|    Jan 20 Fri, 2017 5:38 pm
FLASH NEWS

ഉത്തരാഖണ്ഡ്: വിശ്വാസവോട്ടെടുപ്പ് ഇന്ന്; പ്രതീക്ഷയോടെ കോണ്‍ഗ്രസ് വിമതര്‍ അയോഗ്യര്‍ തന്നെ

Published : 10th May 2016 | Posted By: mi.ptk

 മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ബിജെപിക്കു വീണ്ടും കനത്ത തിരിച്ചടി. ഇന്നു നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിമത എംഎല്‍എമാരെ വിലക്കിയ ഹൈക്കോടതി വിധിക്കെതിരേ വിമതര്‍ നല്‍കിയ ഹരജി സുപ്രിംകോടതി പരിഗണിച്ചില്ല. ഇതോടെ കൂറുമാറിയ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വോട്ടവകാശം ഉണ്ടാവില്ല. ഇവര്‍ അയോഗ്യരായി തന്നെ തുടരും. ഏതാനും മാസമായി തുടരുന്ന ഭരണപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ആശ്വാസം പകരുന്നതാണ് ഇരു കോടതികളുടെയും ഉത്തരവ്. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യംചെയ്ത് വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇന്നലെ രാവിലെയാണു നെറ്റിനാള്‍ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ ഉള്‍പ്പെടെയുള്ള പുറത്താക്കപ്പെട്ട എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹരജി തള്ളുന്നതായി കോടതി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍ വിഷയം ജൂലൈ 12ന് പരിഗണിക്കാമെന്നും അതുവരെ അയോഗ്യത തുടരുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. കോടതി വിധി തങ്ങള്‍ക്കനുകൂലമായത് കോണ്‍ഗ്രസ്സിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. വിധിയെ സ്വാഗതംചെയ്യുന്നുവെന്നായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായയുടെ പ്രതികരണം. ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ട്. എന്നാല്‍  ബിജെപി എന്ത് ഗൂഢാലോചനയാണ് നടത്തുകയെന്നതില്‍ ഭയവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഒമ്പത് കോണ്‍ഗ്രസ് സാമാജികരാണ് ഇതുവരെ മുന്നോട്ടുവന്നതെന്നും അസംതൃപ്തരായ കൂടുതല്‍ എംഎല്‍എമാര്‍ രംഗത്തുവരുമെന്നും  ഭൂരിപക്ഷം തെളിയിക്കാനാവുമെന്നാണു വിശ്വാസമെന്നും ബിജെപി വക്താവ് അനില്‍ ബാലൂനി പറഞ്ഞു. ഇന്നു രാവിലെ 11 മുതല്‍ ഒരുമണി വരെയാണു ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നത്. ഈ സമയകാലയളവില്‍ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഉണ്ടാവില്ല. നിയമസഭാ  പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വോട്ടെടുപ്പിന് മേല്‍നോട്ടം വഹിക്കുക. ഡിജിപി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാ ചുമതല. 70 അംഗ നിയമസഭയില്‍ അയോഗ്യരാക്കപ്പെട്ട സാമാജികരെ മാറ്റിനിര്‍ത്തിയാല്‍ 61 അംഗങ്ങള്‍ക്കാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാനാവുക. ബിജെപിക്ക് 28ഉം കോണ്‍ഗ്രസ്സിന് 27ഉം അംഗങ്ങളാണ് ഉള്ളത്. ബിഎസ്പി (2), ഉത്തരാഖണ്ഡ് ക്രാന്ത്രിദള്‍ (1), സ്വതന്ത്രര്‍ (3) എന്നിങ്ങനെയാണു മറ്റു കക്ഷിനില. പുരോഗമന ജനാധിപത്യ സഖ്യമെന്ന പേരില്‍ അറിയപ്പെടുന്ന ഇവരുടെ പിന്തുണ കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്. സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴും സഖ്യം റാവത്തിന് പിന്തുണ നല്‍കിയിരുന്നു.  ഭൂരിപക്ഷം തെളിയിക്കാന്‍ 31 വോട്ടാണു വേണ്ടത്. 28 അംഗങ്ങളില്‍ ഒരാളുടെ കാര്യത്തില്‍ ഉറപ്പില്ലാത്ത ബിജെപിക്ക് ജയസാധ്യത കടുത്ത വെല്ലുവിളിയാവും. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ ഭീംലാല്‍ ആര്യ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന സംശയമാണ് കുഴപ്പിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക