|    Apr 25 Tue, 2017 4:15 am
FLASH NEWS

ഉത്തര്‍പ്രദേശിലെ കുടുംബകലഹം

Published : 27th October 2016 | Posted By: SMR

പഴയ രാജകുടുംബങ്ങളുടെ ചരിത്രം ഓര്‍മിപ്പിക്കുംവിധം, ഉത്തര്‍പ്രദേശ് ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി നിയന്ത്രിക്കുന്ന മുലായംസിങ് യാദവിന്റെ കുടുംബം മദമാല്‍സര്യമോഹങ്ങളില്‍പ്പെട്ട് വലിയ ഭിന്നിപ്പിലാണ്. പാര്‍ട്ടി സ്ഥാപിച്ച മുലായം സിങ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും പാര്‍ട്ടിയുടെ അച്ചടക്കമില്ലായ്മയും പടലപ്പിണക്കങ്ങളും കൂടുതല്‍ ശക്തമായി വരുകയാണ്. പാര്‍ട്ടി അധ്യക്ഷനും മുലായമിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവും അഖിലേഷും തമ്മിലുള്ള കലഹം മൂര്‍ച്ഛിച്ചതോടെ അഖിലേഷ് ഗവര്‍ണറെ കണ്ടിരിക്കുന്നു. ഇരുകൂട്ടരും തമ്മിലുള്ള അധികാരവടംവലി അഖിലേഷ് മുഖ്യമന്ത്രിയായ അന്നുതന്നെ ആരംഭിച്ചതാണ്. വിദേശ വിദ്യാഭ്യാസം കഴിഞ്ഞ അഖിലേഷിന്റെ യുവത്വവും പ്രവര്‍ത്തനവാഞ്ഛയും തനിക്കു പാരയാവുമെന്ന ഭയം പിതാവ് മുലായമിനെത്തന്നെ പിടികൂടിയതായി പറയപ്പെടുന്നുണ്ട്. അഖിലേഷിന്റെ ഭരണമാവട്ടെ, സങ്കീര്‍ണമായ അനേകം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രവിശ്യയിലെ ജനങ്ങള്‍ക്കു വലിയ ഗുണംചെയ്തതായി കാണുന്നില്ല. തുടക്കത്തില്‍ വലിയ പ്രതീക്ഷയുണര്‍ത്തിയെങ്കിലും പരമ്പരാഗത രാഷ്ട്രീയക്കാരുടെ അതേ നയങ്ങള്‍തന്നെയായിരുന്നു അഖിലേഷ് പിന്തുടര്‍ന്നുപോന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 80 സീറ്റില്‍ 71 എണ്ണം അടിച്ചെടുത്തതിന്റെ കാരണങ്ങളിലൊന്ന് അഖിലേഷിന്റെ മോശം പ്രതിച്ഛായ തന്നെയായിരുന്നു. വര്‍ഗീയകലാപങ്ങള്‍ അതിനു സഹായം ചെയ്തിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ മാട്ടിറച്ചിയുടെ പേരിലും അല്ലാതെയും നടക്കുന്ന കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ ഭരണം തികഞ്ഞ പരാജയമായിരുന്നു. ഒരേസമയം വേട്ടനായക്കൊപ്പം ഓടുകയും മുയലിന്റെ സംരക്ഷകനായി നടിക്കുകയും ചെയ്യുന്ന തന്ത്രമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നത്. ഒരുവേള ബിജെപിയുമായിപ്പോലും സഖ്യത്തിലാവാന്‍ എസ്പി ശ്രമിച്ചതായി കേട്ടിരുന്നു.
അസംബ്ലി തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലുള്ള പൊട്ടിത്തെറി എന്തായാലും ഹിന്ദുത്വശക്തികള്‍ക്കാണ് ഗുണംചെയ്യാന്‍ പോവുന്നത്. കാല്‍നൂറ്റാണ്ടു മുമ്പ് അന്യംനിന്നുപോയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന് ഒരു തിരിച്ചുവരവിനുള്ള ശേഷിയുണ്ടെന്ന് രാഹുല്‍ഗാന്ധി പോലും കരുതുന്നുണ്ടാവില്ല. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ദലിതുകള്‍ക്കിടയിലുള്ള പിന്തുണ ഇപ്പോഴും ശക്തമാണെങ്കിലും ബിജെപിയെ ഒറ്റയ്ക്കു നേരിടാനുള്ള പ്രാപ്തിയുണ്ടെന്നു കരുതിക്കൂടാ. മുസ്‌ലിംകളാവട്ടെ, ഫ്യൂഡല്‍ പ്രഭുക്കന്‍മാരുടെയും മൗലാനമാരുടെയും അപ്പപ്പോള്‍ പ്രത്യക്ഷപ്പെടുന്ന രക്ഷകരുടെയും പിത്തലാട്ടങ്ങളില്‍ മയങ്ങി തനത് രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതില്‍ ഇപ്പോഴും വിമുഖരായി നില്‍ക്കുന്നു. ആകെ നോക്കുമ്പോള്‍ മതേതരശക്തികള്‍ ഭിന്നത മറന്നു കൈകോര്‍ക്കുന്നില്ലെങ്കില്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പുനരവതരണമായിരിക്കും ഉത്തര്‍പ്രദേശില്‍ നടക്കുക. ചരിത്രം ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആവര്‍ത്തിക്കുമെന്ന് മാര്‍ക്‌സ് പറഞ്ഞതു വെറുതെയല്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day