|    May 26 Sat, 2018 7:32 am

ഉദ്യോഗസ്ഥരുടെ അഭാവം; ജില്ലയിലെ പദ്ധതികള്‍ താളം തെറ്റുന്നു

Published : 4th November 2016 | Posted By: SMR

കാസര്‍കോട്: ആവശ്യത്തിന് ജീവനക്കാരും ഉദ്യോഗസ്ഥരും ഇല്ലാത്തതിനാല്‍ ജില്ലയിലെ പദ്ധതി നടത്തിപ്പ് അവതാളത്തിലാകുന്നു. ഇന്ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജില്ലയുടെ ദുരവസ്ഥ വിവരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിവേദനം നല്‍കും. ജില്ലാ ആസൂത്രണ സമിതി യോഗങ്ങള്‍ അടക്കമുള്ള യോഗങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ഇനിയും അനാസ്ഥ തുടരുകയാണ്. കാസര്‍കോട് വികസന പാക്കേജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ് എന്നിവയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഇവയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. ലോക്കല്‍ സെല്‍ഫ് ഗവര്‍മെന്റ് (എല്‍എസ്ജിഡി)യില്‍ 42 അസി. എന്‍ജിനിയര്‍മാര്‍ വേണ്ടിടത്ത് 18 പേര്‍ മാത്രമാണുള്ളത്. ഏഴ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ സ്ഥാനത്ത് മൂന്നുപേര്‍ മാത്രമാണുള്ളത്. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ നേരത്തെ സ്ഥലംമാറിപോയിരുന്നു. ഇപ്പോള്‍ കണ്ണൂരിലുള്ള ഒരാള്‍ക്കാണ് ചൂമതല. ഇതോടെ ജില്ലാ പഞ്ചായത്തും പഞ്ചായത്തുകളും നടപ്പിലാക്കേണ്ട പദ്ധതികള്‍ പൂര്‍ണ്ണമായും മുടങ്ങിയിട്ടുണ്ട്. കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവിടെ കൂടുതലായി എത്തുന്നത്. എന്നാല്‍ വന്നയുടനെ തന്നെ സ്ഥലംമാറ്റംവാങ്ങി പോകുന്നതിനാല്‍ പകരം നിയമനം നടക്കുന്നില്ല. പലരും ഡെപ്യൂട്ടേഷനിലാണ് ജോലിക്ക് എത്തുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ രോഗികളും ഏറെ ദുരിതത്തിലാണ്. ഹൈസ്‌കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് കൂടുതല്‍ അധ്യാപകരും ജോലിചെയ്യുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗസ്റ്റ് ലക്്ചറര്‍മാരാണ് ജോലിചെയ്യുന്നത്. ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ അതിര്‍ത്തി മേഖലകളിലും ഏറെ പ്രതിസന്ധി നേരിടുന്നുണ്ട്. മാര്‍ച്ചിന് മുമ്പ് തീര്‍ക്കേണ്ട പദ്ധതികള്‍ പലതും ആരംഭിക്കാനായിട്ടില്ല. പഞ്ചായത്തുകളിലും ആവശ്യത്തിന് ജീവനക്കാരില്ല. ഗുണഭോക്താക്കള്‍ക്ക് വിവിധ ആനൂകൂല്യങ്ങള്‍ നല്‍കേണ്ട സമയത്ത് ജീവനക്കാരില്ലാത്തത് പഞ്ചായത്ത് ഭരണസമിതികളേയും കുഴക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതികള്‍ പാതിവഴിയിലാണ്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിനായി മുളിയാറില്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥരുടെ കുറവ് മൂലം സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സാമൂഹിക നീതിവകുപ്പില്‍ ജോലിക്ക് എത്തിയ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് ഹാജരായി ട്രാന്‍സ്ഫര്‍ വാങ്ങി സ്വദേശത്തേക്ക് തിരിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മെഡിക്കല്‍ ക്യാംപ് നടന്നിട്ട് മൂന്നു വര്‍ഷത്തിലേറെയായി. ഇതുമൂലം ഈ മേഖലയിലെ രോഗികളും ഏറെ ദുരിതത്തിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള യാത്ര കാസര്‍കോട് നിന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അന്ന് പിണറായി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഭരണത്തിലേറി ആറ് മാസമായിട്ടും ഈ മേഖലയിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സന്‍സത് ആയോഗ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി സമരത്തിനിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കേണ്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പദ്ധതികള്‍ പലതും പാതിവഴിയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss