|    Aug 17 Thu, 2017 5:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയക്കെതിരായ ഉപരോധം യുഎന്‍ രക്ഷാസമിതി അംഗീകരിച്ചു

Published : 7th August 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ഉത്തര കൊറിയക്കെതിരായ ഉപരോധത്തിന് യുഎന്‍ രക്ഷാസമിതി അംഗീകാരം. രക്ഷാസമിതിയില്‍ യുഎസ് മുന്നോട്ടുവച്ച നിര്‍ദേശത്തിന്്് ചൈനയും റഷ്യയുമടക്കമുള്ള അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയായിരുന്നു.  ഇത്തര കൊറിയയുടെ മിസൈല്‍, ആണവ പരീക്ഷണങ്ങളുടെ പശ്്ചാത്തലത്തിലാണ് നടപടി. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം ഉത്തര കൊറിയക്കു മേല്‍ ഏര്‍പ്പെടുത്തുന്ന ആദ്യ ഉപരോധമാണിത്.  കല്‍ക്കരി, ഇരുമ്പ്, ഇരുമ്പ് ധാതുക്കള്‍, ലെഡ്, ലെഡ് ധാതുക്കള്‍, മത്സ്യം മറ്റ് സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി പൂര്‍ണമായും നിരോധിക്കാന്‍ യുഎസ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ കയറ്റുമതിയിലൂടെയുള്ള ഉത്തര കൊറിയയുടെ 300 കോടി ഡോളറോളം വരുമാനം നഷ്ടപ്പെടും.  ഉത്തര കൊറിയയില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ രക്ഷാസമിതി അംഗരാജ്യങ്ങള്‍ നിയന്ത്രണം വരുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. ഉത്തര കൊറിയയുമായുള്ള സംയുക്ത സംരഭങ്ങള്‍ ആരംഭിക്കുന്നതിനും പുതുതായി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും വിലക്കുണ്ട്്്.  ഐക്യരാഷ്ട്രസംഘടനയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലിയാണ് പ്രമേയം അവതരിപ്പിച്ചത്. യുഎന്‍ നടപടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദനമറിയിച്ചു. പ്രമേയം പാസാക്കുന്നതില്‍ സഹകരിച്ച റഷ്യക്കും ചൈനയ്ക്കും ഔദ്യോഗിക പ്രസ്താവനയില്‍ ട്രംപ് പ്രത്യേകം നന്ദി അറിയിച്ചു. ഉപരോധത്തോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചതായി കരുതുന്നില്ലെന്ന് നിക്കി ഹാലി പ്രതികരിച്ചു. പ്രശ്‌നപരിഹാരത്തിന് അടുത്തെത്താന്‍പോലും സാധിച്ചിട്ടില്ല. ഉത്തര കൊറിയന്‍ ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയും കൂടുതല്‍ അപകടകരമായി വളരുകയുമാണ്. കൂടുതല്‍ നടപടികള്‍ ആവശ്യമാണ്. യുഎസിനെയും സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിന് കൂടുതല്‍ പ്രതിരോധ നടപടികളുമായി മുന്നോട്ടുപോവുമെന്നും നിക്കിഹാലി വ്യക്തമാക്കി. അതേസമയം കൊറിയന്‍ മേഖലയ്ക്ക് ഭീഷണിയായ മിസൈല്‍ പരീക്ഷണങ്ങളില്‍നിന്ന് ഉത്തര കൊറിയ പിന്‍മാറണമെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഉത്തര  കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോയോടാണ് ഇക്കാര്യമാവശ്യപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക