|    May 30 Tue, 2017 3:16 pm
FLASH NEWS

ഉത്തരവുകള്‍ക്ക് വിലയില്ല; വാഹനങ്ങളില്‍ സണ്‍ ഫിലിമും എയര്‍ ഹോണുകളും വ്യാപകം

Published : 18th July 2016 | Posted By: SMR

നഹാസ് ആബിദീന്‍ നെട്ടൂര്‍

തൃപ്പൂണിത്തുറ: സംസ്ഥാനത്ത് നിരോധനം ലംഘിച്ച് വാഹനങ്ങളില്‍ സണ്‍ ഫിലിമിന്റെയും എയര്‍ ഹോണുകളുടെയും ഉപയോഗം വ്യാപകമാവുന്നു. മൗനം പാലിച്ച് അധികൃതര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സണ്‍ ഫിലിം പതിച്ചതും എയര്‍ ഹോണുകള്‍ പിടിപ്പിച്ചതുമായ ആയിരത്തിലധികം വാഹനങ്ങളാണ് ദിനംപ്രതി കേരളത്തിലെത്തുന്നത്.
കേരളത്തില്‍ ഇവയ്ക്ക് നിരോധനമുണ്ടെങ്കിലും ഇതര സംസ്ഥാന വാഹനങ്ങള്‍ പരിശോധിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറാവുന്നില്ല. ഇത്തരം വാഹനങ്ങളില്‍ കേരളത്തില്‍ നിരോധിച്ച പല വസ്തുക്കളും കടത്തിക്കൊണ്ടുവരുന്നുണ്ടെന്നാണ് വിവരം. 1989ലെ മോട്ടോര്‍ വാഹന നിയമത്തില്‍ വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിമും സുതാര്യമല്ലാത്ത മറ്റ് ഫിലിമുകളും ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം ഫിലിമുകള്‍ ഒട്ടിച്ചു പോവുന്ന മിക്ക വാഹനങ്ങളിലും തട്ടിക്കൊണ്ടുപോവലും അനാശാസ്യ പ്രവര്‍ത്തനങ്ങളും തുടങ്ങി 12 ഓളം കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. 2012 ഏപ്രില്‍ 27ന് സുപ്രിംകോടതി സണ്‍ ഫിലിം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. മോട്ടോര്‍ വാഹന നിയമത്തിലെ 177 വകുപ്പ് പ്രകാരം ഏറ്റവും കുറഞ്ഞ പിഴ 100 രൂപയാണ്.
പിടികൂടുന്ന വാഹനങ്ങളില്‍ നിന്നു കൂളിങ് ഫിലിം അഴിച്ച് കളയണമെന്നതാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. നടപടിക്ക് തടസ്സനിന്നാല്‍ വാഹനം കസ്റ്റഡിയിലെടുക്കാമെന്നും കോടതി നിര്‍ദേശമുണ്ട്. വാഹനത്തിനകത്തുള്ളവരെ വ്യക്തമായി കാണാന്‍ കഴിയുന്നവിധം 70 ശതമാനം സുതാര്യത ഗ്ലാസിനുണ്ടായിരിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഉത്തരവ് വന്നതോടെ നിയമം കര്‍ശനമാക്കി യിരുന്നെങ്കിലും ഇപ്പോള്‍ അധികൃതര്‍ ശ്രദ്ധിക്കാനോ നടപടിയെടുക്കാനോ ശ്രമിക്കുന്നില്ല. ആഡംബര വാഹനങ്ങളാണ് ഇത്തരം നിയമലംഘനങ്ങളില്‍ മുന്‍പന്തിയില്‍.
എയര്‍ ഹോണുകളുടെ കാര്യത്തിലും സംസ്ഥാനത്ത് സമാന സ്ഥിതിയാണ്. വലിയ വോള്‍വോ ബസ്സുകളും ലോറികളിലും എയര്‍ ഹോണുകള്‍ വ്യാപകമാവുന്നുണ്ടെങ്കിലും അധികൃതര്‍ ഇത് കേട്ട ഭാവം നടിക്കുന്നില്ല. വാഹനങ്ങള്‍ ടെസ്റ്റ് വര്‍ക്ക് നടത്തുമ്പോള്‍ ഹോണുകള്‍ പിടിപ്പിക്കാറില്ല. അതിന് ശേഷമാണ് ഇവ പിടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം അധികൃതരുടെ മുന്നിലൂടെ എയര്‍ ഹോണുകള്‍ മുഴക്കി വാഹനങ്ങള്‍ പാഞ്ഞു പോവുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day