|    Dec 14 Fri, 2018 9:46 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഉത്രട്ടാതി ജലോല്‍സവം ആചാരമാക്കി പ്രളയം ബാക്കിവച്ച പള്ളിയോടങ്ങള്‍

Published : 30th August 2018 | Posted By: kasim kzm

പത്തനംതിട്ട: ആവേശത്തിന്റെ തുഴകളില്ലാതെ ആരവങ്ങളുടെ അകമ്പടിയില്ലാതെ ആറന്മുളയുടെ ഓണം എന്നറിയപ്പെടുന്ന ചിങ്ങമാസത്തിലെ ഉത്രട്ടാതി കടന്നുപോയി. പ്രളയം സംഹാരതാണ്ഡവമാടിയതോടെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഒട്ടേറെ ചടങ്ങുകളില്‍ ആര്‍ഭാടം പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഉത്രട്ടാതി ജലമേള ആചാരമാക്കി ജലഘോഷയാത്രയാക്കി ചുരുക്കിയത്.
ഇന്നലെ രാവിലെ സത്രക്കടവിലെത്തിയ 25 പള്ളിയോടങ്ങളില്‍ മൂന്നെണ്ണം വീതം വഞ്ചിപ്പാട്ട് പാടി ക്ഷേത്രക്കടവിലേക്ക് തുഴഞ്ഞെത്തി. പൂവത്തൂര്‍ കിഴക്ക്, ഇടശ്ശേരിമല, പുന്നംതോട്ടം, തെക്കേമുറി, നെടുമ്പ്രയാര്‍, കീക്കൊഴൂര്‍, വന്മഴി, വെണ്‍പാല, കീഴ്‌വന്മഴി, പ്രയാര്‍, ഇടയാറന്മുള കിഴക്ക്, മേലുകര, കീഴ്‌ചേരിമേല്‍, മല്ലപ്പുഴശ്ശേരി, ഇടശ്ശേരിമല കിഴക്ക്, ആറാട്ടുപുഴ, ചിറയിറമ്പ്, മാരാമണ്‍, കിഴക്കനോതറ, കുന്നേകാട്, ഇടയാറന്മുള,തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, കോറ്റാത്തൂര്‍, കുറിയന്നൂര്‍, കോയിപ്രം എന്നീ പള്ളിയോടങ്ങളാണ് പങ്കെടുത്തത്.
ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങളെ പള്ളിയോട സേവാസംഘം സ്വീകരിച്ചു. ദക്ഷിണ സ്വീകരിച്ച കരനാഥന്മാര്‍ കൊടിമരച്ചുവട്ടിലെത്തി വഞ്ചിപ്പാട്ട് പാടി കരകളിലേക്ക് തിരികെ മടങ്ങി. ഓണക്കാലത്ത് പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടു നടന്ന ചോതി അളവ്, തിരുവോണത്തോണി പുറപ്പാട്, തിരുവോണസദ്യ എന്നിവയും ആചാരപരമായി മാത്രമാണ് നടത്തിയത്.
സപ്തംബര്‍ രണ്ടിന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയും അന്നദാനമാക്കി ചുരുക്കിയിട്ടുണ്ട്. പാര്‍ഥസാരഥി ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലും പമ്പാ തീരത്ത് മിക്ക കടവുകളിലും ചളിയടിഞ്ഞ് പടികള്‍ പോലും മൂടിപ്പോയ സ്ഥിതിയിലാണ്.
പള്ളിയോടങ്ങളെ സ്വീകരിക്കുന്നതിനു പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍, ജോ. സെക്രട്ടറി വി വിശ്വനാഥപിള്ള, ഖജാഞ്ചി സഞ്ജീവ് കുമാര്‍, എസ് അജിത്കുമാര്‍ നേതൃത്വം നല്‍കി. വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss