|    Mar 30 Thu, 2017 12:19 pm
FLASH NEWS

ഉത്തേജകത്തില്‍ ഇന്ദര്‍ജിതും കുടുങ്ങി

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ റിയോയിലേക്ക് അയക്കുന്ന ഇന്ത്യക്ക് വില്ലനായി ഉത്തേജകമരുന്ന് വിവാദം. റിയോ ഒളിംപിക്‌സ് ആരംഭിക്കാന്‍ ഒമ്പത് ദിവസം മാത്രം ശേഷിക്കേയാണ് ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി ഉത്തേജകമരുന്ന് വിവാദം ആളിക്കത്തുന്നത്.
ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിങ് യാദവിനു പിന്നാലെ ഷോട്ട്പുട്ടില്‍ നിലവിലെ ഏഷ്യന്‍ ചാംപ്യനായ ഇന്ദര്‍ജിത് സിങും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. ഒരാഴ്ചയ്ക്കിടെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുന്ന ഇന്ത്യയുടെ മൂന്നാമത്തെ താരം കൂടിയാണ് ഇന്ദര്‍ജിത്.
നേരത്തെ നര്‍സിങിന്റെ സഹതാരമായ സന്ദീപ് യാദവും നാഡയുടെ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.
ഗുസ്തിയില്‍ 74 കിലോഗ്രാം വിഭാഗത്തില്‍ മല്‍സരിക്കേണ്ടിയിരുന്ന നര്‍സിങ് നാഡയുടെ എ, ബി സാംപിളുകളുടെ പരിശോധനകളിലാണ് പരാജയപ്പെട്ടത്.
ഇതോടെ നര്‍സിങിന് റിയോ ഒളിംപിക്‌സില്‍ വിലക്ക് വീഴുമെന്ന് ഏറെകുറെ ഉറപ്പായിട്ടുണ്ട്. തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന നര്‍സിങിന്റെ പ്രസ്താവന വിവാദമായി തുടരുമ്പോഴാണ് ഇന്ദര്‍ജിത്തിനും വില്ലനായി ഉത്തേജക പരിശോധന ഫലം പുറത്തുവന്നിരിക്കുന്നത്.
അടുത്തമാസം നടക്കുന്ന റിയോ ഒളിംപിക്‌സില്‍ യോഗ്യത നേടിയ താരമാണ് 28 കാരനായ ഇന്ദര്‍ജിത്. ഉത്തേജക പരിശോധനയില്‍ കുടുങ്ങിയതോടെ താരത്തിന്റെ റിയോ ഒളിംപിക്‌സ് മോഹവും തുലാസിലായി.
നിരോധിച്ച മരുന്നുകളില്‍ ഉള്‍പ്പെട്ട സ്റ്റിറോയ്ഡ് ഇന്ദര്‍ജിത് ഉപയോഗിച്ചുവെന്നാണ് പരിശോധന ഫലത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 22നായിരുന്നു താരത്തിന്റെ എ സാംപിള്‍ പരിശോധന. ബി സാംപിള്‍ പരിശോധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഏഴു ദിവസത്തിനുള്ളില്‍ ടെസ്റ്റ് നടത്തണമെന്ന് നാഡ ഇന്ദര്‍ജിതിനോട് ആവശ്യപ്പെട്ടു.
ബി സാംപിള്‍ പരിശോധനിയിലും പരാജയപ്പെട്ടാല്‍ ഇന്ദര്‍ജിതിന് റിയോ ഒളിംപിക്‌സില്‍ നിന്ന് വിലക്ക് വീഴും. കൂടാതെ വാഡ നിയമപ്രകാരം താരത്തിന് നാലു വര്‍ഷത്തേക്ക് വിലക്കും നേരിടേണ്ടിവരും. നാഡയുടെ റിപോര്‍ട്ട് ഫലം പുറത്തായതോടെ തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന് ഇന്ദര്‍ജിത് പ്രതികരിച്ചു.
2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ദര്‍ജിത് ഇന്ത്യക്കു വേണ്ടി വെങ്കല മെഡല്‍ നേടിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day