|    Feb 25 Sat, 2017 3:24 pm
FLASH NEWS

ഉദ്ഘാടനം കഴിയാത്ത പോലിസ് പാര്‍പ്പിട സമുച്ചയം നശിക്കുന്നു

Published : 28th November 2016 | Posted By: SMR

കോഴിക്കോട്: നാല്‍പത്തിയെട്ട് പോലിസുകാരുടെ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വിധം നഗരമധ്യത്തില്‍ ഒരുക്കുന്ന സുരക്ഷിതപാര്‍പ്പിട സമുച്ചയം ഉദ്ഘാടനത്തിനും മുമ്പേ നശിച്ചു തുടങ്ങി. ഉദ്ഘാടനം നടക്കാതെ വര്‍ഷങ്ങളായി ഈ പോലിസ് കെട്ടിട സമുച്ചയം ചില്ലു വാതില്‍പൊളികള്‍ തകര്‍ന്ന അവസ്ഥയില്‍ നോക്കുകുത്തിയായി റാംമോഹന്‍ റോഡിനു നിലയുറപ്പിച്ചു നില്‍ക്കുകയാണ്. അതേസമയം, പാവമണി റോഡിലെ പഴകി ദ്രവിച്ച പഴയ ക്വാര്‍ട്ടേഴ്‌സ് മുറികളില്‍ പോലിസുകാരുടെ കുടുംബം നരക തുല്യജീവിതം തുടരുകയും ചെയ്യുന്നു. സംസ്ഥാന പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയുടെ തെളിവായി മാറുകയാണ് കോടികള്‍ മുടക്കിയ ഈ കെട്ടിട സമുച്ചയം. ചുറ്റുമതിലോ കവാടങ്ങളോ ഇല്ലാതെ കാടു മൂടിക്കുന്ന കെട്ടിടം പിങ്ക്‌നിറമുള്ള ചായം പൂശി കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് പൂര്‍ത്തീകരിച്ചതാണ്. ഈ കെട്ടിട സമുച്ചയവും ഇതിനോട് തന്നെ തൊട്ടുകിടക്കുന്ന ക്രൈംബ്രാഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് കെട്ടിടവും നിര്‍മിക്കാന്‍ 2004ല്‍ ഒരുമിച്ചാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനമെടുക്കുന്നത്. എന്നാല്‍ ക്രൈം ബ്രാഞ്ച് ഓഫിസ് കെട്ടിടം 2011ല്‍ എല്ലാ സൗകര്യങ്ങളോടും കൂടി പണി പൂര്‍ത്തിയാക്കി. ഫെബ്രുവരിയില്‍ ഉദ്ഘാടനവും കഴിഞ്ഞു. ഇപ്പോള്‍ അഞ്ചു വര്‍ഷത്തിലേറെ കാലമായി ക്രൈംബ്രാഞ്ച് ഓഫിസ് പ്രവര്‍ത്തനം തുടരുന്നു. എന്നാല്‍ കൂടെ പണി തുടങ്ങിയ പോലിസ് ക്വാര്‍ട്ടേഴ്‌സിനായുള്ള നാലു നിലകളുള്ള മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. മാസങ്ങള്‍ക്കു മുമ്പ് ഈ പണി പൂര്‍ത്തീകരിക്കാത്ത കെട്ടിട സമുച്ചയത്തോട് ചേര്‍ന്ന പൊട്ടക്കിണറ്റില്‍ തമിഴ്‌നാട്ടുകാരനെന്ന് സംശയിക്കുന്ന ഒരാളുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. പ്രദേശമാകെ രാത്രിയില്‍ വെളിച്ചം പോലുമില്ലാതെ കാടുമൂടിയ അവസ്ഥയിലാണ്. തൊട്ടടുത്ത് ക്രൈംബ്രാഞ്ച് ഓഫിസ് പ്രവര്‍ത്തിക്കുന്നതുകൊണ്ട് മാത്രമാണ് സാമൂഹികവിരുദ്ധര്‍ രാപാര്‍ക്കാന്‍ ഇവിടെ എത്താത്തത്. രണ്ട് കിടപ്പു മുറികളുള്ള 48 ഫഌറ്റുകളാണ് എല്ലാ ജോലികളും തീര്‍ത്ത് നില്‍ക്കുന്നത്. ഒന്നു രണ്ട് തവണ കരാറുകാര്‍ ജോലി ഉപേക്ഷിച്ചുപോയ സംഭവമുണ്ട്. ക്വാര്‍ട്ടേഴ്‌സ് കെട്ടിടം പണിതു തുടങ്ങിയതിനു ശേഷം ഏകദേശം ഏഴിലേറെ ബഹുനില വ്യാപാര സമുച്ചയങ്ങള്‍ ഈ റോഡില്‍ ഉയര്‍ന്നിട്ടുമുണ്ട്. പോലിസ് സേനാ അംഗങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന പാവമണി റോഡിലെ പാര്‍പ്പിട സമുച്ചയത്തിന്റെ ശോചനീയാവസ്ഥയില്‍ നിന്നു അവിടെ രാപാര്‍ക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായി താമസിപ്പിക്കാന്‍ വൈകുന്നതില്‍ പോലിസുകാര്‍ക്കും അമര്‍ഷമുണ്ട്. നിലവില്‍ ഈ സമുച്ചയത്തില്‍ കെട്ടിട നിര്‍മാണ തൊഴിലാളികളായ ഇതരസംസ്ഥാനക്കാരാണ് താമസം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക