|    Feb 24 Sat, 2018 11:57 am
FLASH NEWS

ഉദ്യോഗസ്ഥരുടെ ഉത്തരവ് കാറ്റില്‍ പറത്തിനെല്‍വയല്‍ മണ്ണിട്ട് നികത്തി കെട്ടിടം നിര്‍മിക്കുന്നു

Published : 30th January 2017 | Posted By: fsq

 

കാസര്‍കോട്: പാരമ്പര്യമായി കൃഷിചെയ്തുവരുന്ന നെല്‍വയല്‍ നികത്തി കെട്ടിടം നിര്‍മിക്കാന്‍ നീക്കം. കാസര്‍കോട് വില്ലേജിലെ റീസര്‍വേ നമ്പര്‍ 274/9 എയില്‍പെട്ട ബെദിരയിലെ സ്ഥലമാണ് ഭരണത്തിന്റെ തണലില്‍ ചിലര്‍ മണ്ണിട്ട് നികത്തി കെട്ടിടം നിര്‍മിക്കുന്നത്. ദേശീയപാതയിലെ അണങ്കൂരിനടുത്ത് കാലങ്ങളായി കൃഷി ചെയ്തുവരുന്ന വയലാണിത്. വയല്‍ മണ്ണിട്ട് നികത്തുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്താണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചിലര്‍ കെട്ടിടം പണിക്ക് നീക്കം നടത്തുന്നത്. കോടികള്‍ വിലമതിക്കുന്ന സ്വത്താണിത്. കാസര്‍കോട് ഭാഗത്ത് വ്യാപകമായി വയലുകള്‍ മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ നിര്‍മിച്ചുവരികയാണ്. ചെങ്കള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരമ്പരാഗതമായി നെല്‍കൃഷിചെയ്യുന്ന വയലുകള്‍ ഭൂരിഭാഗവും മണ്ണിട്ട് നികത്തി കെട്ടിടങ്ങളും വീടുകളും വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. നെല്‍വയല്‍ നികത്തുന്നതിനെതിരെ സംസ്ഥാനത്ത് നിയമം കര്‍ശനമാണെങ്കിലും മാറിമാറിവരുന്ന ഭരണകൂടങ്ങളെ സ്വാധീനിച്ച് മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് പതിവായിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കലക്്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ താഴെക്കിടയിലുള്ള ചില റവന്യൂ ഉദ്യോഗസ്ഥര്‍ ഉത്തരവുകള്‍ അട്ടിമറിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചെമനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നെല്‍വയലുകള്‍ നികത്തി കെട്ടിടം നിര്‍മിച്ചതും നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കാസര്‍കോട് നഗരസഭയിലെ ബെദിരയില്‍ വയല്‍ നികത്തി കെട്ടിടം നിര്‍മിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss