|    Nov 17 Sat, 2018 6:06 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തരകൊറിയ ആണവ പരീക്ഷണം തുടരുന്നു

Published : 5th August 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക് സിറ്റി: ഉത്തരകൊറിയ തങ്ങളുടെ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് യുഎന്‍ റിപോര്‍ട്ട്. ഉത്തരകൊറിയക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുഎന്‍ രക്ഷാസമിതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലുള്ളത്.
കഴിഞ്ഞദിവസം യുഎസ് രഹസ്യാനേഷണ ഏജന്‍സികളും മാധ്യമങ്ങളും പുറത്തുവിട്ട റിപോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് ഇത്. അമേരിക്ക ആരോപിച്ചതിലും കൂടുതല്‍ കാര്യങ്ങള്‍ യുഎന്‍ റിപോര്‍ട്ടിലുണ്ട്. ഇപ്പോഴും ആണവപരീക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ ഉത്തരകൊറിയ ഏര്‍പ്പെടുന്നുണ്ടെന്നും ഇത് ലോകത്തിനു തന്നെ ഭീഷണിയായിരിക്കുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
അതേസമയം, രാഷ്ട്രീയമായി ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന റിപോര്‍ട്ട് കൂടിയാണ്. ഉത്തരകൊറിയക്കെതിരേ ഉപരോധം സംബന്ധിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതിന് വിദഗ്ധ സമിതി സമര്‍പ്പിച്ചതാണ് റിപോര്‍ട്ട്. യുഎസ് സുരക്ഷാ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ മുഴുവന്‍ കിം ജോങ് ഉന്‍ കാറ്റില്‍പ്പറത്തിയെന്നാണ് റിപോര്‍ട്ടിലുള്ളത്. നിയമവിരുദ്ധമായി കടല്‍മാര്‍ഗം വലിയതോതില്‍ എണ്ണയുല്‍പന്നങ്ങള്‍ ഉത്തരകൊറിയ കൈമാറ്റം ചെയ്യുന്നു. വന്‍തോതില്‍ ആയുധവില്‍പന നടത്തുന്നു. തുടങ്ങി ഉത്തരകൊറിയക്കു മേല്‍ ചുമത്തിയിട്ടുള്ള സാമ്പത്തിക ഉപരോധം നിഷ്ഫലമായെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, റിപോര്‍ട്ടിനോട് ഉത്തരകൊറിയ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഉത്തരകൊറിയ പുതിയ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തിന്റെ പണിപ്പുരയിലാണെന്നു യുഎസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ആണവപരീക്ഷണശാലയില്‍ പ്രവൃത്തികള്‍ നടക്കുന്നതായി ചാരഉപഗ്രഹങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ സഹിതം യുഎസ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരും കിം ജോങ് ഉന്നുമായി നടത്തിയ ചര്‍ച്ചയിലെ പ്രധാന വിഷയം ആണവ നിരായുധീകരണമായിരുന്നു.
അതേസമയം, ഉത്തരകൊറിയക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി ഉപരോധം തുടരണമെന്നു മറ്റു രാജ്യങ്ങളോട് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. ആണവനിരായുധീകരണം പൂര്‍ണമായും നടപ്പാക്കാന്‍ നയതന്ത്ര-സാമ്പത്തിക സമ്മര്‍ദം ഏര്‍പ്പെടുത്തണമെന്നാണ് പോംപിയോ ആവശ്യപ്പെട്ടത്. എന്നാല്‍, യുഎസ് നടപടികള്‍ ഭയപ്പെടുത്തുന്നതായി ഉത്തരകൊറിയയുടെ വിദേശകാര്യമന്ത്രി റി യോങ് ഹോ പറഞ്ഞു.
റഷ്യ ഉത്തരകൊറിയക്ക് അനുകൂലമായ നടപടികളാണ് കൈക്കൊള്ളുന്നതെന്നും ആയിരക്കണക്കിന് കൊറിയക്കാര്‍ക്ക് റഷ്യ ജോലി നല്‍കിയതായും പോംപിയോ ആരോപിച്ചിരുന്നു. ഇത് റഷ്യ നിഷേധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss