|    Oct 18 Thu, 2018 10:58 am
FLASH NEWS

ഉദ്ഘാടനം കഴിഞ്ഞ കുടിവെള്ള പദ്ധതിയുടെ ട്രയല്‍റണ്ണിനിടെ പൈപ്പ് പൊട്ടല്‍ പതിവായി ; ആശങ്ക ഒഴിയാതെ കുമളി നിവാസികള്‍

Published : 16th September 2017 | Posted By: fsq

 

കുമളി: ഉദ്ഘാടനം കഴിഞ്ഞ കുടിവെള്ള പദ്ധതിയുടെ ട്രയല്‍ റണ്ണിനിടെ പൈപ്പ് പൊട്ടല്‍ പതിവായി. ഇതോടെ, കുമളി നിവാസികളുടെ ഉറക്കവും നഷ്ടപ്പെട്ടിരിക്കുകയാണ്. ജനവാസ കേന്ദ്രത്തിലെ ഏറ്റവും വലിയ ജലബോംബായി മാറിയിരിക്കുകയാണ്. സംഭരണ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. അപകടം വഴിമാറിയത് തലനാരിഴയ്ക്കാണ്. കഴിഞ്ഞ വൈകീട്ട് മൂന്നരയോടെയാണ് കുമളി മൂന്നാര്‍ റോഡില്‍ ഒന്നാം മൈല്‍ ടൗണിന് സമീപത്തായാണ് ത്വരിത ഗ്രാമീണ ശുദ്ധ ജലവിതരണ വിതരണ പദ്ധതിയുടെ കൂറ്റന്‍ പമ്പിംഗ് ലൈന്‍ പൊട്ടിയത്. ഒന്നാം മൈലില്‍ ഹുണ്ടായ് ഷോറൂമിന് മുമ്പിലെ പാലത്തിന് മുകളിലൂടെ കടന്നു പോകുന്ന കൂറ്റന്‍ പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് മുപ്പത് അടിയോളം ഉയരത്തിലാണ് വെള്ളം ചീറ്റിത്തെറിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. അര മണിക്കൂറോളം സമയം ഇവിടെ മലവെള്ളപ്പാച്ചിലിന് സമാനമായ ജലമൊഴുക്കാണ് അനുഭവപ്പെട്ടത്.  അടുത്തിടെയാണ് ഇതുവഴി കടന്നു പോകുന്ന കൂറ്റന്‍ പൈപ്പ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തിയത്. ജലത്തിന്റെ മര്‍ദ്ധത്തെ തുടര്‍ന്ന് കോണ്‍ക്രീറ്റ് ബലപ്പെടുത്തല്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടെ നിന്നും ഇളകിത്തെറിച്ച കോണ്‍ക്രീറ്റ് കഷണങ്ങളില്‍ നിന്നും ആളുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തിയതോടെയാണ് ആളുകള്‍ക്ക് ആശ്വാസമായത്. ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി. പൈപ്പുകള്‍ തമ്മിലുള്ള ജോയിന്റിലെ ബീഡിംഗിന് തകരാര്‍ സംഭവിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ആഗസ്റ്റ് 28ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്  നിര്‍വ്വഹിച്ചിരുന്നു. എന്നാല്‍ അവസാന ഘട്ട ജോലികള്‍ക്കിടെ ഉദ്ഘാടനത്തിന് ഏതാനും ദിവസം കുമളി കുരിശുമലയില്‍ ഇത്തരത്തില്‍  പൈപ്പ് പൊട്ടി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഒഴുകി പോകുകയും റോഡ് തകരുകയും ചെയ്തിരുന്നു. ഒന്നാം മൈലിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും കുരിശുമലയിലുള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് കയറ്റുന്നതിനിടെയായിരുന്നു സംഭവം കുരിശുമലയില്‍ സ്ഥാപിച്ചിട്ടുള്ള മൂന്നര ലക്ഷത്തോളം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്തത്. സമീപ പ്രദേശത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ് കരുശുമല. ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും മൂന്നര കിലോമീറ്ററോളം അകലെ 52 മീറ്ററോളം ഉയരത്തിലാണ് കുരിശുമലയിലെ ടാങ്ക് സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് തന്നെ ജനവാസ മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള ഏറ്റവും കൂടുതല്‍ ഉയരവും സംഭരണ ശേഷിയുമുള്ള ഏക പദ്ധതിയാണിത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss