|    May 26 Fri, 2017 3:37 am
FLASH NEWS

ഉത്തരാഖണ്ഡില്‍ ചൈനീസ് സേനയുടെ കൈയേറ്റം

Published : 28th July 2016 | Posted By: SMR

ഡെറാഡൂണ്‍: അരുണാചല്‍പ്രദേശിനു പിന്നാലെ ഉത്തരാഖണ്ഡിലും ചൈനീസ് സൈന്യത്തിന്റെ കൈയേറ്റം. ഇരു രാജ്യങ്ങളും നിസ്സൈനിക മേഖലയായി പ്രഖ്യാപിച്ച ചമോലി ജില്ലയിലെ അതിര്‍ത്തിപ്രദേശമായ ബരഹോത്തിയിലാണു ചൈനയുടെ ജനകീയ വിമോചനസേന ആയുധങ്ങളുമായി അതിക്രമിച്ചു കടന്നത്.
ചൈനയും ഇന്ത്യയും അവകാശവാദം ഉന്നയിക്കുന്ന 80 ചതുരശ്ര കിലോമീറ്ററോളം വരുന്ന പ്രദേശത്ത് ഇരു രാജ്യങ്ങളുടെയും സൈനികര്‍ നേര്‍ക്കുനേര്‍ നിന്നതായാണു വിവരം. എന്നാല്‍ ഏറ്റുമുട്ടലുണ്ടാവാതെ ഇരുവിഭാഗവും പിന്‍മാറുകയായിരുന്നു. സ്ഥലം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട ചൈനീസ് സേന ഇന്ത്യന്‍ സംഘത്തെ തിരിച്ചയച്ചതായും റിപോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ 19ന് ചമോലി ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ഇന്തോ-തിബത്തന്‍ അതിര്‍ത്തി രക്ഷാസേന ബരഹോത്തിയില്‍ സര്‍വേ നടത്തവെയാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടത്.
മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഇക്കാര്യം സ്ഥിരീകരിച്ചു. പ്രദേശത്തെ പ്രധാനപ്പെട്ട കനാല്‍ കൈയടക്കാന്‍ ചൈനയ്ക്കു കഴിയാത്തത് ആശ്വാസകരമാണെന്നും സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
തര്‍ക്കം 1957 മുതല്‍
ചൈനയുമായി 350 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇന്ത്യയും ചൈനയും തമ്മില്‍ 1957 മുതല്‍ ബരഹോത്തി പ്രദേശത്തിന്റെ ഉടമസ്ഥതയ്ക്കായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മേഖലയില്‍ സൈന്യത്തെ ഇടപെടുത്തേണ്ടതില്ലെന്ന് ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. എന്നാല്‍ ചൈനയുടെ ഭാഗത്തുനിന്ന് മുമ്പും ലംഘനമുണ്ടായി.
കശ്മീരിലെ 3,80,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അവകാശപ്പെടുന്നതോടൊപ്പം അരുണാചലിന്റെ  90,0000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിലും ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day