|    Oct 24 Wed, 2018 12:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയ ഉപരോധത്തിന് യുഎന്‍ അംഗീകാരം

Published : 13th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ഉത്തര കൊറിയക്കെതിരായ ഉപരോധത്തിന് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരം. ഉത്തരകൊറിയയുടെ ആറാമത് ആണവായുധ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്കെതിരേ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎസ് അവതരിപ്പിച്ച പ്രമേയം 15 അംഗ രക്ഷാസമിതി അംഗീകരിക്കുകയായിരുന്നു.  ഉത്തര കൊറിയയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ തുണിത്തരങ്ങളുടെ കയറ്റുമതിക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തി. കൂടാതെ അസംസ്‌കൃത എണ്ണ ഇറക്കുമതിയിലും ഭാഗിക നിയന്ത്രണം നിലനില്‍ക്കും. ഉത്തരകൊറിയയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതു പൂര്‍ണമായി ഉപരോധിക്കണമെന്നായിരുന്നു യുഎസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. എണ്ണയും എണ്ണ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയാണു രക്ഷാ കൗണ്‍സില്‍ സ്വീകരിച്ച നടപടി. ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പ്രതിവര്‍ഷം 20 ബാരലായി കുറയ്ക്കണമെന്നും ഉപരോധ നിര്‍ദേശങ്ങളില്‍ വ്യവസ്ഥചെയ്യുന്നു. ഉത്തരകൊറിയയിലെ തൊഴിലാളികള്‍ക്കു പുതിയ തൊഴില്‍ അനുമതി നല്‍കുന്നതിനും വിലക്കുണ്ട്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വിദേശ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നും വിദേശയാത്രകള്‍ വിലക്കണമെന്നും യുഎസിന്റെ കരട് പ്രമേയത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. ചൈനയും റഷ്യയും പ്രമേയത്തെ ഭാഗികമായി അനുകൂലിച്ചത് ഉത്തര കൊറിയക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തുന്നതിനു സഹായകമായി. ഉത്തരകൊറിയയുടെ ഏറ്റവും വലിയ വാണിജ്യ-വ്യാപാര പങ്കാളിയാണ് ചൈന. റഷ്യക്കും ചൈനയ്ക്കും യുഎന്നില്‍ വീറ്റോ പവറുണ്ട്. അതിനാല്‍ രക്ഷാസമിതിയില്‍ ഈ രാജ്യങ്ങളുടെ അനുകൂല നിലപാട് സമ്പാദിക്കല്‍ യുഎസിന് വലിയ കടമ്പയായിരുന്നു. ഉത്തര കൊറിയക്ക് മേലുള്ള ശക്തമായ ഉപരോധമാണിതെന്നാണ് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി പറഞ്ഞത്. ലോക രാജ്യങ്ങള്‍ ഉപരോധം പ്രാവര്‍ത്തികമാക്കുന്നുവെങ്കില്‍ മാത്രമേ ഇതു നടപ്പാവുകയുള്ളൂ. ഐക്യരാഷ്ട്രസഭയില്‍ പ്രമേയത്തിന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമില്ലെന്നും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചൈനയുടെ പ്രസിഡന്റും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ നല്ല ബന്ധമാണെന്നും ഇതും അംഗീകാരത്തിനു സഹായകമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം യുഎസ് സഖ്യകക്ഷികളായ ഏഷ്യന്‍ രാജ്യങ്ങള്‍ യുഎന്‍ തീരുമാനം സ്വാഗതംചെയ്തു. ഉപരോധം ഏര്‍പ്പെടുത്തുന്നതിന് യുന്നിന് മേല്‍ സമ്മര്‍ദം ചെലുത്തിയാല്‍ യുഎസ് ദുഃഖിക്കേണ്ടിവരുമെന്ന് നേരത്തെ ഉത്തര കൊറിയ പറഞ്ഞിരുന്നു. പെട്ടെന്നു തീരുമാനമെടുക്കാന്‍ ഇത് യുഎന്നിനെ പ്രേരിപ്പിച്ചതായും അറിയുന്നു. ഇത് ഒമ്പതാമത്തെ തവണയാണ് 15 അംഗങ്ങളടങ്ങുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്. ആണവായുധ പരീക്ഷണാര്‍ഥം 2006ല്‍ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിനായിരുന്നു ആദ്യ ഉപരോധം. കിം ജോങ് ഉന്‍ ഭരണാധികാരിയായ ശേഷം നിരവധി തവണ ഉത്തര കൊറിയ മിസൈല്‍, ആണവപരീക്ഷണങ്ങള്‍ നടത്തി്. ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ ഗുവാങ് ദ്വീപ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതും തൊട്ടടുത്ത ദിവസം ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതും ഉപരോധത്തിനുള്ള കാരണമായതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss