|    Jun 22 Fri, 2018 10:45 pm
FLASH NEWS

ഉദ്യോഗസ്ഥരുടെ അഭാവം ; താലൂക്ക് വികസനസമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ പ്രതിഷേധിച്ചു

Published : 7th August 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: താലൂക്ക് വികസന സമിതി യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പു പ്രതിനിധികള്‍ പങ്കെടുക്കാത്തതില്‍ ജനപ്രതിനിധികളുടെ പ്രതിഷേധം. അകാരണമായി ഇങ്ങനെ യോഗത്തില്‍ വരാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. റവന്യൂ ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥരുടെ ഹാജര്‍ ഗണ്യമായി കുറവ് അനുഭവപ്പെട്ടത്. പോലിസ്, നഗരസഭ, ആരോഗ്യ വകുപ്പ്, സപ്ലൈ ഓഫിസ്, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, കെഎസ്ടിപി തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ എത്താതിരുന്നത്. എന്നാല്‍ സപ്ലൈ ഓഫിസര്‍ ആരോഗ്യപരമായ കാരണത്താന്‍ യോഗത്തില്‍ സംബന്ധിക്കുകയില്ലെന്നു അറിയിച്ചിരുന്നു. നിരന്തരമായി ഉദ്യോഗസ്ഥര്‍ വരാത്തതു സംബന്ധിച്ചു കോണ്‍ഗ്രസി(എസ്)ലെ രാജു ആന്റണിയാണ് യോഗത്തില്‍ പ്രശ്‌നം ഉന്നയിച്ചത്. തുടര്‍ന്നു എല്ലാ അഗങ്ങളും ഇതു പ്രധാനവിഷയമായി എടുക്കുകയായിരുന്നു. എല്ലാ റേഷന്‍ കടകളിലും സര്‍ക്കാര്‍ സാധനങ്ങള്‍ എത്തിയിട്ടും പൊതുജനങ്ങള്‍ക്ക് അവ ലഭിക്കുന്നില്ലെന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നു.കൂടാതെ പുതിയ റേഷന്‍കാര്‍ഡ് അനുസരിച്ചു ലഭിക്കുന്ന സൗജന്യ റേഷന്‍ സാധനങ്ങളെക്കുറിച്ചു പൊതുജനങ്ങള്‍ക്കു വ്യക്തമായ ധാരണയില്ലാത്തതു ചില റേഷന്‍ വ്യാപാരികള്‍ മുതലെടുക്കുകയാണെന്നു യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. സെന്‍ട്രല്‍ ജങ്ഷനിലെ ഹൈമാസ്റ്റ് ലാംപ് തെളിയിക്കാത്തതുകാരണം ഇവിടെ അപകടങ്ങള്‍ പതിവാണ്.നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം എംസി റോഡിലെ പല ഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ടതായും നഗര ഹൃദയഭാഗത്തു കെഎസ്ആര്‍ടിസിക്കു മുന്‍ഭാഗത്തു കുഴി രൂപപ്പെട്ടിട്ട് ദിവസങ്ങളായെങ്കിലും അവ പരിഹരിക്കാന്‍ നടപടികള്‍ ആയില്ലെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇവിടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വീണ് അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. തുരുത്തിക്കു സമീപം നിര്‍മാണം പൂര്‍ത്തിയാക്കിയ അപകടവളവില്‍ റോഡിന് ഇരുവശവും കെഎസ്ടിപി സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും പരാതി ഉയര്‍ന്നു. മാലിന്യ സംസ്‌കരണവും നിര്‍മാര്‍ജനവും ഊര്‍ജിതമാക്കണമെന്നും പതിറ്റാണ്ടുകളായിട്ടുള്ള പ്രശ്‌നത്തിനു പരിഹാരം കാണുകയും വേണം. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. മാലിന്യം റോഡില്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. തെരുവുനായക്കളുടെ ശല്യം കുറയ്ക്കാന്‍ നടപടികള്‍ ആരംഭിക്കണം. നഗരത്തില ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലിസും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കെ ടി തോമസ് അധ്യക്ഷത വഹിച്ചു.  വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss