|    Apr 22 Sun, 2018 6:23 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഉദ്യോഗസ്ഥരുടെ തല്ല് അവസാനിപ്പിക്കണം

Published : 29th October 2016 | Posted By: SMR

ധന അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് സംഘം മിന്നല്‍പ്പരിശോധന നടത്തിയത് കേരളത്തിലെ സിവില്‍ സര്‍വീസ് വൃത്തങ്ങളില്‍ അസ്വാസ്ഥ്യം പുകയാന്‍ കാരണമായിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്, തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയെന്ന ഗൂഢലക്ഷ്യമുണ്ടെന്നാണ് എബ്രഹാമിന്റെ ആരോപണം. സിവില്‍ സര്‍വീസില്‍ വ്യക്തിവിരോധത്തിന്റെയും കാഡര്‍ പരിഗണനകളുടെയും അടിസ്ഥാനത്തിലുള്ള തര്‍ക്കങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നുവെന്നാണ് ഇതില്‍നിന്നുള്ള സൂചന. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സ്വതവെ നിലനില്‍ക്കുന്ന മൂപ്പിളമത്തര്‍ക്കം പ്രശ്‌നത്തെ വഷളാക്കാനാണു സകല സാധ്യതയും. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയെയും സത്യസന്ധതയെയും നിഷ്പക്ഷതയെയുമെല്ലാം ബാധിക്കുന്ന തരത്തില്‍ ഭരണയന്ത്രത്തിന് കേടുവരുകയെന്ന ദുരവസ്ഥയിലേക്കാണ് അടിയന്തര പരിഹാരം ഉണ്ടാവുന്നില്ലെങ്കില്‍ ഈ ചേരിപ്പോര് എത്തിച്ചേരുക.
ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥന്മാര്‍ ഗാലറിക്കു വേണ്ടി കളിക്കുന്നത് അടുത്തകാലത്ത് കേരളത്തില്‍ വര്‍ധിച്ചുവരുകയാണ്. രാഷ്ട്രീയരംഗം അടിമുടി അഴിമതി നിറഞ്ഞതാകയാല്‍ വ്യത്യസ്തമായ പാതയില്‍ സഞ്ചരിക്കുന്ന ഉന്നതോദ്യോഗസ്ഥര്‍ക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കാറുണ്ട്. അതു മുതലാക്കി സുരേഷ് ഗോപി സിനിമകളിലെ നായകരെപ്പോലെ ജനപ്രിയരാവാന്‍ പല ഉദ്യോഗസ്ഥരും ശ്രമിക്കാറുമുണ്ട്. പലപ്പോഴും എതിര്‍ രാഷ്ട്രീയത്തെ അടിച്ചൊതുക്കാന്‍ ഈ ജനസമ്മതി ഭരണകക്ഷിയും പ്രതിപക്ഷവും ഉപയോഗപ്പെടുത്തുന്നു. ഇത്തരം പ്രലോഭനക്കെണികളില്‍ ഉദ്യോഗസ്ഥര്‍ വീണുപോവുന്നതാണ് കുഴപ്പം. ഈ സംഭവവുമായി ബന്ധപ്പെട്ടുകൊണ്ടല്ലെങ്കിലും ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് പ്രചാരണമാനിയ പിടിപെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തികച്ചും ശരിയാണ്. സത്യസന്ധമായി കാര്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുകയാണ് തങ്ങളുടെ ദൗത്യമെന്നതൊക്കെ മറന്ന് രാഷ്ട്രീയ-ഭരണനേതൃത്വങ്ങളോട് ഒട്ടിനിന്ന്, അവയുടെ നല്ലപിള്ളമാരായി കാര്യം നേടുകയാണ് പല സിവില്‍ സര്‍വീസുകാരുടെയും രീതി. ഈ കാര്യലാഭാന്വേഷണം അന്തിമമായി പൊതുഭരണത്തെ ജീര്‍ണിപ്പിക്കുമെന്നു തീര്‍ച്ച. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി വേട്ടയാടുന്നത് ഒരിക്കലും ശരിയല്ല. അതിന്റെ അര്‍ഥം അവരുടെ അഴിമതിക്കു നേരെ കണ്ണടയ്ക്കണമെന്നല്ല. അഴിമതിരാജാക്കന്മാരാണ് പല ഉന്നതോദ്യോഗസ്ഥരും. അവര്‍ ഒരുപാട് സമ്പാദിച്ചുകൂട്ടുന്നുമുണ്ട്. പക്ഷേ, കറപുരളാത്ത റിക്കാര്‍ഡിന് ഉടമകളായ ഉദ്യോഗസ്ഥരെ വ്യക്തിതാല്‍പര്യത്തിന്റെയോ രാഷ്ട്രീയ-സാമുദായിക താല്‍പര്യങ്ങളുടെയോ പേരില്‍ പീഡിപ്പിക്കുന്നത് തടയുക തന്നെ വേണം. ഈയിടെ മലബാര്‍ സിമന്റ്‌സ് എംഡി കെ പത്മകുമാറിനെ അറസ്റ്റ് ചെയ്യുകയുണ്ടായി. പത്മകുമാറും ഇപ്പോള്‍ അന്വേഷണവിധേയനായ കെ എം എബ്രഹാമും സംശുദ്ധരായ ഉദ്യോഗസ്ഥരാണെന്നാണ് ഐഎഎസ് ഓഫിസര്‍മാരുടെ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഇതു ശരിയാണെങ്കില്‍ ഇത്തരം നടപടികള്‍ എങ്ങനെയാണു ന്യായീകരിക്കപ്പെടുക?
ഈ ചക്കളത്തിപ്പോരില്‍ ഭരണനിര്‍വഹണത്തിന്റെ കാര്യക്ഷമത നഷ്ടപ്പെടരുത് എന്നത് പ്രധാനമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss