|    Apr 26 Thu, 2018 1:59 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉത്തരാഖണ്ഡ്: ഹരീഷ് റാവത്തിന് തുടരാമെന്ന് സുപ്രിംകോടതി; രാഷ്ട്രപതിഭരണം പിന്‍വലിച്ചു

Published : 12th May 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒന്നര മാസത്തോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഹരീഷ് റാവത്ത് വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാവും. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ രാത്രി ഉത്തരവിറക്കി.
ചൊവ്വാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ റാവത്തിന്റെ കോണ്‍ഗ്രസ് മന്ത്രിസഭ 28നെതിരേ 33 വോട്ടുകളുടെ ഭൂരിപക്ഷം നേടിയതിനെത്തുടര്‍ന്നാണിത്. വോട്ടെടുപ്പ് ഫലം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ച സുപ്രിംകോടതി, കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതായി വെളിപ്പെടുത്തി. വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നിരീക്ഷകനായ നിയമസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുദ്രവച്ച കവറില്‍ കൈമാറിയിരുന്നു. ഇതോടൊപ്പം സ്പീക്കറുടെ റിപോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാണു ഫലം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് 33ഉം ബിജെപി 28ഉം വോട്ടുകള്‍ നേടി. സ്പീക്കര്‍ അയോഗ്യരാക്കിയ ഒമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ സുപ്രിംകോടതി വിലക്കുള്ളതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. ഇതാണു വിശ്വാസവോട്ടെടുപ്പില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന് ആശ്വാസമായത്.
ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ തയ്യാറാണെന്നു കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണു കേന്ദ്ര നിലപാട് അറിയിച്ചത്. ഇക്കാര്യം അംഗീകരിച്ച കോടതി, ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണമെന്നും ഇതിനുശേഷം റാവത്തിന് മുഖ്യമന്ത്രിയായി തുടരാമെന്നും വ്യക്തമാക്കി.
ഉത്തരാഖണ്ഡില്‍ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം ജുഡീഷ്യറിയിലൂടെ പുനസ്ഥാപിച്ചെന്നായിരുന്നു വോട്ടെടുപ്പ് ഫലം സുപ്രിംകോടതി പ്രഖ്യാപിച്ചതിനു ശേഷം ഹരീഷ് റാവത്തിന്റെ പ്രതികരണം. നീതിന്യായസംവിധാനങ്ങളോടു നന്ദിപറയുന്നു. പുതിയ തുടക്കത്തിനാണു ലക്ഷ്യമിടുന്നത്. പ്രതിസന്ധിഘട്ടത്തില്‍ പിന്തുണച്ച സോണിയഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയ പാര്‍ട്ടി നേതാക്കള്‍ക്കും ബിഎസ്പി അധ്യക്ഷ മായാവതിക്കും നന്ദി അറിയിച്ച റാവത്ത്, കേന്ദ്രസര്‍ക്കാരിന് നന്ദിരേഖപ്പെടുത്താനും മറന്നില്ല.
കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. സജീവ പിന്തുണ ആവശ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ടു താന്‍ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കാണുമെന്നും റാവത്ത് വെളിപ്പെടുത്തി. അതേസമയം, നരേന്ദ്രമോദി പാഠംപഠിച്ചെന്നാണു പ്രതീക്ഷിക്കുന്നതെന്നും ജനാധിപത്യത്തെ ഇല്ലായ്മചെയ്യാനുള്ള ശ്രമം സഹിക്കില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss