|    Jul 20 Fri, 2018 11:55 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉദ്യോഗസ്ഥരില്ല; പഞ്ചായത്തുകളില്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ പാളുന്നു

Published : 31st October 2016 | Posted By: SMR

panchayat-infocus

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുന്നു. പഞ്ചായത്തുകളുടെ വികസന സമിതികള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് നേതൃത്വം വഹിക്കേണ്ട പ്രധാന ഉദ്യോഗസ്ഥരുടെ തസ്തികകളാണ് കാലങ്ങളായി നികത്താതെ കിടക്കുന്നത്.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നിര്‍ണായക ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് വേണ്ടത്ര താല്‍പ്പര്യം കാണിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം. പഞ്ചായത്തുകള്‍ ഏറ്റെടുത്തു നടപ്പാക്കുന്ന പൊതുമരാമത്ത് ജോലികള്‍, മാലിന്യനിര്‍മാര്‍ജനം, ക്ഷേമപദ്ധതികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമെടുക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നീ തസ്തികകളിലായി ആകെ 999 ഒഴിവുകളുണ്ടെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ മാത്രം 230 സെക്രട്ടറിമാരുടെ തസ്തിക നികത്താനായിട്ടില്ല. ഇതില്‍ 178 ഒഴിവുകളും ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഗ്രാമപ്പഞ്ചായത്തുകളിലാണ്. പഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറി- 57, അസിസ്റ്റന്റ് എന്‍ജിനീയര്‍- 91, ഒന്നാംതരം ഓവര്‍സിയര്‍- 222, രണ്ടാംതരം ഓവര്‍സിയര്‍- 32, മൂന്നാംതരം ഓവര്‍സിയര്‍- 367 എന്നിങ്ങനെയാണ് മറ്റൊഴിവുകള്‍. സെക്രട്ടറിമാരുടെ ഒഴിവുകള്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 27 സെക്രട്ടറി തസ്തികകളാണ് നികത്താനുള്ളത്. വയനാട്ടില്‍ മൂന്നും. കോട്ടയം- 26, പാലക്കാട്, തൃശൂര്‍- 21 വീതം, ആലപ്പുഴ- 16, കണ്ണൂര്‍- 14, പത്തനംതിട്ട- 13, എറണാകുളം, കാസര്‍കോട്- 12 വീതം, ഇടുക്കി- 7, കോഴിക്കോട്- 6 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
ഉയര്‍ന്ന തസ്തികകള്‍ക്ക് പുറമെ ക്ലറിക്കല്‍ തസ്തികകളിലും ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. സെക്രട്ടറി ഉള്‍പ്പെടെ നിര്‍ണായക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതുമൂലം ഗ്രാമപ്പഞ്ചായത്തുകളുടെ ഭരണനിര്‍വഹണത്തിനും പദ്ധതി നടത്തിപ്പിനും ബുദ്ധിമുട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ തസ്തികകളില്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തത് വികസന മുരടിപ്പിന് കാരണമാവുന്നതായാണ് വിലയിരുത്തല്‍. സെക്രട്ടറിമാരുടെ അഭാവത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി, അല്ലെങ്കില്‍ ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക് എന്നിവര്‍ക്ക് അധികച്ചുമതല നല്‍കുകയാണിപ്പോള്‍.
ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്ത് നിയമനനടപടികള്‍ സ്വീകരിക്കുന്നതില്‍ വകുപ്പിന്റെ അലംഭാവമാണ് പ്രതിസന്ധിക്കിടയാക്കിയത്. അസിസ്റ്റന്റ് എന്‍ജിനീയര്‍, ഒന്നാംതരത്തിലെയും രണ്ടാംതരത്തിലെയും ഓവര്‍സിയര്‍ തസ്തികകളിലേക്ക് പിഎസ്‌സി പരീക്ഷ നടത്തിയെങ്കിലും ഇതുവരെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. മൂന്നാംതരം ഓവര്‍സിയര്‍ തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിന് ഇതുവരെ പരീക്ഷ പോലും പിഎസ്‌സി നടത്തിയിട്ടില്ല. സ്ഥാനക്കയറ്റം വഴിയുള്ള നിയമനങ്ങള്‍ മാത്രമാണിപ്പോള്‍ നടക്കുന്നത്. പഞ്ചായത്തുകളിലെ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് പുതിയ തസ്തിക സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്റ്റാഫ് സംവിധാനത്തെക്കുറിച്ച് പഞ്ചായത്ത് ഡയറക്ടര്‍, സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസര്‍ എന്നിവര്‍ അംഗങ്ങളായ രണ്ടംഗ സമിതി പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ആറംഗ സമിതി വിശദപഠനം നടത്തി സമര്‍പ്പിച്ച ശുപാര്‍ശകളും ഫയലില്‍ ഉറങ്ങുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss