|    Apr 22 Sun, 2018 1:05 am
FLASH NEWS
Home   >  Editpage  >  Article  >  

ഉത്തരക്കടലാസ് ഇനി ഉദ്യോഗാര്‍ഥിക്കു സ്വന്തം

Published : 7th February 2016 | Posted By: SMR

slug-avkshngl-nishdnglആന്റപ്പന്‍ ആളൊരു മര്യാദക്കാരനായിരുന്നു. പഠനത്തിനുശേഷം മറ്റൊരു പണിയും ലഭിക്കാത്തതിനാല്‍ ഒരു സ്വയംസംരംഭം എന്ന നിലയില്‍ അയാള്‍ ഒരു ചെറിയ കുറിക്കമ്പനി തുടങ്ങി.അപ്പോഴാണ് സര്‍ക്കാര്‍ വക ചിട്ടിക്കമ്പനിയിലെ ശിപായിമാരുടെ ഒഴിവുകളിലേക്ക് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചത്. ആന്റപ്പന്‍ അപേക്ഷ അയച്ചു. വര്‍ഷം പലതു കഴിഞ്ഞിട്ടും ശിപായി തസ്തികയിലേക്കുള്ള നിയമനപ്രക്രിയ എവിടെയുമെത്തിയില്ല. അപേക്ഷയുടെ തല്‍സ്ഥിതി ആരാഞ്ഞുകൊണ്ട് ആന്റപ്പന്‍ വിവരാവകാശ നിയമപ്രകാരം പിഎസ്‌സിക്ക് അപേക്ഷ നല്‍കി. പിഎസ്‌സിയില്‍ നിന്നു ലഭിച്ച മറുപടി ഒട്ടും ആശയ്ക്കു വക നല്‍കുന്നതായിരുന്നില്ല. വിവരാവകാശനിയമത്തിന്റെ പരിധിയില്‍ പ്രസ്തുത സ്ഥാപനം വരില്ലെന്നായിരുന്നു മറുപടി.
വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്ന് 10 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും പല സര്‍ക്കാര്‍ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വന്നിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസം സുപ്രിംകോടതിയുടെ ഒരു സുപ്രധാന ഉത്തരവില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് പറഞ്ഞത് ഉദ്യോഗാര്‍ഥികള്‍ക്കും മറ്റും വളരെയധികം പ്രയോജനപ്രദമാവുന്ന ഒന്നാണ്. 2011ല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച സമാനമായ ഉത്തരവിനെതിരേ പിഎസ്‌സി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി, ഹൈക്കോടതി വിധി ശരിവച്ചുകൊണ്ട് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വിവരാവകാശനിയമം ബാധകമാണെന്നു വിധി പ്രസ്താവിച്ചത്. ഭരണഘടനാസ്ഥാപനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനും അതിലൂടെ പൊതുജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതിനും ഇത്തരം നിയമങ്ങള്‍ ഉപകരിക്കുമെന്നു നിരീക്ഷിച്ച കോടതി, വിവരാവകാശനിയമമനുസരിച്ച് ആവശ്യപ്പെട്ടാല്‍ പിഎസ്‌സി ടെസ്റ്റുകളുടെ ഉത്തരക്കടലാസുകളും ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള സംഗതികളില്‍ ലഭിച്ച മാര്‍ക്കിന്റെ വിവരങ്ങളും കൈമാറാന്‍ പിഎസ്‌സിക്കു ബാധ്യതയുണ്ടെന്നും വ്യക്തമാക്കി.
ഉദ്യോഗാര്‍ഥികള്‍ക്ക് രേഖകള്‍ കൈമാറി അവ പരസ്യപ്പെടുത്താന്‍ ഇടയായാല്‍ അതുമൂലം പരീക്ഷകളുടെ രഹസ്യസ്വഭാവം തന്നെ നഷ്ടപ്പെടുമെന്ന പിഎസ്‌സിയുടെ വാദം തള്ളിക്കളഞ്ഞ കോടതി മല്‍സരപ്പരീക്ഷകളുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്തുന്നത് സുതാര്യത ഉറപ്പാക്കാന്‍ സഹായകമാവുമെന്ന് പറയുകയുണ്ടായി. എന്നാല്‍, പരീക്ഷയുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസുകള്‍ നോക്കുന്നവരുടെ വിവരം വെളിപ്പെടുത്തേണ്ടതില്ലെന്ന് കോടതി നിര്‍ദേശിക്കുകയുണ്ടായി. പിഎസ്‌സിയും ഉത്തരക്കടലാസ് പരിശോധകരും തമ്മിലുള്ള പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധം വെളിപ്പെടുത്തുന്നതുകൊണ്ട് ഉദ്യോഗാര്‍ഥികള്‍ക്കോ പൊതുജനങ്ങള്‍ക്കോ യാതൊരുവിധ നേട്ടവുമുണ്ടാവാനിടയില്ലെന്നും മറിച്ച് ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ആശയക്കുഴപ്പത്തിനും സംഘര്‍ഷത്തിനും ഇടയാക്കുമെന്നും അതിനാല്‍ ഉത്തരക്കടലാസ് പരിശോധകരുടെ പേരുവിവരം പുറത്തുവിടുന്നത് അനുവദിക്കാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
കേരളത്തിലെ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ ഭൂരിഭാഗവും പിഎസ്‌സി മുഖേനയാണു നടന്നുവരുന്നത്. പിഎസ്‌സി അതിന്റെ നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പാക്കാനുതകുന്ന വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി പ്രസ്തുത ഭരണഘടനാസ്ഥാപനം വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്നു വിധിച്ചിട്ടുള്ളത്. പണവും പ്രതാപവും രാഷ്ട്രീയ പിന്‍ബലവും മറ്റ് സ്വാധീനവും ഇല്ലാത്ത ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായുള്ള നെട്ടോട്ടത്തില്‍ തങ്ങളുടെ യോഗ്യതാമാനദണ്ഡമായ മല്‍സരപ്പരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാര്‍ക്കറിയാന്‍ സ്വാഭാവികമായും ആകാംക്ഷ കാണും. അത്തരക്കാര്‍ക്ക് തങ്ങളേക്കാള്‍ യോഗ്യത കുറഞ്ഞവര്‍ പിന്‍വാതിലിലൂടെ ഉദ്യോഗങ്ങളില്‍ കയറിപ്പറ്റുന്നത് തടയാന്‍ ഈ വിധി സഹായകമാവും.
നമ്മുടെ രാജ്യത്ത് സര്‍ക്കാര്‍ സര്‍വീസിലേക്കും മറ്റും പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ക്ക് പുറമേ മറ്റു പല സര്‍ക്കാര്‍ ഏജന്‍സികളും വിവിധ ജോലികള്‍ക്കായി റിക്രൂട്ട്‌മെന്റ് നടത്തിവരുന്നുണ്ട്. അത്തരം സ്ഥാപനങ്ങളില്‍ അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും അധിഷ്ഠിതമായ നിയമനങ്ങളാണു ഭൂരിഭാഗവും നടന്നുവരുന്നത്. ബാങ്കിങ് പേഴ്‌സനല്‍ സെലക്ഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള സ്ഥാപനങ്ങളിലൂടെയുള്ള നിയമനങ്ങളും മറ്റും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരേണ്ടത് ആവശ്യമാണ്. അഭ്യസ്തവിദ്യര്‍ക്ക് ജോലി ഒരു സ്വപ്‌നമാവാതിരിക്കാന്‍ വിവരാവകാശനിയമത്തിനു സഹായിക്കാന്‍ കഴിയുമെന്നാണു കോടതി വിധി നമ്മെ പഠിപ്പിക്കുന്നത്. $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss