|    Mar 30 Thu, 2017 12:48 am
FLASH NEWS

ഉത്തരേന്ത്യയിലും അയല്‍രാജ്യങ്ങളിലും ഭൂചലനം; 176 മരണം

Published : 27th October 2015 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ശക്തമായ ഭൂചലനത്തില്‍ ഉത്തരേന്ത്യയും അഫ്ഗാനിസ്ഥാനും പാകിസ്താനും വിറച്ചു. കാശ്മീരില്‍ മൂന്നും പാകിസ്താനില്‍ 140ഉം അഫ്ഗാനിസ്താനില്‍ 33ഉം പേര്‍ മരിച്ചു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്താനിലെ ഹിന്ദുകുഷില്‍ ഭൂമിക്കടിയില്‍ 241 കിലോമീറ്റര്‍ ആഴത്തിലാണ്. നേപ്പാളിലും താജികിസ്താനിലും നേരിയ ചലനമുണ്ടായി.
പാകിസ്താനില്‍ ആദ്യ ഭൂകമ്പത്തിനു പിന്നാലെ 40 മിനിറ്റിനു ശേഷം 4.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി. തുടര്‍ചലനങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് പാക് ഭൗമശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കശ്മീരില്‍ റിയാസി ജില്ലയിലെ പത്തോടി ഗ്രാമത്തിലെ മുഹമ്മദ് അശ്‌റഫ് (16), അനന്ത്‌നാഗ് ജില്ലയില്‍ ഫാത്തിമ ബീഗം (80), ബാരാമുല്ലയിലെ സോനാബീഗം (65) എന്നിവരാണ് മരിച്ചത്. ഇതില്‍ രണ്ടുപേര്‍ ഭൂചലനത്തെ തുടര്‍ന്ന് ഹൃദയാഘാതം മൂലമാണ് മരിച്ചത്.
ഉത്തരേന്ത്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.43നു ശേഷമുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഒരു മിനിറ്റിലേറെ നീണ്ടുനിന്നു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ഭൗമപഠനകേന്ദ്രം അറിയിച്ചു.
ജമ്മു-കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പ്രധാനമായും ചലനം അനുഭവപ്പെട്ടത്. ഡല്‍ഹിയിലെ ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തിറങ്ങി. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇന്ത്യയില്‍ ജമ്മു-കശ്മീരിലാണ് താരതമ്യേന കൂടുതല്‍ നാശം വിതച്ചത്. കശ്മീരില്‍ വാര്‍ത്താവിനിമയ-വൈദ്യുതി ബന്ധം ഭാഗികമായി താറുമാറായി. ചില സ്ഥലങ്ങളില്‍ റോഡുകള്‍ വിണ്ടുകീറിയതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു. ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ വടക്കന്‍ കശ്മീരിലെ ബാരാമുല്ലയില്‍ ബങ്കര്‍ തകര്‍ന്ന് രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പാകിസ്താനും അഫ്ഗാനിസ്താനും സഹായം നല്‍കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
പാക്-അഫ്ഗാന്‍ അതിര്‍ത്തിയായ ഖൈബര്‍ പഖ്തൂന്‍ക്വ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഭൂകമ്പം ഏറ്റവുമധികം നാശം വിതച്ചത്. ഖൈബര്‍ പഖ്തൂന്‍ക്വയില്‍ മാത്രം നൂറിലേറെ പേര്‍ മരിച്ചു. പഞ്ചാബില്‍ അഞ്ചും പാക് അധീന കശ്മീരില്‍ ഒരാളും ഗില്‍ജിത് ബല്‍തിസ്താനില്‍ മൂന്നു പേരുമാണ് മരിച്ചത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു റിപോര്‍ട്ടുണ്ട്. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റോഡുകളിലേക്ക് മരങ്ങള്‍ വീണതും റോഡുകളില്‍ വിള്ളല്‍ വീണതും മൂലം ഗതാഗതം തടസ്സപ്പെട്ടതും വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ താറുമാറായതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
അഫ്ഗാന്റെ വടക്കുകിഴക്കന്‍ മേഖലയിലാണ് ആളപായമുള്ളത്. 33 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. തഖാര്‍ പ്രവിശ്യയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 12 വിദ്യാര്‍ഥിനികള്‍ മരിച്ചു.
ഏഴു പേര്‍ കിഴക്കന്‍ പ്രവിശ്യയായ നന്‍ഡഗര്‍ഹറിലും രണ്ടു പേര്‍ നൂരിസ്താനിലും മൂന്നു പേര്‍ കുനാര്‍ പ്രവിശ്യയിലും ഒമ്പതു പേര്‍ ബദഖ്ഷാനിലുമാണ് മരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ബദഖ്ഷാനില്‍ നാനൂറോളം വീടുകളാണ് തകര്‍ന്നത്. ലോകത്ത് ഏറ്റവുമധികം ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നാണ് ദക്ഷിണേഷ്യ.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day