|    Jun 19 Tue, 2018 2:53 am
Home   >  Todays Paper  >  page 7  >  

ഉത്തര്‍പ്രദേശ് ബിജെപി പട്ടിക: പ്രതിഷേധവുമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍

Published : 20th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിയിലെ പഴയ നേതാക്കളെ ഒഴിവാക്കി അടുത്തിടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് എത്തിയവര്‍ക്കു സ്ഥാനാര്‍ഥിപ്പട്ടികയില്‍ കൂടുതല്‍ പരിഗണന നല്‍കുന്നതില്‍ പാര്‍ട്ടിയില്‍ കടുത്ത അസംതൃപ്തി. പട്ടികയില്‍ അര്‍ഹരായ നേതാക്കളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ അശോക റോഡില്‍ സ്ഥിതിചെയ്യുന്ന ബിജെപി ആസ്ഥാനത്തിനു പുറത്ത് പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രകടനം നടത്തി. ഒരുവിഭാഗം പ്രവര്‍ത്തകര്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരേ മുദ്രാവാക്യങ്ങളും വിളിച്ചു. തങ്ങളെ അവഗണിച്ചതില്‍ ചില നേതാക്കള്‍ ബിജെപി ആസ്ഥാനത്ത് നേരിട്ടെത്തിയും പരാതിപ്പെട്ടു. തിങ്കളാഴ്ച ബിജെപി പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെട്ട 149 പേരില്‍ നല്ലൊരുഭാഗവും നേരത്തേ വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് അടുത്തിടെ ബിജെപിയില്‍ എത്തിയവരാണ്. പാര്‍ട്ടി അംഗത്വമില്ലാത്ത വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ‘പുറത്തു’നിന്നുള്ളവരെ പരിഗണിച്ചതിനാല്‍ സീറ്റ് നഷ്ടമായവരും അവരുടെ അനുയായികളുമാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ചിലര്‍ ഓഫിസ് കോംപൗണ്ടിനുള്ളില്‍ കടന്നും മുദ്രാവാക്യം വിളിച്ചു. ഗൗതംബുദ്ധ്‌നഗര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രധാനമായും പ്രതിഷേധത്തില്‍ പങ്കെടുത്തത്. പഴയപ്രവര്‍ത്തകരെ മാനിക്കുക, പുറത്തുനിന്നെത്തിയവരെ പരിഗണിക്കുമ്പോള്‍ ഉള്ളിലുള്ള മുതിര്‍ന്ന നേതാക്കളെ അവഗണിക്കാതിരിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.  നോയ്ഡയില്‍ നിന്നുള്ള എംപിയും കേന്ദ്ര സാംസ്‌കാരിക മന്ത്രിയുമായ മഹേഷ് ശര്‍മ, ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി ഓം മാഥൂര്‍ എന്നിവര്‍ക്കെതിരേ പേരെടുത്തുപറഞ്ഞ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. അവിശുദ്ധ മാര്‍ഗത്തിലൂടെ പാര്‍ട്ടി പിടിച്ചടക്കാനുള്ള മഹേഷ് ശര്‍മയുടെ ശ്രമം തടയുക എന്ന പ്ലക്കാര്‍ഡും പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. പൊതുപരിപാടികള്‍ നടത്താന്‍ പാര്‍ട്ടിക്കു പ്രവര്‍ത്തകരെ വേണമെന്നും എന്നാല്‍, സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനു പ്രവര്‍ത്തകരെ വേണ്ടെന്നും ചില പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു. എന്നാല്‍, വിജയം ഉറപ്പാക്കാനാണ് വിവിധ പാര്‍ട്ടികളില്‍നിന്നെത്തിയ ജനസ്വാധീനമുള്ള നേതാക്കള്‍ക്ക് സീറ്റ് കൊടുത്തതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച അമിത്ഷാ പുറത്തുവിട്ട പട്ടികയില്‍ ആര്‍എസ്എസിനു പോലും അതൃപ്തിയുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss