|    Nov 14 Wed, 2018 6:41 pm
FLASH NEWS

ഉദ്യോഗസ്ഥരുടെ ഉദാസീനത: പണി പൂര്‍ത്തിയാവാതെ സുബല പാര്‍ക്ക്

Published : 4th August 2018 | Posted By: kasim kzm

പത്തനംതിട്ട: നിര്‍മാണം ആരംഭിച്ച് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും പണി പൂര്‍ത്തിയാവാതെ നഗരമധ്യത്തിലെ സുബല പാര്‍ക്ക്. പത്തനംതിട്ട നഗരസഭയിലെ വെട്ടിപ്രത്താണ് 24 വര്‍ഷം മുമ്പ് സുബല പാര്‍ക്ക് ആരംഭിച്ചത്. കെ ബി വല്‍സലാകുമാരി ജില്ലാ കലക്ടറായിരുന്ന സമയത്ത് നഗര വികസനവും പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനവും ലക്ഷ്യമിട്ടു തുടങ്ങിയ പദ്ധതിക്ക് ഉദ്യോഗസ്ഥരുടെ ഉദാസീനതയാണ് വിലങ്ങുതടിയാവുന്നത്.
ജനപ്രതിനിധികളുടെ താല്‍പര്യക്കുറവും നിര്‍മാണം ഇഴയാന്‍ കാരണമായി. ബോട്ടിങ് ഉദ്ദേശിച്ച് വലിയ രണ്ട് കുളം കുഴിച്ചു. ഓഡിറ്റോറിയവും നിര്‍മിച്ചു. പക്ഷേ, 25 വര്‍ഷം കഴിഞ്ഞിട്ടും ഒന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓഡിറ്റോറിയത്തിന്റെ ജനാലകള്‍ മിക്കതും ദ്രവിച്ചുപോയി. മേല്‍ക്കൂരയുടെ ആസ്ബസ്‌റ്റോസ് ഷീറ്റുകളും തകര്‍ന്നു. 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ്, വയറിങ് ജോലികളും നടത്തിയിട്ടില്ല.
ഈ പദ്ധതി ഇപ്പോള്‍ ഏറ്റവും ഗുണകരമായിട്ടുള്ളത് സാമൂഹികവിരുദ്ധര്‍ക്കാണ്. പദ്ധതി പ്രദേശത്തേക്ക് അധികൃതര്‍ ആരും തിരിഞ്ഞുനോക്കാതെ വന്നതോടെ ഇവിടം സാമൂഹികവിരുദ്ധര്‍ കൈയേറി. രാപ്പകല്‍ ഭേദമന്യേ ഇവിടെ മദ്യപാനവും ലഹരി ഉപയോഗവും ഉള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ നടക്കുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നഗരസഭ പരിധിയിലുള്ള 20 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഉദ്യാനം, ബോട്ടിങ്, ഓഡിറ്റോറിയം എന്നിവയടങ്ങുന്ന പാര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രവുമായിരുന്നു ലക്ഷ്യം.
ഓഡിറ്റോറിയവും കുളവും നിര്‍മിച്ചതൊഴിച്ചാല്‍ മറ്റെല്ലാ പദ്ധതികളും കടലാസില്‍ ഒതുങ്ങി. ആരും തിരിഞ്ഞുനോക്കാതായതോടെ മുടക്കിയ പണം വെള്ളത്തിലായെന്നു മാത്രമല്ല, നാഥനില്ലാതെ പദ്ധതി നശിക്കുകയുമാണ്.
പാര്‍ക്ക് നവീകരിക്കുമെന്ന പ്രഖ്യാപനം പലതവണയുണ്ടായിരുന്നു. നാട്ടുകാര്‍ പലതവണ പ്രതിഷേധവും നടത്തി. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടങ്ങള്‍ ഇന്ന് തകര്‍ച്ചയിലാണ്. തൊഴില്‍ പരിശീലനത്തിനായി എത്തിച്ച തയ്യല്‍ മെഷീനുകളും പൂര്‍ണമായും തുരുമ്പെടുത്ത് നശിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി ക്ഷേമവകുപ്പ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന അന്നത്തെ മന്ത്രി എപി അനില്‍കുമാര്‍ രണ്ടാംഘട്ട നിര്‍മാണ ഉദ്ഘാടനം നടത്തിയെങ്കിലും ഉദ്ഘാടന നാടകമല്ലാതെ മറ്റൊരു തുടര്‍നടപടിയുമുണ്ടായില്ല. അധസ്ഥിത ജനവിഭാഗങ്ങളുടെ സ്വപ്‌നങ്ങള്‍ കൂടിയാണ് കാടുകയറി നശിക്കുന്നത്. പുതിയ സര്‍ക്കാരെങ്കിലും സുബല പാര്‍ക്കിനെ ശരിയാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss