|    Mar 30 Thu, 2017 6:18 pm
FLASH NEWS

ഉദയംപേരൂര്‍ ഐഒസി പണിമുടക്ക്: പാചകവാതക നീക്കം നിലച്ചിട്ട് 12 ദിവസം

Published : 13th October 2016 | Posted By: SMR

കൊച്ചി: കൊച്ചിയിലെ ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്ലാന്റില്‍ ലോറി ഡ്രൈവര്‍മാരുടെ പണിമുടക്ക് 12ാം ദിവസത്തിലേക്ക് കടക്കുന്നു. വിവിധ ജില്ലകളിലേക്ക് പാചകവാതകം കൊണ്ടുപോവുന്ന 26 ലോറികളിലെ ഡ്രൈവര്‍മാരാണ് ലോറിയുടമയുടെ അന്യായനടപടികളില്‍ പ്രതിഷേധിച്ച് പണിമുടക്കുന്നത്.
എറണാകുളം, ആലപ്പുഴ, ഇടുക്കി, കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലേക്ക് ദിവസേന എല്‍പിജി സിലിണ്ടറുകളുമായി പോവേണ്ട 26 ലോറികളാണ് കഴിഞ്ഞ 12 ദിവസമായി ഉദയംപേരൂരിലെ പാര്‍ക്കിങ് യാര്‍ഡില്‍ അനക്കമറ്റുകിടക്കുന്നത്. 306 സിലിണ്ടറാണ് പ്രതിദിനം ഒരു ലോറിയില്‍ പോവുന്നത്. സമരം 12 ദിവസം പിന്നിട്ടതോടെ പ്രതിദിനം 87,000ത്തോളം സിലിണ്ടറിന്റെ കുറവാണ് വിപണിയില്‍ അനുഭവപ്പെടുന്നത്. ഇതിന് പുറമെ ഒന്നരമണിക്കൂറോളം പ്ലാന്റിന്റെ പ്രവര്‍ത്തനവും തടസ്സപ്പെടുന്നു.
സമരം തുടരുന്നത് വരുംദിവസങ്ങളില്‍ കടുത്ത പാചകവാതക ക്ഷാമത്തിനും ഇടയാക്കും. ലോറി ഉടമയുടെ അനാവശ്യമായ വാശിയാണ് ഇതിനു കാരണമെന്നാണ് തൊഴിലാളികളുടെ പരാതി. പാചകവാതകവുമായി പോവുന്ന വാഹനത്തില്‍ ആവശ്യത്തിന് ഇന്ധനം നിറച്ചുനല്‍കാന്‍ ഉടമ തയ്യാറല്ല. മിക്കപ്പോഴും വാഹനങ്ങള്‍ റിസര്‍വിലാണ് ഓടുന്നത്. കാലപ്പഴക്കം ചെന്ന ലോറികള്‍ക്ക് മൈലേജും കുറവാണ്. എന്നാലും 50 ലിറ്ററിലധികം ഡീസലടിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അനുവാദവുമില്ല. പലപ്പോഴും ഇന്ധനം തീര്‍ന്ന് ലോഡുമായി വഴിയില്‍ കിടക്കേണ്ട അവസ്ഥയാണുള്ളത്. ഇതോടെയാണ് കഴിഞ്ഞ ഒന്നാം തിയ്യതി മുതല്‍ ഡ്രൈവര്‍മാര്‍ പണിമുടക്ക് ആരംഭിച്ചത്. പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് പോവുന്ന ലോഡില്‍ കുറവു വന്നിട്ടും പ്രശ്‌നപരിഹാരത്തിന് ഐഒസി മാനേജ്‌മെന്റ് തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day