|    Oct 20 Sat, 2018 6:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശു മരണം : ഫാറൂഖാബാദില്‍ 49 കുഞ്ഞുങ്ങള്‍ മരിച്ചു

Published : 6th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിനു പിന്നാലെ ഫാറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലും കുട്ടികളുടെ കൂട്ടമരണം. ഫാറൂഖാബാദിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 49 നവജാതശിശുക്കളാണ് മതിയായ ചികില്‍സ ലഭിക്കാതെ മരിച്ചത്. ജൂലൈ 20നും ആഗസ്ത് 21നും ഇടയില്‍ 460 പ്രസവം നടന്നതില്‍ 49 നവജാതശിശുക്കള്‍ മരണമടഞ്ഞുവെന്നാണ് റിപോര്‍ട്ട്. മരുന്നുകളുടെയും ഓക്‌സിജന്റെയും അഭാവമാണ് മരണകാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഉമാകാന്ത് പാണ്ഡെ അടക്കം മൂന്നു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കുട്ടികളുടെ പോഷകാഹാരക്കുറവാണ് കൂട്ടമരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പല കുട്ടികളെയും മരിച്ചതിനുശേഷമാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകളോ മരുന്നുകളോ ഇല്ലെന്നാണ് റിപോര്‍ട്ടുകള്‍. ഓക്‌സിജന്‍ സിലിണ്ടറുകളടക്കം ആവശ്യത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ആശുപത്രി അധികൃതര്‍ക്ക് 19 തവണ നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍, അധികൃതര്‍ നടപടിയൊന്നും എടുത്തില്ലെന്നും ജില്ലാ പോലിസ് സൂപ്രണ്ട് ധ്യാനാനന്ദ് വ്യക്തമാക്കി. ചീഫ് മെഡിക്കല്‍ ഓഫിസര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഫാറൂഖാബാദിലെ ശിശുമരണത്തിന് കാരണം ഓക്‌സിജന്റെ കുറവല്ലെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശാന്ത് ത്രിവേദി പറഞ്ഞു. വിവിധ രോഗങ്ങളാണ് കുട്ടികള്‍ മരിക്കാന്‍ ഇടയാക്കിയത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഒരു സംഘം അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss