|    Oct 17 Wed, 2018 7:31 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയന്‍ ആണവ പ്രതിസന്ധി : ഉപരോധം നിഷ്ഫലമെന്ന് പുടിന്‍

Published : 6th September 2017 | Posted By: fsq

 

സിയാമെന്‍ (ചൈന): ഉത്തര കൊറിയക്കെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതു നിഷ്ഫലമാണെന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. ആണവ പരീക്ഷണങ്ങള്‍ പ്രകോപനപരമാണെങ്കിലും നയതന്ത്രപരിഹാരമാണു വേണ്ടതെന്നു പുടിന്‍ പറഞ്ഞു. സൈനിക ഉന്‍മാദം’ ശക്തിപ്പെടുന്നത് ആഗോള ദുരന്തത്തിലേക്കു നയിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. ചൈനീസ് നഗരമായ സിയാമെന്നില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ആണവ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയക്കെതിരേ ഉപരോധം ശക്തിപ്പെടുത്തണമെന്ന്് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുഎന്നില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈനയും ആവശ്യപ്പെട്ടു. പരീക്ഷണം തുടര്‍ന്നാല്‍ അതിര്‍ത്തി അടക്കുമെന്നും ഇന്ധന വ്യാപാരം അവസാനിപ്പിക്കുമെന്നും ചൈന വ്യക്തമാക്കി.അതേസമയം, തന്റെ രാജ്യം അടുത്തിടെ നടത്തിയ ‘സ്വയം പ്രതിരോധപ്രവര്‍ത്തനങ്ങള്‍’ യുഎസിനുള്ള സമ്മാനമാണെന്ന് ഉത്തര കൊറിയയുടെ യുഎന്‍ അംബാസഡര്‍ ഹാന്‍ തേയ് സോങ് ജനീവയില്‍ പറഞ്ഞു. തന്റെ രാജ്യത്തിനെതിരേ വീണ്ടുവിചാരമില്ലാത്ത സൈനിക പ്രകോപനങ്ങള്‍ തുടരുന്ന പക്ഷം കൂടുതല്‍ സമ്മാനങ്ങള്‍ യുഎസ് സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഉത്തര കൊറിയയെ ലക്ഷ്യമിട്ട് 2,100 മൈല്‍ മാത്രം അകലെ ഗുവാം മേഖലയില്‍ അമേരിക്ക സൈനികാഭ്യാസം ആരംഭിച്ചതിനെ തുടര്‍ന്നാണ് ഉത്തര കൊറിയ  ആണവ പരീക്ഷണങ്ങള്‍ ശക്തമാക്കിയത്. ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് അമേരിക്ക ഉപദ്വീപില്‍ നടത്തിയ പരിശീലനവും ഉത്തര കൊറിയയെ അലോസരപ്പെടുത്തിയിരുന്നു. പടിഞ്ഞാറന്‍ ശാന്തസമുദ്ര മേഖലയിലെ ഗുവാം ദ്വീപില്‍ ആറായിരത്തോളം അമേരിക്കന്‍ സൈനികരുണ്ട്. തന്ത്രപ്രധാന സൈനികത്താവളംകൂടിയായ ഗുവാം അമേരിക്കയുടെ അണ്വായുധ സംഭരണകേന്ദ്രവുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss