|    Aug 23 Wed, 2017 11:50 am

ഉദ്യാനറാണിയില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും കുറവ്

Published : 22nd June 2017 | Posted By: fsq

 

മലമ്പുഴ: കേരളത്തിന്റെ ഉദ്യാനറാണിയായ മലമ്പുഴ ഉദ്യാനം കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇത്തവണ ഗണ്യമായ കുറവ്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ ഉദ്യാനത്തിന് 18.8 ലക്ഷം രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇത് 18 ലക്ഷമായി ചുരുങ്ങി. 80,000 രൂപയുടെ കുറവാണ് ഇപ്പോള്‍ ഉണ്ടായത്്. വിഷുദിനത്തില്‍ കഴിഞ്ഞ വര്‍ഷം 2.3 ലക്ഷം ലഭിച്ചപ്പോള്‍  ഇത്തവണ 10,000 കുറഞ്ഞിരുന്നു. അതേസമയം ഏപ്രില്‍  അവസാന ആഴ്ചകളിലും ഉദ്യാനത്തിന് ലഭിക്കുന്ന വരുമാനത്തില്‍ കാര്യമായ ഉയര്‍ച്ചയുണ്ടായില്ലെന്നാണ് ജലസേചന വകുപ്പധികൃതര്‍ പറയുന്നത്. അവധിക്കാലത്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ എത്തുന്നത് ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഉദ്യാനത്തിലെ കാഴ്ചകള്‍ മങ്ങിയതും മുന്‍വര്‍ഷങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്‍പ്പെടെ വിനോദ സഞ്ചാരികള്‍ അനുഭവിച്ച ദുരിതവുമാണ് ഇത്തവണ അവധിക്കാലത്ത്്് സഞ്ചാരികള്‍ കുറയുന്നതിന് പ്രധാനമായും വഴിയൊരുക്കിയത്. മാത്രവുമല്ല, കടുത്തചൂടും ജില്ലയ്ക്കകത്തുനിന്ന് സഞ്ചാരികളെത്തുന്നതിനും തടസ്സമായിരുന്നു. ഉദ്യാനത്തിന് സമീപത്തെ സ്ഥാപനങ്ങളിലും വരുമാനം നേര്‍പകുതിയായതായി കച്ചവടക്കാര്‍ പറയുന്നു. സഞ്ചാരികള്‍ നന്നേ കുറവായ മാര്‍ച്ച്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ കച്ചവടക്കാര്‍ക്കുണ്ടാവുന്ന നഷ്ടം നികത്തുന്നത് ഏപ്രില്‍, മെയ് മാസങ്ങളിലെ കച്ചവടം കൊണ്ടാണ്. 2012ല്‍ നവീകരണ പ്രവൃത്തികള്‍ ഭാഗികമായി പൂര്‍ത്തിയാക്കിയശേഷം ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത് 2013 ലാണ്. എന്നാല്‍, അതിന് തൊട്ടടുത്ത രണ്ടുവര്‍ഷങ്ങളില്‍ ഉദ്യാനത്തിന്  ലഭിച്ച വരുമാനത്തില്‍ കുറവുണ്ടായി. പിന്നീട് 2016ല്‍ തൊട്ടു മുന്‍പത്തേ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനയും ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക