണിയുടെ പത്തിലൊന്ന് ഭീഷണി നാം നേരിടുന്നുണ്ടോ? താങ്കള്‍ മതസാമുദായിക സ്ഥാപനങ്ങളെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് ശരിവയ്ക്കുകയും രാഷ്ട്രീയത്തെ തെറ്റാക്കുകയും ചെയ്തു. ആഴ്ചകള്‍ക്കു മുമ്പ് ഒരു പോലിസ് ഉദ്യോഗസ്ഥന് ജ്യോതിഷികളുടെ ചടങ്ങില്‍ സംബന്ധിച്ച് പ്രഖ്യാപിച്ചു: പോലിസ് കേസുകള്‍ തെളിയിക്കാന്‍ ജ്യോല്സ്യരെ ഉപയോഗിച്ചിട്ടുണ്ട്. പോലിസ് വകുപ്പ് നമുക്ക് പിരിച്ചുവിടാം. ജ്യോല്സ്യന്മാര് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ നടത്തട്ടെ, ഹനുമാന്‍സേന സമരങ്ങള്‍ നേരിടട്ടെ, ഡിജിപി വള്ളസദ്യ ഉദ്ഘാടനം ചെയ്യട്ടെ. എന്ത് മതനിരപേക്ഷത! എന്തു ജനാധിപത്യം! എന്തു രാഷ്ട്രീയം! 10 മാസം പ്രായമുള്ള കുഞ്ഞിനെ പാരഷൂട്ടില്‍ കയറ്റുന്നിടം മുതല്‍ ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിനു വരെ പോലിസുദ്യോഗസ്ഥര്‍ പൊതുചെലവില്‍ കൊഴുപ്പേകുന്നു. ഈ പോലിസ് ബീഫ് പോലിസ് (മോറല്‍ പോലിസ്) ആകാന്‍ ദൂരമില്ല. താങ്കളുടെ സര്‍ക്കുലറിലെ ഭൂരിഭാഗം വിഷയങ്ങളും നിലവിലുള്ള നിയമങ്ങള്‍പ്രകാരം തന്നെ കുറ്റകരമാണ്. പക്ഷേ, അതോടൊപ്പം ഉള്‍പ്പെടുത്തിയ രണ്ടു ഭാഗങ്ങള്‍ ബര്‍മയിലെ പട്ടാള ഭരണകൂടവും ഉത്തര കൊറിയയിലെ ഏകാധിപത്യഭരണകൂടവും മാത്രം നടപ്പാക്കുന്ന തരത്തിലുള്ളതാണ്. എഴുതിയിരിക്കുന്ന കാര്യങ്ങളൊന്നും എന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും രാഷ്ട്രീയാവബോധമുള്ള ഒരു പൗരന്റെ ചിന്തകള്‍ ഉണ്ടാക്കുന്ന അപകടം മാത്രമാണെന്നും മേലില്‍ ഞാന്‍ ചിന്തിക്കില്ലെന്നും സര്‍ക്കുലര്‍ പ്രകാരം ബോധശൂന്യനായി ജീവിച്ചുകൊള്ളാമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. $