|    Mar 22 Thu, 2018 11:16 pm
Home   >  Editpage  >  Editorial  >  

ഉത്തരാഖണ്ഡ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍

Published : 13th May 2016 | Posted By: SMR

നീണ്ട രാഷ്ടീയ അനിശ്ചിതത്വത്തിനും നിയമയുദ്ധത്തിനും ശേഷം ഉത്തരാഖണ്ഡില്‍ റാവത്ത് മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തുന്നു. ഹരീഷ് റാവത്ത് 61ല്‍ 33 പേരുടെ പിന്തുണയോടെ വിശ്വാസ വോട്ട് നേടിയതായി സുപ്രിം കോടതി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിച്ചു സംസ്ഥാനത്ത് അധികാരം പിടിച്ചടക്കാന്‍ തന്ത്രം മെനഞ്ഞ ബിജെപിക്കും അതിന്റെ അധ്യക്ഷന്‍ അമിത്ഷായ്ക്കും തീര്‍ത്തും അപമാനകരമായ തിരിച്ചടിയാണിത്.
സംസ്ഥാന ഭരണകൂടങ്ങളെ പുറത്താക്കുന്നതിനു കേന്ദ്രം മുമ്പു സ്വീകരിച്ച അതേ തന്ത്രം തന്നെയാണു ബിജെപി സ്വീകരിച്ചത്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കുകള്‍ ഉപയോഗപ്പെടുത്തി ഒമ്പത് എംഎല്‍എമാരെ അടര്‍ത്തിയെടുത്തു. എന്നാല്‍ ധനബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്ത നിയമസഭാ സാമാജികരുടെ അംഗത്വം കൂറുമാറ്റ നിയമപ്രകാരം സ്പീക്കര്‍ അസാധുവാക്കി. പതിവുവിട്ടു മുഖ്യമന്ത്രിയെ സഭ വിളിച്ചുകൂട്ടി വിശ്വാസവോട്ട് നേടാന്‍ സമ്മതിക്കാതെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയാണ് കേന്ദ്ര മന്ത്രിസഭ ചെയ്തത്.
ബിജെപിയും ഒമ്പതു കോണ്‍ഗ്രസ് വിമതരും ചേര്‍ന്നാല്‍ സഭയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഒരു വശത്ത് സ്പീക്കറെ ഉപയോഗപ്പെടുത്തി വിമത അംഗങ്ങളുടെ അംഗത്വം റദ്ദാക്കിയ മുഖ്യമന്ത്രി തന്റെ മേധാവിത്വം ഉറപ്പുവരുത്തി. വിശ്വാസ വോട്ടെടുപ്പിനു മുമ്പ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതു നിലവിലുള്ള നിയമസംവിധാന വ്യവസ്ഥ അതിലംഘിച്ചാണെന്നു സുപ്രിം കോടതി വിധിച്ചത് അമിത്ഷായുടെ നീക്കങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്തു.
സുപ്രിം കോടതി നിര്‍ദേശമനുസരിച്ചു ചൊവ്വാഴ്ചത്തെ വോട്ടെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് 31 അംഗങ്ങളുടെ പിന്തുണയായിരുന്നു ആവശ്യം. സ്പീക്കര്‍ അയോഗ്യരാക്കിയ ഒമ്പതു വിമത അംഗങ്ങള്‍ക്കു വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്നു സുപ്രിം കോടതി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ വിജയം ഉറപ്പായിരുന്നു.
ഹരീഷ് റാവത്തിനു മുമ്പിലുള്ള കടമ്പകള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല. പിന്തുണ ഉറപ്പിക്കുന്നതിനായി കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നു. ഒമ്പതു സഭാംഗങ്ങളുടെ അംഗത്വം റദ്ദാക്കിയ സ്പീക്കറുടെ നടപടിയുടെ സാധുത ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയും സുപ്രിം കോടതിയുടെ മുമ്പിലുണ്ട്.
കേന്ദ്രസര്‍ക്കാരിന് സംസ്ഥാന ഭരണകൂടങ്ങളെ പുറത്താക്കാന്‍ അധികാരം നല്‍കുന്ന 356ാം വകുപ്പ് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഉദാഹരണമാണിത്. ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധികളായി നിയമസഭയില്‍ വന്നവരെ ഉപയോഗിച്ചു ഭരണകൂടത്തെ അട്ടിമറിക്കുന്നതു വലിയ അധാര്‍മികതയാണെന്നതില്‍ സംശയമില്ല. അതോടൊപ്പം കോണ്‍ഗ്രസ് മുഖ്യമന്ത്രി എംഎല്‍എമാരെ വരുതിയില്‍ നിര്‍ത്താന്‍ ഉപയോഗിച്ച രീതികളും അപലപിക്കപ്പെടേണ്ടതുതന്നെ. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പുമായി ബന്ധപ്പെട്ട ഇത്തരം സുപ്രധാന പ്രശ്‌നങ്ങള്‍ ഉത്തരാഖണ്ഡ് ഉയര്‍ത്തുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss