|    Oct 18 Wed, 2017 9:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയ : യുദ്ധത്തിനു തയ്യാറാണെന്നു ട്രംപ്

Published : 3rd August 2017 | Posted By: fsq

 

വാഷിങ്ടണ്‍: ഉത്തര കൊറിയക്കെതിരേ യുദ്ധവുമായി മുന്നോട്ടുപോവാന്‍ തയ്യാറാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി റിപബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രേയം. ദീര്‍ഘദൂര ആണവ വാഹക ശേഷിയുള്ള മിസൈല്‍ ഉത്തര കൊറിയ വികസിപ്പിക്കുന്നതുവരെ കാത്തിരിക്കുന്നതിലും നല്ലത് അവരെ യുദ്ധത്തിലൂടെ തകര്‍ക്കുകയാണെന്ന് ട്രംപ് പറഞ്ഞതായി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ലിന്‍ഡ്‌സി ഗ്രഹാം പറയുന്നു. ഉത്തര കൊറിയയില്‍ സൈനിക നടപടിയുണ്ടാകും. സൈന്യത്തെ അയച്ചോ, ആണവ മിസൈല്‍ പ്രയോഗിച്ചോ ആയിരിക്കും നടപടി. അവരുടെ ആയുധ പദ്ധതികളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ചിലപ്പോള്‍ ഉത്തര കൊറിയയെത്തന്നെ നശിപ്പിച്ചേക്കാമെന്നും ട്രംപ് പറഞ്ഞതായി സെനറ്റര്‍ അറിയിച്ചു. ഉത്തര കൊറിയയുടെ മിസൈല്‍ വികസന പദ്ധതികളെ തടയിടാന്‍ അയല്‍രാജ്യമായ ചൈന മുന്നോട്ടു വയ്ക്കുന്ന നയതന്ത്ര ശ്രമങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും സൈനിക മുന്നേറ്റം നടത്തുമെന്നും ഗ്രേയം പറഞ്ഞു. ട്രംപ് ഭരണത്തില്‍ നിര്‍ണായക സ്വാധീനശക്തിയുള്ള വ്യക്തിയാണ് ഗ്രേയം. അതേസമയം, ഉത്തര കൊറിയയെ ശത്രുവായി കാണുന്നില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പ്രതികരിച്ചു. യുഎസ് ഉത്തര കൊറിയക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ക്ക് ഭീഷണിയായാല്‍ തിരിച്ചടിക്കേണ്ടി വരുമെന്നും ടില്ലേഴ്‌സണ്‍ അറിയിച്ചു.ഉത്തര കൊറിയയില്‍ ഭരണമാറ്റമുണ്ടാക്കാനോ കിം ജോങ് ഉന്‍ ഭരണകൂടത്തെ തകര്‍ക്കാനോ പദ്ധതിയില്ല. രണ്ട് കൊറിയകളുടെ ലയനവും യുഎസ് പദ്ധതിയിലില്ലെന്നും ടില്ലേഴ്‌സണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഉത്തര കൊറിയയുടെ രണ്ടാമത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. മിസൈലിന് യുഎസിനെ ലക്ഷ്യംവയ്ക്കാന്‍ സാധിക്കുമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അവകാശപ്പെട്ടിരുന്നു. മിസൈല്‍ പരീക്ഷണത്തെത്തുടര്‍ന്ന് കൊറിയന്‍ ഉപദ്വീപിനു സമീപം യുഎസ് യുദ്ധവിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക