|    Feb 20 Mon, 2017 3:24 am
FLASH NEWS

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: മഹാസഖ്യമില്ല: മുലായം

Published : 11th November 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലെന്നും ലയനത്തിന് മാത്രമാണ് സാധ്യതയെന്നും സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് മുലായംസിങ് യാദവ്. ഇതോടെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ബിഹാര്‍ മാതൃകയില്‍ മഹാസഖ്യമുണ്ടാവുമെന്ന അഭ്യൂഹത്തിന് വിരാമമായി. തിരക്കിട്ട് വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് സഖ്യമില്ലെന്ന് മുലായം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി സഖ്യം സംബന്ധിച്ച് മുലായം ഡല്‍ഹിയിലും ലഖ്‌നോവിലും വച്ച് ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവുമായും കിഷോര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇത് സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹത്തിനിടയാക്കി.
എസ്പി സഖ്യമുണ്ടാക്കുന്നതിനോട് അഖിലേഷിന് വലിയ താല്‍പര്യമില്ല. സഖ്യമുണ്ടാക്കുക എളുപ്പമല്ലെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്. തനിച്ച് മല്‍സരിച്ച് ജയിക്കാനാവുമെന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു അഖിലേഷിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്. സഖ്യമുണ്ടായാല്‍ 300 സീറ്റ് നേടാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭയില്‍ 403 സീറ്റുകളാണുള്ളത്. സഖ്യം സംബന്ധിച്ച് ആര്‍എല്‍ഡി നേതാവ് അജിത് സിങുമായി മുലായം ചര്‍ച്ച നടത്തിയിരുന്നു. എസ്പിയുടെ രജതജൂബിലി ആഘോഷത്തില്‍ ജനതാപരിവാര്‍ കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കുകയുണ്ടായി. ബിജെപി അധികാരത്തില്‍ വരുന്നത് തടയേണ്ടതിന്റെ ആവശ്യകത ചടങ്ങില്‍ ജനതാപരിവാര്‍ നേതാക്കള്‍ ഊന്നിപ്പറയുകയും ചെയ്തു. എച്ച് ഡി ദേവഗൗഡ (ജെഡിഎസ്), ശരത് യാദവ് (ജെഡിയു), അജിത് സിങ് (ആര്‍എല്‍ഡി), ലാലുപ്രസാദ് യാദവ് (ആര്‍ജെഡി) എന്നീ നേതാക്കളാണ് എസ്പി റാലിയില്‍ പങ്കെടുത്തത്.
മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിന് എസ്പി നേതാവും മുലായത്തിന്റെ സഹോദരനുമായ ശിവപാല്‍ യാദവ് അനുകൂലമാണ്. എന്നാല്‍, മറ്റു കക്ഷികള്‍ക്ക് എത്ര സീറ്റ് നല്‍കണം എന്നതു സംബന്ധിച്ച് നേതാക്കള്‍ക്ക് സമവായത്തിലെത്താനായിട്ടില്ലെന്നാണ് എസ്പി വൃത്തങ്ങള്‍ പറയുന്നത്. തനിച്ചു മല്‍സരിക്കാന്‍ മുലായം തീരുമാനിച്ചതിനു പിന്നില്‍ ഇതാണെന്നാണ് അവര്‍ പറയുന്നത്. 100-125 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇപ്പോള്‍ നിലവിലുള്ള 29 സീറ്റിനപ്പുറം കോണ്‍ഗ്രസ്സിന് നല്‍കാന്‍ അഖിലേഷിന് താല്‍പര്യമില്ല. പശ്ചിമ യുപിയില്‍ സ്വാധീനമുള്ള അജിത് സിങിന്റെ ആര്‍എന്‍ഡിക്ക് എത്ര സീറ്റ് നല്‍കുമെന്നതിനും വ്യക്തത കൈവന്നില്ല. ജെഡിയു ആണെങ്കില്‍ യുപിയില്‍ വലിയ ശക്തിയുമല്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക