|    Oct 24 Tue, 2017 6:04 am
FLASH NEWS

ഉദ്ഘാടനം കഴിഞ്ഞിട്ട് എട്ടു വര്‍ഷം; പട്ടിക്കര അങ്കണവാടിയില്‍ വെള്ളവും വൈദ്യുതിയും ഇല്ല

Published : 7th October 2016 | Posted By: Abbasali tf

കേച്ചേരി: 2008ല്‍ കഴിഞ്ഞ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പട്ടിക്കര കിഴക്കുമുറി അങ്കണവാടിയില്‍ ഇതുവരെ വൈദ്യുതിയും കുടിവെള്ളവും ലഭ്യമായിട്ടില്ലെന്ന് പരാതി. കുന്നംകുളം എംഎല്‍എ ആയിരുന്ന ബാബു എം പാലിശ്ശേരിയുടെ വികസന ഫണ്ടില്‍ നിന്നും 1,90,000 രൂപ ചെലവഴിച്ച് പട്ടിക്കര കിഴക്കുമുറിയില്‍ നിര്‍മിച്ച 153ാം നമ്പര്‍ അങ്കണവാടിക്കാണ് ഈ ദുര്‍ഗതി. വേനലില്‍ കടുത്ത ചൂട് മൂലം കുരുന്നുകള്‍ക്ക് അങ്കണവാടിയില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രാഥമിക ആവശ്യത്തിനും മറ്റും വെള്ളം ഇല്ലാത്തതും അധ്യാപകരെ വലക്കുന്നുണ്ട്. അടുത്ത വീടുകളിലും റോഡിലെ കുടിവെള്ള പൈപ്പില്‍ നിന്നുമാണ് അങ്കണവാടിയിലെ ആവശ്യത്തിനുള്ള വെള്ളമെത്തിക്കുന്നത്. മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും അങ്കണവാടിയില്‍ വൈദ്യുതിയും കുടിവെള്ളവും എത്തിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് വാര്‍ഡ് മെംബറും പഞ്ചായത്ത് അധികൃതരും വൈദ്യുതി എത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നിട്ടും അങ്കണവാടിയോടുള്ള അവഗണന തുടരുകയാണ്. അങ്കനവാടി അധ്യാപകരും രക്ഷിതാക്കളും നിരവധി തവണ വാര്‍ഡ് മെംബറോടും പഞ്ചായത്ത് അധികൃതരോടും ഇതുസംബന്ധിച്ച് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഓണത്തിന് മുന്‍പ് അങ്കണവാടിയില്‍ വൈദ്യുതി എത്തിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും അതും വാഗ്ദാനത്തില്‍ ഒതുങ്ങുകയായിരുന്നു. വൈദ്യുതി എത്തിക്കാനുള്ള സാമ്പത്തിക ചെലവുകള്‍ വഹിക്കാന്‍ രക്ഷിതാക്കളില്‍ ചിലരും നാട്ടുകാരും തയ്യാറായിട്ടും നടപടിയെടുക്കാന്‍ തയ്യാറാവാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. നിരവധി കുരുന്നുകള്‍ പഠിക്കുന്ന അങ്കണവാടിയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ പട്ടിക്കര ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക