|    Nov 20 Mon, 2017 6:03 am
FLASH NEWS

ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയില്ല

Published : 2nd August 2017 | Posted By: fsq

 

വാണിമേല്‍: സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷമായിട്ടും വാണിമേല്‍ പരപ്പുപാറയിലെ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയില്ല. ഈ വര്‍ഷം സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അധ്യാപകരെ കണ്ടെത്താന്‍ പഞ്ചായത്ത് ശ്രമം തുടങ്ങിയെങ്കിലും ഒരാളെയും കിട്ടിയില്ല. വാണിമേലിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ഇക്കുറിയും വീട്ടില്‍ തന്നെ കഴിയേണ്ട സ്ഥിതിയാണുള്ളത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സ്‌പെഷ്യല്‍ സ്‌കൂള്‍ എന്ന നിലയില്‍ ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങണമെന്ന് സാമൂഹുക്ഷേമ വകുപ്പാണ് നിര്‍ദേശിച്ചത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന, പൊതു വിദ്യാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ കഴിയാത്ത കുട്ടികളെ സംരക്ഷിക്കാനും അവര്‍ക്ക് ആവശ്യമായ ജീവിത നൈപുണികള്‍ നേടുന്നതിന്നും സഹായിക്കാന്‍ വേണ്ടിയാണ് ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പഞ്ചായത്തിലെ അത്തരം കുട്ടികളെ അതേ പഞ്ചായത്തില്‍ തന്നെ പഠിപ്പിക്കണമെന്നാണ് നിര്‍ദേശം. അതിനാല്‍ വാണിമേലിലെ കുട്ടികളെ സമീപത്തെ ബഡ്‌സ് സ്‌കൂളില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. സമീപ പഞ്ചായത്തുകളിലെല്ലാം ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.    പതിനഞ്ചോളം കുട്ടികളാണ് സ്‌കൂളില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത്. വീടുകളിലെത്തി അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ട്രെയിനര്‍മാരെ നല്‍കണം. എന്നാല്‍, പരിശീലനം ലഭിച്ച ആളുകളെ ലഭിക്കാത്തതിനാല്‍ അതും നടക്കുന്നില്ല. ബഡ്‌സ് സ്‌കൂളില്‍ അധ്യാപികയാകാന്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ ഉള്ളവരായിരിക്കണം.  വാണിമേല്‍ പഞ്ചായത്ത് കഴിഞ്ഞ മാസമാണ് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചത്. അധ്യായന വര്‍ഷം തുടങ്ങി രണ്ട് മാസം കഴിഞ്ഞ സാഹചര്യത്തില്‍ പരിശീലനം ലഭിച്ച അധ്യാപകരെ കിട്ടാന്‍ സാധ്യതയില്ല. സര്‍ക്കാര്‍ നല്‍കുന്ന വേതനം ചെറുതായതിനാല്‍ നിലവിലുള്ള സ്ഥലത്ത് നിന്ന് ജോലി ഒഴിവാക്കി വരാന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സന്നദ്ധരല്ല.  കഴിഞ്ഞ മാസം നടന്ന ഇന്റര്‍വ്യൂവിന് ഒരാള്‍പോലും എത്തിയിരുന്നില്ല. സ്‌കൂളിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകളോ മറ്റ് സൗകര്യങ്ങളോ ഒരുക്കാതെ 2015 സപ്തംബറില്‍ തിരക്കിട്ട് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ്  ഉദ്ഘാടനം ചെയ്തതായി വരുത്തിതീര്‍ക്കാന്‍ കെട്ടിടം മാത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക