|    Aug 21 Mon, 2017 9:09 pm
FLASH NEWS

ഉദ്യോഗസ്ഥരുടെ അനാസ്ഥ; ചേറൂര്‍ റോഡ് വികസനം സര്‍വേ കുരുക്കില്‍

Published : 11th November 2016 | Posted By: SMR

തൃശൂര്‍: സര്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ചേറൂര്‍ റോഡ് വികസനം അവതാളത്തില്‍. ചേറൂര്‍ റോഡ് മെക്കാഡം ടാറിങ് ഉള്‍പ്പടെ നവീകരണത്തിന് പിഡബ്ല്യൂഡി ആറ് മാസം മുമ്പ് കരാര്‍ നല്‍കിയതാണ്. റോഡ് സര്‍വേ നടത്തി നല്‍കാന്‍ സര്‍വേ സൂപ്രണ്ട് ഓഫിസ് തയാറാവാത്തതിനാല്‍ ഇതുവരെ കരാറുകാരന് പണി തുടങ്ങാനായിട്ടില്ല. തുടര്‍ന്ന് സ്ഥലം എംഎല്‍എ കൂടിയായ കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ സര്‍വേ സൂപ്രണ്ടിനെ ഒന്നരമാസം മുമ്പ് നേരിട്ട് വിളിച്ച് അടിയന്തരമായി സര്‍വേ നടത്തി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. രണ്ട് മൂന്ന് ദിവസത്തിനകം സര്‍വേ തുടങ്ങുമെന്ന് മന്ത്രിയുടെ ഓഫിസില്‍ നിന്നും അറിയിച്ചതുമാണ്. പക്ഷേ ഇതുവരെ സര്‍വേ നടത്തി നല്‍കാന്‍ സര്‍വേ സുപ്രണ്ട് ഓഫിസ് തയാറായിട്ടില്ല. നിരവധി തവണ സര്‍വേ സൂപ്രണ്ട് ഓഫിസില്‍ നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് സിപിഎം കൗണ്‍സിലര്‍മാരായ പികൃഷ്ണന്‍കുട്ടി മാസ്റ്ററും പ്രേംകുമാരനും പറയുന്നു. ചേറൂര്‍ റോഡ് റീസര്‍വേ പൂര്‍ത്തിയാക്കി കല്ലിട്ടതാണ്. ആ നിലയില്‍ വളരെ പരിമിതമായ സര്‍വേ നടപടി മാത്രമേ ആവശ്യമായി വരുന്നുള്ളൂ. അതിര്‍ത്തികളില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സര്‍വേ വിഭാഗം സര്‍വേ നടത്തി അതിര്‍ത്തി കാണിച്ചു നല്‍കാതെ റോഡരിരിലെ കാന നിര്‍മാണം തുടങ്ങാനാകില്ലെന്നാണ് പിഡബ്ല്യൂഡി വിഭാഗം പറയുന്നത്.സര്‍വേ സൂപ്രണ്ട് ഓഫിസും പിഡബ്യൂഡിയും തമ്മിലുള്ള ശീതസമരമാണ് നഗരത്തിലെ ഒരു പ്രധാന റോഡിന്റെ വികസനം തന്നെ അട്ടിമറിയുന്ന സാഹചര്യത്തിന് കാരണമെന്നും പറയുന്നുണ്ട്. സര്‍വേക്ക് ചെയിന്‍മാരില്ലാത്തതിനാല്‍ പിഡബ്ല്യൂഡിക്കാര്‍ കൂലിക്കു ആളെ നല്‍കാറുണ്ട്. പെരിങ്ങാവ് ജങ്ഷന്‍ സര്‍വേ നടത്തിയ വകയില്‍ 8500 രൂപ ഇനിയും നല്‍കിയിട്ടില്ലെന്നാണ് സര്‍വേ സൂപ്രണ്ട് ഓഫിസ് പറയുന്നത്. എന്നാല്‍ കൃത്യമായി സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിച്ച് നല്‍കാത്തതുകൊണ്ടാണ് പണം നല്‍കാന്‍ കഴിയാതിരുന്നതെന്നാണ് പിഡബ്ല്യൂ ഡി വിശദീകരണം. പൊതു താല്‍പര്യമെന്ന നിലയില്‍ ഇരു വിഭാഗവും വിട്ടുവീഴ്ചക്കു തയ്യാറാകുന്നില്ല.ആ നിലയിലാണ് മന്ത്രി വിഎസ് സുനില്‍കുമാര്‍ തന്നെ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെട്ടത്. രണ്ട് മൂന്ന് ദിവസത്തിനകം സര്‍വേ നടത്തി നല്‍കാമെന്ന സര്‍വേ സൂപ്രണ്ടിന്റെ വാഗ്ദാനം മന്ത്രിക്ക് ലഭിച്ചുവെങ്കിലും ഒന്നരമാസം പിന്നിട്ടിട്ടും വാഗ്ദാനം പാലിക്കാന്‍ സര്‍വേ സൂപ്രണ്ട് തയ്യാറായിട്ടില്ല.ചെമ്പൂക്കാവില്‍നിന്നും രാമവര്‍മപുരം ആകാശവാണി നിലയംവരെ ചേറൂര്‍ റോഡ് 3.6 കിലോമീറ്റര്‍ ദൂരം മെക്കാഡം ടാറിങ്ങ് നടത്തി നവീകരിക്കാന്‍ നാലു കോടി രൂപയുടെ എസ്റ്റിമേറ്റിലുള്ളതാണ് കരാര്‍. ഇരുഭാഗത്തും കാനകളും അത്യാവശ്യം ഫുട്പാത്തും കിണര്‍ ജങ്ഷന്‍, പള്ളിമൂല ജങ്ഷന്‍ എന്നിവിടങ്ങളില്‍ സൗന്ദര്യവല്‍ക്കരണവുമാണ് പദ്ധതി. രണ്ട് വര്‍ഷം മുമ്പ് ദേശീയ ഗെയിംസിന്റെ ഭാഗമായി നവീകരണം നടപ്പാക്കാന്‍ ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കിയതാണെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ റദ്ദായതായിരുന്നു. വീണ്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കിയ കരാറാണ് നടപ്പാക്കാനാവാതെ മരാമത്ത് വിഭാഗവും ഉഴലുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക