പി വി വേണുഗോപാല്‍
ചരിത്രത്തിന്റെ പഴങ്കാലടിപ്പാടുകള്‍ ഏറെ പതിഞ്ഞതാണ് ഉദയാ സ്റ്റുഡിയോയുടെ വഴിത്താരകള്‍. ലോകത്തെ വിറപ്പിച്ച ഹിറ്റ്ലറും ഗീബല്‍സും മലയാള രാഷ്ട്രീയചരിത്രത്തിലെ അതികായന്മാരായ ടി വി തോമസും ടി എം വര്‍ഗീസും മലയാള സിനിമയുടെ സ്ഥാപകനായ ആലപ്പി വിന്‍സന്റും സാഹിത്യകുലപതികളായ തകഴിയും ദേവും ലളിതാംബികാ അന്തര്‍ജനവും നടനവിസ്മയങ്ങളായ സത്യനും പ്രേംനസീറും തിക്കുറിശ്ശിയും ലളിത, പത്മിനി, രാഗിണിമാരും ഭരതനും ഫാസിലും ബാലുമഹേന്ദ്രയുമൊക്കെ കഥാപാത്രങ്ങളായ ആയിരം കഥകള്‍ പറയാനുണ്ട് ഉദയയെന്ന ത്രയാക്ഷരത്തിന്. ഇരുളും വെളിച്ചവും ഇഴചേര്‍ന്ന ഈ കഥകളെ മാറ്റിയും മറിച്ചും തകര്‍ത്തും പുതുക്കിപ്പണിതും മുമ്പോട്ടു നയിച്ചതാവട്ടെ കുഞ്ചാക്കോയെന്ന പുളിങ്കുന്നുകാരന്‍ മുതലാളിയും.1947ലെ ക്രിസ്മസ് ദിനത്തിലാണ് കുഞ്ചാക്കോയുടെ നേതൃത്വത്തില്‍ ഉദയക്ക് തറക്കല്ലിട്ടത്. എന്നാല്‍, കുഞ്ചാക്കോ സിനിമാരംഗത്ത് എത്തുന്നതിനു മുമ്പ് തന്നെ ഉദയ ജനിച്ചിരുന്നു എന്നതാണ് സത്യം.
ആലപ്പി വിന്‍സന്റ്, ടി വി തോമസ്, കുഞ്ചാക്കോ
അണഞ്ഞമര്ന്ന വെള്ളിനക്ഷത്രം
1949 ജനുവരി 14നാണ് ഉദയയുടെ ആദ്യചിത്രമായ ‘വെള്ളിനക്ഷത്ര’ത്തിന്റെ റിലീസിങ്. ഫെലിക്സ് ജെ ബെയ്സ് എന്ന ജര്‍മന്‍കാരനായിരുന്നു ഛായാഗ്രഹണവും സംവിധാനവും. കുട്ടനാട് രാമകൃഷ്ണപിള്ളയും ആലപ്പി വിന്‍സന്റും അഭയദേവും എ ബി ചിദംബരനാഥുമൊക്കെയായിരുന്നു അരങ്ങിലും അണിയറയിലും. ഗായകന് പീതാംബരം നായകന്. തിരുവിതാംകൂര്‍ സഹോദരിമാരിലൊരാളായ ലളിത നായികയും. ഈ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ച ഭരണങ്ങാനത്തുകാരി ത്രേസ്യാമ്മ പില്ക്കാലത്ത് മിസ് കുമാരിയമ്മ മലയാളികളുടെ മനം കവര്‍ന്നു. ആദ്യപ്രദര്‍ശനം തിരുവനന്തപുരം ചിത്രയില്‍ ഉദ്ഘാടനം ചെയ്തതാവട്ടെ പറവൂര്‍ ടി കെ നാരായണപിള്ളയെന്ന തിരുകൊച്ചി പ്രധാനമന്ത്രിയും. മഹാരഥന്മാരും പ്രതിഭാശാലികളുമൊക്കെ മുമ്പിലും പിന്നിലും അണിനിരന്നെങ്കിലും ‘വെള്ളിനക്ഷത്രം’ ഉല്ക്കപോലെ അണഞ്ഞമര്ന്ന് നിര്‍മാതാക്കളുടെ തലയില്‍ പതിക്കുകയായിരുന്നു. പാതിരപ്പള്ളിയിലെ സ്ഥലവും വീടും സമ്പത്തിന്റെ ചെറുതല്ലാത്തൊരു ഭാഗവും ‘വെള്ളിനക്ഷത്ര’ത്തിന് സമര്‍പ്പിച്ച കുഞ്ചാക്കോയ്ക്കായിരുന്നു ഈ പതനത്തില്‍ ഏറ്റവും പൊള്ളലേറ്റത്. എന്നാല്‍, കുഞ്ചാക്കോ പിന്തിരിയാന് തയ്യാറായില്ല. കാരണം പുതിയ അനുഭവങ്ങളിലേക്കും അറിവുകളിലേക്കും കൈപിടിച്ചു നടത്തി ആധുനിക മലയാളസിനിമയുടെ ശില്പി പദം അണിയിക്കാന്‍ കാലം ഒരുക്കിവച്ച ജീവിതമായിരുന്നില്ലേ അദ്ദേഹത്തിന്റേത്.നല്ലതങ്ക, ജീവിതനൗക, കിടപ്പാടം’വെള്ളിനക്ഷത്ര’ത്തിന്റെ പരാജയത്തെ തുടര്‍ന്ന് സ്വന്തം തട്ടകങ്ങളിലേക്കു മടങ്ങിയ നിര്‍മാണ സഹായികളുമായുള്ള സാമ്പത്തിക ബാധ്യതകള്‍ ‘അണ പൈസ’യില്‍ തീര്‍ത്ത് കുഞ്ചാക്കോ ഉദയയെ ഏറ്റെടുക്കുക തന്നെ ചെയ്തു. ഈ ഘട്ടത്തിലാണ് കഥയിലെ ഉപനായകനായ കെ വി കോശിയുമായുള്ള കുഞ്ചാക്കോയുടെ ബന്ധം കാലം സുദൃഢമാക്കിയത്. കെ ആന്റ് കെ എന്ന പുതിയ പ്രൊഡക്ഷന്‍സ് ജനിച്ചത് അങ്ങനെയാണ്. തിരുവല്ലയ്ക്കടുത്ത് വളംകുളം ദേശത്തുകാരനായിരുന്നു കെ വി കോശിയെന്ന ബിഎല്ലുകാരന്. അഭിഭാഷകവൃത്തിയില്‍ തൃപ്തി പോരാഞ്ഞ് ബാങ്കിങ് രംഗത്തും ഫിലിം വിതരണരംഗത്തും ഭാഗ്യം പരീക്ഷിക്കുന്നതിനിടയിലായിരുന്നു കുഞ്ചാക്കോയുമായുള്ള കണ്ടുമുട്ടല്‍. ‘വെള്ളിനക്ഷത്ര’വും കെ ആന്റ് കെ പ്രൊഡക്ഷനാണ് നിര്‍മിച്ചതെങ്കിലും ഇരുവരും തമ്മിലുള്ള രസതന്ത്രം മലയാളിക്ക് ബോധ്യമായത് 1950ല്‍ ഇരുവരും ചേര്‍ന്നു പുറത്തിറക്കിയ ‘നല്ലതങ്ക’യിലാണ്. ‘നല്ലതങ്ക’ ഹിറ്റായെങ്കില്‍ 1951ല്‍ കെ കെ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ‘ജീവിതനൗക’ മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റായി. 1952ല്‍ ‘വിശപ്പിന്റെ വിളി’യെന്ന ചിത്രം മലയാളം രണ്ടുകൈ നീട്ടി സ്വീകരിച്ചതോടെ കെ ആന്റ് കെ പ്രൊഡക്ഷന്‍സ് മലയാള സിനിമയുടെ മുഖമുദ്രയായി. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഏതോ അജ്ഞാതമായ കാരണത്താല്‍ ഈ കൂട്ടുകെട്ട് അവിടെ അവസാനിക്കുകയായിരുന്നു. 1954ല്‍ ‘അവന് വരുന്നു’ എന്ന ചിത്രവും 1955ല്‍ ‘കിടപ്പാട’വും കുഞ്ചാക്കോ നിര്‍മിച്ചെങ്കിലും വന്‍ പരാജയമായിരുന്നു ഫലം. ഇതോടെ നീണ്ട അഞ്ചുവര്‍ഷം ഉദയ സ്റ്റുഡിയോ അടഞ്ഞുകിടന്നു.
ഉദയയുടെ അസ്തമയവും നവോദയയുടെ പുലരിയും
1960ല്‍ ‘സീത’, ‘ഉമ്മ’, ‘നീലിസാലി’ എന്നീ മൂന്നു ചിത്രങ്ങളുമായിട്ടാണ് ഉദയയുടെ മൂന്നാം വരവ്. മൂന്നും സംവിധാനം ചെയ്തത് കുഞ്ചാക്കോ തന്നെ. അവിടം മുതലാണ് പുതിയ ഭാവുകത്വത്തിന്റെ പുലരികളിലേക്ക് ഉദയയുടെ പൂങ്കോഴി മലയാള സിനിമാസ്വാദകരെ കൂകി ഉണര്ത്തിത്തുടങ്ങിയത്. അറബിക്കടലും അറേബ്യന്‍ മണലാരണ്യങ്ങളും കുഞ്ചാക്കോയ്ക്കുവേണ്ടി ഉദയാ സ്റ്റുഡിയോയില്‍ ഉയര്‍ന്നുവന്നു. ഉദയ ഒരുക്കിയ വനാന്തരങ്ങളിലും സഹ്യസാനുക്കളിലും രാജാക്കന്മാരും വടക്കന്‍ പാട്ടിലെ വീരയോദ്ധാക്കളും കുഞ്ചാക്കോയുടെ ആജ്ഞയ്ക്കായി കാത്തുനിന്നു. ‘കൃഷ്ണനും കുചേലനും’ ‘അനാര്‍ക്കലി’യും ‘ശകുന്തള’യുമൊക്കെ കേരളക്കരയിലെ അഭ്രപാളികളില്‍ പുതുവസന്തങ്ങള് തീര്‍ത്തു. 1976വരെ പിന്നീട് മലയാള സിനിമയില്‍ കുഞ്ചാക്കോയുടെ സുവര്‍ണകാലമായിരുന്നു. കേവല ഭാഗ്യമല്ല, കുഞ്ചാക്കോയുടെ കച്ചവടതന്ത്രങ്ങളും ക്രാന്തദര്‍ശിത്വവുമാണ് ഈ വിജയങ്ങള്‍ ഉദയയ്ക്കു സമ്മാനിച്ചത്. 1976ല്‍ ഉദയയുടെ 75ാമത് ചിത്രമായ ‘കണ്ണപ്പനുണ്ണി’ മകന് ബോബന് കുഞ്ചാക്കോയുടെ നിര്‍മാണനിര്‍വഹണത്തില്‍ കുഞ്ചാക്കോ സംവിധാനം ചെയ്തു. ആ വര്‍ഷം തന്നെ ഇറങ്ങിയ ‘മല്ലനും മാതേവനും’ എന്ന ചിത്രത്തിന്റെ റിക്കാഡിങുമായി ബന്ധപ്പെട്ട് മദ്രാസിലെത്തിയ അദ്ദേഹം അവിടെവച്ച് ഹൃദ്രോഗബാധയെത്തുടര്‍ന്ന് ജൂലൈ 15നു മരണമടയുകയായിരുന്നു. ബോബന് കുഞ്ചാക്കോ പിന്നീട് ഉദയയുടെ സാരഥ്യം ഏറ്റെടുത്തെങ്കിലും അധികം വൈകാതെ ഉദയ അന്യാധീനപ്പെട്ടുപോയി.
പൂങ്കോഴിയുടെ ശില്പിയാര്?
തിരിയുന്ന ഭൂഗോളത്തില്‍ ചുവടുറപ്പിച്ച് തലയുയര്‍ത്തി പുത്തന്‍ ഭാവുകത്വങ്ങളുടെ പുതിയ പുലരികളിലേക്ക് മലയാള സിനിമാ ആസ്വാദകരെ കൂകിയുണര്‍ത്തിയ പൂങ്കോഴിയുടെ ശില്പി ആരായിരിക്കും? ഉദയയുടെ ആരംഭം മുതല്‍ അവിടെ ഉണ്ടായിരുന്നിട്ടും കാമറാമാന് കൃഷ്ണന്‍കുട്ടിക്ക് അത് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ചേലങ്ങാട്ടു ഗോപാലകൃഷ്ണനെന്ന മലയാള ചലച്ചിത്രചരിത്രകാരന്റെ പുസ്തകങ്ങളിലും ഇതേപ്പറ്റി പരാമര്‍ശങ്ങള്‍ കണ്ടില്ല. പ്രസിദ്ധ തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ചില കുറിപ്പുകളിലും തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. സാങ്കേതികവിദ്യകളില്‍ വന്ന മാറ്റത്തിനനുസരിച്ച് ഉദയയുടെ പൂങ്കോഴിക്ക് പലരും ചേര്‍ന്ന് പലപ്പോഴായി അഴകും മിഴിവും നല്കുകയായിരുന്നിരിക്കണം. ഒടുവലിതാ മൂന്നാം തലമുറയിലെ കുഞ്ചാക്കോ ബോബന് ഉദയ പിക്ചേഴ്സുമായി എത്തുമ്പോഴും ലോഗോ അതുതന്നെ. ആധുനിക സാങ്കേതികവിദ്യകള്‍ കൂടുതല്‍ സുന്ദരനാക്കിയ പൂങ്കോഴിയെ ആയിരിക്കും നാം അഭ്രപാളികളില്‍ കാണുകയെന്ന് ബോബന് കുഞ്ചാക്കോയും കൂട്ടിച്ചേര്‍ത്തു. ഉദയയില്‍ കുഞ്ചാക്കോയുടെ വലംകൈ ആയിരുന്ന സഹോദരന് ചാക്കോ പുന്നൂസ് എന്ന അപ്പച്ചനാണ് ഉദയയ്ക്ക് പുതുജീവന്‍ നല്കി നവോദയ എന്ന ബാനര്‍ സൃഷ്ടിച്ചതും വടക്കന്‍ പാട്ടുകളുടെ തുടര്‍ച്ചയും ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ പോലെയുള്ള പ്രണയാതുര ചിത്രങ്ങളും ‘മൈ ഡിയര്‍ കുട്ടിച്ചാത്തനും’ ‘പടയോട്ട’വും പോലെ സാങ്കേതിക മികവുള്ള ചിത്രങ്ങളും മലയാളത്തിനു സമ്മാനിച്ചത്. രണ്ടായിരത്തിന്റെ ആദ്യം തന്നെ അദ്ദേഹവും സിനിമാ മേഖലയില്‍നിന്നു പിന്തിരിയുകയും 2012ല്‍ മരണമടയുകയും ചെയ്തതോടെ ഉദയയും നവോദയയുമൊക്കെ ഓര്മ മാത്രമായി. ഈ ഘട്ടത്തിലാണ് പഴയ ഓര്‍മകളിലേക്കു മലയാളത്തെ കൈപിടിച്ചു കൊണ്ടുപോവാന്‍ ഉദയ പിക്ചേഴ്സുമായി കുഞ്ചാക്കോയുടെ മൂന്നാം തലമുറക്കാരനും പ്രശസ്ത താരവുമായ കുഞ്ചാക്കോ ബോബന് കെപിഎസി (കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ) എന്ന സിനിമയുമായി ഉദയ പിക്ചേഴ്സിന്റെ ബാനറുമായി എത്തുന്നത്. കുഞ്ചാക്കോയുടെ മകന് ബോബന്റെ പുത്രനാണ് ഈ കുഞ്ചാക്കോ.
കുഞ്ചാക്കോയുടെ തന്ത്രങ്ങള്‍
ഓലമേഞ്ഞ ചെറുകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റിക്കാഡിങ് സ്റ്റുഡിയോയിലേക്ക് കാക്കകളുടെ കരകരശബ്ദം പതിയാതിരിക്കാന്‍ കാക്കതെറ്റാലി (കാക്കകളെ ഓടിക്കാനുള്ള നാടന്‍ സൂത്രപ്പണി)കളുമായി തന്റെ ജീവനക്കാരെ മരമുകളില്‍ കയറ്റിയിരുത്തുമായിരുന്നു ‘മുതലാളി’- പറയുന്നത് ടി എന്‍ കൃഷ്ണന്‍കുട്ടി. ഉദയയുടെ ആരംഭം മുതലുള്ള കാമറാമാനാണ് കൃഷ്ണന്‍കുട്ടി. ‘വെള്ളിനക്ഷത്ര’ത്തിന്റെ കാലത്ത് കാമറ സഹായിയായും പിന്നീട് സ്വതന്ത്ര കാമറാമാനുമായി പ്രവര്‍ത്തിച്ചയാളാണ് ഇദ്ദേഹം. സ്റ്റുഡിയോയോടു ചേര്‍ന്നുകിടക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ ഇരമ്പിയെത്തുമ്പോള്‍ റിക്കാഡിങ് നിര്‍ത്തിവയ്പിക്കാനും അവ സ്റ്റുഡിയോയുടെ ശബ്ദലോകം കടക്കുമ്പോള്‍ വിളിച്ചറിയിച്ച് റിക്കാഡിങ് പുനരാരംഭിക്കാനും വരെ കുഞ്ചാക്കോ, തൊഴിലാളികളെ നിയോഗിച്ചതും കൃഷ്ണന്‍കുട്ടി ഓര്‍ക്കുന്നു. ‘വിശപ്പിന്റെ വിളി’യിലെ നായകനായ പ്രേംനസീറിനെയും പ്രതിനായകനായെത്തിയ ജോണിനെയും എരിപിരി കേറ്റി തമ്മില്‍ തല്ലിച്ച് സംഘട്ടനരംഗം സ്വാഭാവികമാക്കി മാറ്റിയ കുഞ്ചാക്കോയുടെ കൗശലവും കൃഷ്ണന്‍കുട്ടി ഓര്‍ക്കുന്നു. ഇതേ വിദ്യ ‘പോസ്റ്റ്മാനെ കാണാനില്ല’ എന്ന ചിത്രത്തിലെ ബലാല്‍സംഗ രംഗത്തിലും പ്രയോഗിച്ചുകളഞ്ഞു കുഞ്ചാക്കോ. ജയിക്കാന്‍ തന്നെയും ചെറുക്കാന്‍ വിജയശ്രീയെയും പ്രേരിപ്പിച്ചു. കുഞ്ചാക്കോയുടെ കൗശലത്തെ കുറിച്ച് എന്‍ ഗോവിന്ദന്‍കുട്ടി തന്നെ എഴുതിയിട്ടുണ്ട്. വടക്കന്‍ പാട്ടിനെ ആസ്പദമാക്കി ഉദയ എടുത്ത ഹിറ്റ് ചിത്രങ്ങളുടെയെല്ലാം തിരക്കഥാകൃത്ത് ആയിരുന്നിദ്ദേഹം.’വിശപ്പിന്റെ വിളി’യിലെ നായകനായ അബ്ദുല്‍ ഖാദറിനെ പ്രേംനസീര്‍ ആക്കി മാറ്റിയതും പ്രതിനായകനായ ജോണിനെ ശശികുമാറാക്കി മാറ്റിയതും കുഞ്ചാക്കോയുടെ വിപണനതന്ത്രജ്ഞത തന്നെ. അക്കാലത്ത് ടിക്കറ്റെടുത്തു സിനിമ കാണുന്നവരില്‍ ഏറിയ പങ്കും ഹൈന്ദവരായിരിക്കെ, നായകനും പ്രതിനായകനും നസ്രാണിയും മുസ്ലിമും ആവുന്നത് തന്റെ വിറ്റുവരവിനെ ബാധിക്കുമെന്ന കണ്ടെത്തലായിരുന്നു ഈ നാമമാറ്റത്തിനു പിന്നിലെന്ന് പിന്നീട് പലരും പറഞ്ഞിട്ടുണ്ട്. നാവില്‍ സരസ്വതി വിളയാടിയിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായരാണ് കുഞ്ചാക്കോയുടെ ആവശ്യപ്രകാരം ഇരുവരെയും ‘നാമസ്നാനം’ നടത്തിയത്. എന്നാല്‍, അതേ കുഞ്ചാക്കോ തന്നെയാണ് കേരളത്തിലാദ്യമായി മുസ്ലിം പശ്ചാത്തലത്തിലുള്ള ഒരു സിനിമയെടുക്കാന്‍ ധൈര്യം കാണിച്ചതെന്നും ഓര്‍ക്കേണ്ടതുണ്ട്. മൊയ്തു പടിയത്ത് രചിച്ച ‘ഉമ്മ’ വാണിജ്യവിജയം നേടുകയും ചെയ്തു. ഷൂട്ടിങ് കാണാനെത്തുന്നവരെ സിനിമയ്ക്ക് ആവശ്യമായ ആള്‍ക്കൂട്ടമാക്കി മാറ്റിയത് സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ വേഷം അണിയിച്ചവരെ വാഹനങ്ങളില്‍ ഒരുക്കിയ അരയന്നത്തോണിയില്‍ കയറ്റിയിരുത്തി സിനിമയുടെ പ്രചാരണം കൊഴുപ്പിച്ചതുമൊക്കെ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മയിലെത്തുന്ന കുഞ്ചാക്കോ തന്ത്രങ്ങളാണ്. അതേസമയം, നായികാനായകന്മാരുടെ ഉടലളവുകളും അഴകടയാളങ്ങളും പ്രേക്ഷകന് കാട്ടിക്കൊടുത്ത ഉദയയുടെ സ്വന്തം മിഡ് ഷോട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരി മാത്രമായിരുന്നു കാമറാമാന് കൃഷ്ണന് കുട്ടിയുടെ മറുപടി.