|    Jan 23 Mon, 2017 6:25 pm
FLASH NEWS

ഉദ്ഘാടനം കഴിഞ്ഞിട്ടും ആശുപത്രികെട്ടിടം പൂട്ടിക്കിടക്കുന്നു

Published : 14th October 2016 | Posted By: Abbasali tf

പാറശ്ശാല: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പാറശ്ശാല താലൂക്ക് ആശുപത്രിയിലെ പ്രസവമുറിയും സ്ത്രീകളുടെ വാര്‍ഡും അടങ്ങിയ പുതിയ കെട്ടിടം പൂട്ടിക്കിടക്കുന്ന നിലയില്‍. 2013 ല്‍ യുഡിഎഫിന്റെ ഭരണകാലത്ത് അന്നത്തെ ആരോഗ്യ മന്ത്രി വി എസ് ശിവകുമാറാണ് മാതൃശിശു വാര്‍ഡ്, നേത്ര ശസ്ത്രക്രിയ തിയേറ്റര്‍ എന്നിവയുടെ ശിലാസ്ഥാപനം നടത്തിയത്. 2016ല്‍ ഭരണാവസാനം കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കെട്ടിടം  ഇനിയും പ്രവര്‍ത്തനസജ്ജമാക്കണമെങ്കില്‍ ലക്ഷങ്ങ ള്‍ ചിലവഴിക്കേണ്ട അവസ്ഥയിലാണ്. വൃത്തിയും സ്ഥലസൗകര്യവും വേണ്ട പ്രസവമുറി പ്രവര്‍ത്തിക്കുന്നത് ഇടുങ്ങിയ മുറികളിലാണ്. 200ല്‍ അധികം കിടക്കകളും ആയിരത്തിലധികം പേര്‍ വന്നുപോകുന്ന ഓഫിസും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സാരമായി ബാധിച്ചിട്ടുണ്ട്.  സ്‌കാനിങ് സംവിധാനം നിലച്ചിട്ട് വര്‍ഷങ്ങളായി. എക്‌സ്‌റേ പരിശോധന അവതാളത്തിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. തമിഴ്‌നാട് അതിര്‍ത്തിയും ദേശീയപാതക്ക് സമീപവുമായതിനാല്‍ ഇവിടെ വാഹനാപകടങ്ങളില്‍പെട്ട് എത്തുന്നവര്‍ നിരവധിയാണ്. രാത്രികാല എക്‌സ്‌റേ ടെക്‌നീഷ്യന്റെ കുറവാണ് പരിശോധനകള്‍ക്ക് തടസ്സമെന്നാണ് അധികൃതര്‍ പറയുന്നത്. ആശുപത്രിയില്‍ പുതുതായി കോടികള്‍ ചിലവിട്ട് നിര്‍മിച്ച ഇരുനിലകെട്ടിടം സാങ്കേതിക പ്രശ്‌നങ്ങ ള്‍ കാരണം അടച്ചിട്ടിരിക്കുകയാണ്. പ്രസവമുറിയും വാര്‍ഡുകളും പ്രവര്‍ത്തിക്കേണ്ട കെട്ടിടത്തില്‍ റാമ്പ് ഉള്‍പ്പടെയുള്ളവ ഒരുക്കാതെ നിര്‍മാണം നടത്തിയതാണ് പ്രവര്‍ത്തനത്തിനു തടസ്സമായത്.  തിയേറ്ററിന് മുകളില്‍ ആശുപത്രി കാന്റീന്‍ പ്രവര്‍ത്തിപ്പിക്കുന്നത് രോഗികള്‍ക്ക് അണുബാധ ഉണ്ടാക്കാന്‍ കാരണമാവുമെന്നാരോപിച്ച് ഇവിടെ സമരങ്ങള്‍ നടന്നിരുന്നു. ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന പാറശ്ശാല പഞ്ചായത്ത് വക നിധി മെഡിക്കല്‍സില്‍ ആശുപത്രിയിലെ തന്നെ ഡോക്ടര്‍മാര്‍ എഴുതിവിടുന്ന വിലകൂടിയ മരുന്നുകള്‍ ലഭ്യമല്ലാത്തതും എക്‌സ്‌റേ, സ്‌കാനിങ് തുടങ്ങിയവ പ്രവര്‍ത്തിക്കാത്തതും സ്വകാര്യ ലാബുകളേയും സഹായിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക