|    Mar 24 Sat, 2018 1:52 pm
FLASH NEWS

ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നാണ്ട്; കളമശ്ശേരി സബ് ട്രഷറി പ്രവര്‍ത്തനം എന്നാരംഭിക്കുമെന്നറിയാതെ നാട്ടുകാര്‍

Published : 30th November 2016 | Posted By: SMR

കളമശ്ശേരി: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷവും ഒമ്പതുമാസവും പിന്നിട്ടിട്ടും കളമശ്ശേരി സബ്ട്രഷറിയുടെ പ്രവര്‍ത്തനം ഇനിയും ആരംഭിച്ചിട്ടില്ല. കളമശ്ശേരി സബ്ട്രഷറിയുടെ അധികാരപരിധിയായ കളമശ്ശേരി, ഏലൂര്‍ നഗരസഭകളും സമീപത്തെ ആറ് പഞ്ചായത്തുകളെയും ഉള്‍പെടുത്തി പരിധി നിര്‍ണയിച്ച് 2014 ജനുവരി 13ന് ഉത്തരവാകുകയും ആര്‍ബിഐയുടെ അനുമതിയും ലഭിച്ചിരുന്നു. കൂടാതെ ട്രഷറിയിലേക്കുള്ള ജീവനക്കാരെയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങി. ഇതിനെത്തുടര്‍ന്ന് 2014 ഫെബ്രുവരി 28ന് എച്ച്എംടി ജങ്ഷനിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ കളമശ്ശേരി സബ്ബ് ട്രഷറിയുടെ ഉദ്ഘാടനം അന്നത്തെ ധനമന്ത്രി കെ എം മാണി ഉദ്ഘാടനം ചെയ്തിരുന്നു. പിന്നീട് ചില സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് സബ് ട്രഷറിയുടെ പ്രവര്‍ത്തനത്തിനായി പത്തടിപ്പാലത്തെ പൊതുമരാമത്ത് കോംപ്ലക്‌സില്‍ ട്രഷറിക്കായി സ്ഥലം അനുവദിച്ചു. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി സബ്ട്രഷറി ഓഫിസറെ നിയമിക്കുകയും ചെയ്തു. ട്രഷറിയിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ടെലഫോണ്‍ കണക്ഷനും നല്‍കി. ട്രഷറിക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിനല്‍കി. എന്നിട്ടും ട്രഷറി തുറന്നുപ്രവര്‍ത്തിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ട്രഷറിക്ക് ആവശ്യമായ കംപ്യൂട്ടര്‍ സിസ്റ്റം ലഭ്യമാക്കുന്നതിന് ഏപ്രിലില്‍ 5,30,000 രൂപയുടെ ടെന്‍ഡറിന് ധനകാര്യവകുപ്പ് അനുമതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ കംപ്യൂട്ടര്‍ സിസ്റ്റം ശരിയാവുന്ന ജോലി ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം ട്രഷറിയുടെ പ്രവര്‍ത്തനം തുടങ്ങാനാവാതെ നീളുകയാണ്. കളമശ്ശേരി സബ്ട്രഷറിക്കൊപ്പം തുടങ്ങിയ കോഴിക്കോട് ജില്ലയിലെ കുരാചുണ്ട്, വയനാട് ജില്ലയിലെ നടവയല്‍ എന്നീ ട്രഷറികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. 3000ത്തില്‍പരം സര്‍വീസ് പെന്‍ഷന്‍കാരും രണ്ട് നഗരസഭ, ആറ് പഞ്ചായത്ത്, രണ്ട് യൂനിവേഴ്‌സിറ്റികള്‍, വാട്ടര്‍ അതോറിറ്റി, എറണാകുളം മെഡിക്കല്‍ കോളജ്, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടാതെ കളമശ്ശേരി നിയോജകമണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ട്രഷറി ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ ആശ്രയിക്കുന്നത് എറണാകുളം, ആലുവ, കാക്കനാട് ട്രഷറികളെയാണ്. പെന്‍ഷന്‍ മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നതിന് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. ഇതിന് പരിഹാരം കാണുന്നതിനായിട്ടാണ് കളമശ്ശേരിയില്‍ സബ്ട്രഷറി ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം എങ്ങും എത്തിയിട്ടില്ല. കളമശ്ശേരിയില്‍ അനുവദിച്ച സബ്ട്രഷറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കളമശ്ശേരി, ഏലൂര്‍ നഗരസഭകളോ ട്രഷറിക്കു കീഴില്‍ വരുന്ന പഞ്ചായത്തുകളോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ മുന്നോട്ടുവന്നിട്ടില്ല. ഇത് വലിയ വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്. അതേസമയം കളമശ്ശേരി സബ് ട്രഷറിയുടെ പ്രവര്‍ത്തനം എത്രയും വേഗം തുടങ്ങാന്‍ ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കളമശ്ശേരി ടൗണ്‍ കമ്മിറ്റി സംസ്ഥാന ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന് നിവേദനം നല്‍കി കാത്തിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss