|    Nov 21 Wed, 2018 1:40 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഉത്തര മലബാര്‍ വിനോദസഞ്ചാരം വിരല്‍ത്തുമ്പില്‍

Published : 5th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഉത്തര മലബാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ വിരല്‍ത്തുമ്പിലൊതുക്കുന്ന ‘സ്‌മൈല്‍ വിര്‍ച്വല്‍ ടൂര്‍ ഗൈഡ്’ പുറത്തിറങ്ങി.
ഈ പ്രദേശത്തെ ടൂറിസം വികസനം പരമാവധി പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ കഥാരൂപേണ ലഭ്യമാക്കുകയും യാത്രികരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവരസാങ്കേതികവിദ്യയുടെ എല്ലാ നൂതനസാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
ടൂറിസം വകുപ്പിനു കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പറേഷനാണ് (ബിആര്‍ഡിസി) പദ്ധതി നടപ്പാക്കിയത്. യാത്രാമാര്‍ഗങ്ങള്‍, ടൂര്‍ പ്ലാനിങ്, ഓര്‍മപ്പെടുത്തലിനുള്ള അലാറം നോട്ടിഫിക്കേഷന്‍, സുഹൃത്തുക്കളുമായി വിവരവിനിമയം, താമസ സൗകര്യങ്ങള്‍, റിസര്‍വേഷന്‍, സ്ത്രീകള്‍ക്ക് ഹെല്‍പ് ലൈന്‍, ആംബുലന്‍സ് വിവരം തുടങ്ങി വിനോദസഞ്ചാരവുമായി ബന്ധമുള്ള മിക്ക കാര്യങ്ങള്‍ക്കും ഗൈഡ് ഉപയോഗിക്കാം. ടൂറിസ്റ്റുകള്‍, വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍, സേവനദാതാക്കള്‍ എന്നീ മൂന്ന് ഘടകങ്ങളെ ബന്ധിപ്പിക്കുന്നതാണ് ടൂര്‍ ഗൈഡ്.
ആമപ്പള്ളം, അറക്കല്‍ കൊട്ടാരം, ബേക്കല്‍ കോട്ട, ബ്രണ്ണന്‍ കോളജ്, നീലേശ്വരം പാലസ്, മാടായിപ്പാറ, മടിയന്‍കൂലം, മൂശാരിക്കൊവ്വല്‍, കണ്ണൂര്‍ ഫോര്‍ട്ട്, ഓവര്‍ബറിസ് ഫോളി, പൊസഡി ഗുംബെ, പുരളിമല, ധര്‍മടം, ശൂലാപ്പ് കാവ്, തേജസ്വിനിപ്പുഴ തുടങ്ങി 40 ആകര്‍ഷണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തരമലബാര്‍ മേഖലയുടെ സമഗ്ര മാറ്റത്തിന് നാന്ദിയാകാവുന്ന പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കിവരുകയാണെന്നും ഇതില്‍ ആദ്യത്തെ ബൃഹദ് പദ്ധതിയാണ് ‘വിര്‍ച്വല്‍ ടൂര്‍ ഗൈഡ്’ എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ടൂറിസ്റ്റുകളുടെ വരവ് വര്‍ധിപ്പിക്കുക, പുതിയ ടൂറിസം സംരംഭങ്ങളിലൂടെ ഉയര്‍ന്നതോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ അടിസ്ഥാന ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നവീന പദ്ധതികളുടെ ഗണത്തില്‍പ്പെടുത്തിയാണ് ബിആര്‍ഡിസി പദ്ധതിക്ക് 50 ലക്ഷം രൂപ ചെലവില്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതെന്ന് ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളുടെ ചരിത്രം, സംസ്‌കാരം, മറ്റു പ്രത്യേകതകള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന ഓഡിയോ-വീഡിയോകള്‍ക്കൊപ്പം, വാഗ്‌രൂപത്തിലും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
അതത് ടൂറിസം ആകര്‍ഷണങ്ങളുമായി ബന്ധപ്പെട്ടുള്ള താമസസൗകര്യങ്ങളും മറ്റു സേവനങ്ങളും നല്‍കുന്ന വ്യവസായസംരംഭകരുടെ (സ്‌മൈല്‍) വിവരങ്ങളും സഞ്ചാരികള്‍ക്കു ലഭ്യമാവും. ടൂറിസം ആകര്‍ഷണകേന്ദ്രങ്ങളെ കുറിച്ചുള്ള ‘കഥകള്‍’ കേള്‍ക്കാനും കാണാനും സാധിക്കുന്നതിലൂടെ സഞ്ചാരികള്‍ക്ക് അവ കൂടുതല്‍ അനുഭവവേദ്യമാവും.
ജിപിഎസ് സൗകര്യമുള്ളതുകൊണ്ട് വഴിതെറ്റാതെ വിനോദകേന്ദ്രത്തില്‍ എത്തിച്ചേരാനുമാവും. ഓരോ പ്രദേശത്തും ക്യുആര്‍ കോഡ് പതിച്ച സൈനേജ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇത് മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ ഈ കേന്ദ്രത്തെ കുറിച്ചും ചുറ്റുമുള്ള സേവനദാതാക്കളെ കുറിച്ചുമുള്ള വിവരങ്ങള്‍ അടങ്ങിയ വെബ് പേജുകളില്‍ നേരിട്ടെത്താം.
ബിആര്‍ഡിസി വെബ്‌സൈറ്റ് വഴിയും വിര്‍ച്വല്‍ ടൂര്‍ ഗൈഡ് ഉപയോഗിക്കാം. വിശദവിവരങ്ങള്‍ക്ക് ംംം.യലസമഹീtuൃശാെ.രീാ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss