|    Oct 19 Thu, 2017 5:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉദ്യോഗസ്ഥതല യോഗം വിജയകരം; ആളിയാറില്‍ നിന്ന് 300 ഘനയടി വെള്ളം വിട്ടുതരും

Published : 12th October 2016 | Posted By: SMR

പാലക്കാട്: ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയില്‍ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ കേരളത്തിന് സെക്കന്‍ഡില്‍ 300 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ തീരുമാനം. പൊള്ളാച്ചിയിലെ പിഎപി സര്‍ക്കിള്‍ ഓഫിസില്‍ തിങ്കളാഴ്ച നടന്ന ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥതല യോഗത്തിലാണ് 15 ദിവസത്തിന് വെള്ളം ആളിയാറില്‍നിന്നു വിട്ടുനല്‍കാന്‍ ധാരണയായിട്ടുള്ളത്.
പറമ്പിക്കുളത്തെ വെള്ളം സര്‍ക്കാര്‍പതി പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചശേഷം സെക്കന്‍ഡില്‍ 900 ഘനയടി വെള്ളം കൊണ്ടൂരിലൂടെ തിരുമൂര്‍ത്തിയിലേക്ക് കടത്തിയിരുന്നു. ഇപ്പോള്‍ അതില്‍നിന്ന് 300 ഘനയടി ആളിയാറില്‍ നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് തുറന്നുവിട്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആളിയാര്‍ ഡാമിന്റെ കേരളത്തിലേക്കുള്ള ഷട്ടര്‍ പൂര്‍ണമായി അടച്ചിരുന്നു. കര്‍ഷകരുടെയും രാഷ്ട്രീയ സംഘടനകളുടെയും പ്രതിഷേധങ്ങള്‍ കൃത്യമായി യോഗത്തില്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചു. അതിനാലാണ് തിങ്കളാഴ്ച തന്നെ വെള്ളം വിട്ടുനല്‍കിത്തുടങ്ങാന്‍ ധാരണയായത്.
ജലദൗര്‍ലഭ്യം നേരിടുന്ന ചിറ്റൂര്‍ താലൂക്കിലെ കര്‍ഷകര്‍ക്കും കുടിവെള്ളത്തിനായി ചിറ്റൂര്‍ പുഴയെ ആശ്രയിക്കുന്ന പഞ്ചായത്തുകള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. രണ്ടാഴ്ചയ്ക്കകംതന്നെ ഈ വര്‍ഷത്തെ പറമ്പിക്കുളം ആളിയാര്‍ സംയുക്ത ജലക്രമീകരണ യോഗം നടത്താമെന്നും തീരുമാനമായി.
നിലവില്‍ അധ്യക്ഷസ്ഥാനം വഹിക്കുന്ന കേരളത്തിലെ ഉദ്യോഗസ്ഥരുടെ പിടിപ്പു കേടുകാരണം പത്തുമാസമായി യോഗം വൈകിയിരിക്കുകയാണ്. എന്നാല്‍, തമിഴ്‌നാട് പങ്കെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ജലക്രമീകരണ യോഗം ചേരുന്ന തിയ്യതി പിന്നീട് തീരുമാനിക്കും.യോഗത്തില്‍ സംയുക്ത നദീജല സൂപ്രണ്ട് എന്‍ജിനീയര്‍  ഇളങ്കോവന്‍, ജോയിന്റ് ഡയറക്ടര്‍ സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക