|    Nov 17 Sat, 2018 6:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയയെ തകര്‍ക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് ട്രംപ്

Published : 20th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അവരെ പൂര്‍ണമായി നശിപ്പിക്കാന്‍ നിര്‍ബന്ധിതമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎന്‍ പൊതുസഭയില്‍ സംസാരിക്കവേയാണ് ട്രംപിന്റെ പ്രതികരണം. ആത്മഹത്യാപരമായ ദൗത്യത്തിലേര്‍പ്പെട്ട റോക്കറ്റ് മനുഷ്യനാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഉത്തരകൊറിയ പിന്‍മാറിയില്ലെങ്കില്‍ അവരെ ഇല്ലാതാക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. സ്വന്തം ഭരണകൂടത്തെ ഇല്ലാതാക്കാനും സ്വയം നശിക്കാനുമുള്ള നടപടികളാണ് റോക്കറ്റ് മനുഷ്യന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ആക്രമണോല്‍സുകമായ നിലപാട് സ്വീകരിക്കുന്ന കിം ജോങ് ഉന്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ യുഎന്‍ അംഗരാജ്യങ്ങള്‍ തയ്യാറാവണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, ഉത്തര കൊറിയയുമായുള്ള യുദ്ധം ഒഴിവാക്കാന്‍ നയതന്ത്രജ്ഞത പുലര്‍ത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് അംഗരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. രാഷ്ട്രീയ ലാഭത്തിനായി അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ ശ്രമിക്കുന്ന ലോകനേതാക്കളെ വിമര്‍ശിക്കുന്നതായും അദ്ദേഹം അറിയിച്ചു. യുഎസിലെ കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും തിരിച്ചയക്കാനുള്ള ട്രംപിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണു വിമര്‍ശനം. രാഷ്ട്രീയ ചര്‍ച്ചകളിലൂടെയാണ് ഉത്തര കൊറിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. നയതന്ത്രപരമായ മികവ് കാണിക്കേണ്ട അവസരമാണിത്. യുദ്ധത്തിലേക്ക് നടക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തര കൊറിയന്‍ അതിര്‍ത്തിക്കു സമീപം യുഎസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. യുദ്ധ സാഹചര്യങ്ങള്‍ പരിശീലിക്കുന്നതടക്കമുള്ള അഭ്യാസമാണ് സംഘടിപ്പിച്ചത്. ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള സൈനികാഭ്യാസത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊറിയന്‍ ഉപദ്വീപിനു മുകളിലേക്ക് യുഎസ് യുദ്ധവിമാനങ്ങള്‍ അയച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss