|    Jul 22 Sun, 2018 12:27 pm
FLASH NEWS

ഉത്രട്ടാതി ജലോല്‍സവം : എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മല്‍സരം ഉപേക്ഷിച്ചു

Published : 9th September 2017 | Posted By: fsq

 

ആറന്മുള: ഉത്രട്ടാതി ജലോല്‍സവത്തില്‍ എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മല്‍സരത്തില്‍ വിജയിയെ പ്രഖ്യാപിച്ചില്ല. മാലക്കര, ഇടയാറന്‍മുള, മാരാമണ്‍, മല്ലപ്പുഴശേരി എന്നിവയാണ് എ ബാച്ചില്‍ നിന്ന് ഫൈനല്‍ പ്രവേശം നേടിയത്. എ ബാച്ച് ഫൈനല്‍ മത്സരത്തില്‍ ഫഌഗ് ഓഫ് ചെയ്യുന്നതിന് മുമ്പ് മാലക്കര ഒഴികെയുള്ളവ പുറപ്പെട്ടു എന്നാണ് കുറവായി കണ്ടെത്തിയത്. മല്‍സരം റദ്ദാക്കണം എന്ന് വിധികര്‍ത്താക്കള്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ പുറപ്പെടല്‍ ശരിയായിരുന്നു എന്നാണ് പള്ളിയോടങ്ങള്‍ പറഞ്ഞത്. സംഘാടക സമിതിയും കരക്കാരും തമ്മിലുള്ള തര്‍ക്കം വളര്‍ന്നതോടെയാണ് ഫലം പ്രഖ്യാപിക്കല്‍ മാറ്റിയത്. മല്‍സര വള്ളംകളിയില്‍ ബി ബാച്ചില്‍ പൂവത്തൂര്‍ കിഴക്ക് പള്ളിയോടം(4.58.2 മിനിട്ട്)  മന്നം ട്രോഫി നേടി. രണ്ടാമതെത്തിയ വന്മഴി (5.23.8 മിനിട്ട്) പള്ളിയോടത്തിന് ഉത്രാടം തിരുനാള്‍ ട്രോഫിയും ലഭിച്ചു. ഇടപ്പാവൂര്‍ പളളിയോടം (5.24.6 മിനിട്ട്) മൂന്നാം സ്ഥാനവും ഇടക്കുളം (5.25.5 മിനിട്ട്) നാലാം സ്ഥാനവും നേടി. മംഗലം,  തോട്ടപ്പുഴശ്ശേരി, റാന്നി, കീക്കൊഴൂര്‍ പള്ളിയോടങ്ങള്‍ ബി ബാച്ചില്‍ യഥാക്രമം അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളിലെത്തി.  എ ബാച്ചിലെ ഫൈനല്‍ മല്‍സരം ഉള്‍പ്പെടെ പാരമ്പര്യ ശൈലിയിലുള്ള ഹീറ്റ്‌സിന്റെയും മല്‍സരഫലം പ്രഖ്യാപിച്ചിട്ടില്ല. എ ബാച്ചില്‍ ഹീറ്റ്‌സ് മല്‍സരങ്ങളില്‍  ഏറ്റവും കുറഞ്ഞ സമയത്തില്‍ എത്തിയ നാല് പള്ളിയോടങ്ങള്‍ മാലക്കര(4.35.3 മിനിട്ട്), മാരാമണ്‍ (4.38.6 മിനിട്ട്), ഇടയാറന്മുള (4.29.5 മിനിട്ട്), മല്ലപ്പുഴശ്ശേരി(4.17.7 മിനിട്ട്)  എന്നിവയായിരുന്നു ഫൈനല്‍ മല്‍സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കീഴ്‌വന്മഴി, ഇടശ്ശേരിമല, തെക്കേമുറി, ഇടശ്ശേരിമലകിഴക്ക് പള്ളിയോടങ്ങള്‍ യഥാക്രമം അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളിലെത്തി. ബി ബാച്ചില്‍ പാരമ്പര്യ ശൈലിയില്‍ പാടിത്തുഴഞ്ഞെത്തിയ ഹീറ്റ്‌സായി തൈമറവുംകര, പൂവത്തൂര്‍കിഴക്ക്, കീക്കൊഴൂര്‍വയലത്തല പള്ളിയോടങ്ങളെ തിരഞ്ഞെടുത്തു. ഇതേ ഹീറ്റ്‌സിലെ പൂവത്തൂര്‍ കിഴക്ക്, കീക്കൊഴൂര്‍വയലത്തല പള്ളിയോടങ്ങള്‍ക്കാണ് മികച്ച ചമയത്തിനുള്ള ആര്‍ ശങ്കര്‍ ട്രോഫിയും നല്‍കുന്നത്. പമ്പയുടെ ഇരുകരകളിലും തടിച്ചുകൂടിയ ആയിരങ്ങള്‍ കാത്തിരുന്ന എ ബാച്ച് ഫൈനല്‍ മല്‍സരത്തിന്റെ വിധിതീര്‍പ്പ് പള്ളിയോടസേവാസംഘം മാറ്റിവെച്ചു. അടുത്ത ദിവസം മല്‍സരവീഡിയോ പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്ന് പ്രസിഡന്റ് ഡോ. കെ ജി ശശിധരന്‍ പിള്ള അറിയിച്ചു.മല്‍സരം റദ്ദാക്കിയ തീരുമാനത്തെ തുടര്‍ന്ന്  തര്‍ക്കവും ബഹളവും ഉണ്ടായി. ജലമേളയുടെ തുടക്കമായി ആചാരപരമായ ഘോഷയാത്ര നടന്നു. 52 പള്ളിയോടങ്ങള്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss