|    Jan 21 Sat, 2017 11:17 pm
FLASH NEWS

ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം ശതാബ്ദിയുടെ നിറവില്‍

Published : 5th September 2016 | Posted By: SMR

കാസര്‍കോട്: പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും നീലേശ്വരം, പടന്നക്കാട് പ്രാദേശിക കൃഷി ഗവേഷണ കേന്ദ്രത്തിന്റെയും ശതാബ്ദി ആഘോഷത്തിന് എട്ടിന് തുടക്കമാവുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശതാബ്ദിയാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എട്ടിന് രാവിലെ 9.30ന് തിരുവന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് സങ്കരയിനം തെങ്ങിന്‍തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവരും തെങ്ങിന്‍ തൈകള്‍ നടും.  ഒരു വര്‍ഷംനീളുന്ന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കാര്‍ഷിക സെമിനാറുകള്‍, പരിശീലന പരിപാടികള്‍, ജൈവ നെല്‍കൃഷി ശില്‍പശാല, കാര്‍ഷിക മല്‍സരങ്ങള്‍, ജൈവ നെല്‍ ഉല്‍പാദന പദ്ധതികള്‍ എന്നിവ നടത്തും.
ആഘോഷ പരിപാടികളുടെ സമാപനം കുറിച്ച് ഫാംഷോ എന്ന പേരില്‍ നൂതന കാര്‍ഷിക പ്രദര്‍ശനവും നടത്തും. പടന്നക്കാട് കാര്‍ഷിക കോളജില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള ഗസ്റ്റ് ഹൗസ്, ട്രെയിനീസ് ഹോസ്റ്റല്‍, ഗസ്റ്റ് ഹൗസിലേക്കും ഹോസ്റ്റലിലേക്കും ദേശീയപാതയില്‍ നിന്ന് നേരിട്ടെത്താനുള്ള പ്രവേശന കവാടം, കാര്‍ഷിക ഉല്‍പന്നങ്ങളിലെ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനുള്ള ലബോറട്ടറി, ഔഷധ സസ്യ പ്രദര്‍ശന തോട്ടം എന്നിവയുടെ ഉദ്ഘാടനം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തും.
1916ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് മദിരാശി സര്‍ക്കാര്‍ കാസര്‍കോട്ട് നാലിടങ്ങളിലായി ആരംഭിച്ച നാളികേര ഗവേഷണ തോട്ടങ്ങളില്‍ ഒന്നാണ് കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലെ ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രമായി മാറിയത്.
ചരല്‍മണ്ണുള്ള പിലിക്കോട്, ചുവന്ന മണ്ണുള്ള കാസര്‍കോട്, മണല്‍ മണ്ണുള്ള പടന്നക്കാട്, പശിമ മണ്ണുള്ള നീലേശ്വരം എന്നിവിടങ്ങളില്‍ തെങ്ങിന്‍തോട്ടങ്ങളാണ് പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമായി മാറിയത്. നീര ഉല്‍പാദന യൂനിറ്റും ടീഷ്യുകള്‍ച്ചര്‍ വാഴ ഉല്‍പാദന യൂനിറ്റും ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ എം രാജഗോപാലന്‍ എംഎല്‍എ, ഡെപ്യൂട്ടി കലക്ടര്‍ പി കെ ജയശ്രീ, പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം അസോ. ഡയറക്ടര്‍ ഡോ. ബി ജയപ്രകാശ് നായക്, ഡോ. കെ എന്‍ സതീശന്‍, ഡോ. ടി വനജ, പി കെ രതീഷ്, ഡോ. എ വി മീരമഞ്ജുഷ, ഡോ. ടി സന്തോഷ് കുമാര്‍, പി വി സുരേന്ദ്രന്‍ സംബന്ധിച്ചു.
30 ഏക്കറില്‍ ജൈവ നെല്‍കൃഷി
കാസര്‍കോട്: പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 30 ഏക്കര്‍ വയലില്‍ പുഞ്ചപ്പാടം എന്ന പേരില്‍ ജൈവ നെല്‍കൃഷി ചെയ്യാന്‍ പദ്ധതി തയ്യാറാക്കി.
പിലിക്കോട് പഞ്ചായത്ത്, കൃഷി വകുപ്പ്, കുടുംബശ്രീ, പിലിക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നബാര്‍ഡ്, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജൈവ രീതിയില്‍ ആരോഗ്യ പ്രദമായ നെല്ല് ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്തിലെ പാടശേഖര സമിതിയിലെ കര്‍ഷകരുടെ സഹായത്തോടെ പിലിക്കോട് കാര്‍ഷിക കേന്ദ്രമാണ് പദ്ധതി നടപ്പിലാക്കുക. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ രക്ഷാധികാരിയും പഞ്ചായത്തംഗം ടി ഓമന ചെയര്‍പേഴ്‌സനായും പാടശേഖര സമിതി സെക്രട്ടറി തമ്പാന്‍ കണ്‍വീനറുമായി സംഘാടക സമിതി രുപീകരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക