|    Aug 21 Mon, 2017 5:40 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തരകൊറിയയെ ലക്ഷ്യമിട്ട് സൈനികാഭ്യാസം

Published : 12th August 2017 | Posted By: fsq

 

വാഷിങ്ടണ്‍/സോള്‍: ഉത്തരകൊറിയയുടെ ആക്രമണഭീഷണി തുടരുന്നതിനിടെ സംയുക്ത സൈനികാഭ്യാസവുമായി മുന്നോട്ടുപോവാന്‍ യുഎസ്-ദക്ഷിണകൊറിയ ധാരണ. ഈ മാസം അവസാനം 21 മുതല്‍ 31വരെയാണ് ഉള്‍ചി ഫ്രീഡം എന്ന സൈനികാഭ്യാസം സംഘടിപ്പിക്കുന്നത്. പതിനായിരക്കണക്കിന് സൈനികര്‍ പങ്കെടുക്കും. യുഎസിനു കീഴിലുള്ള ഗുവാം ദ്വീപില്‍ ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഈമാസം പകുതിയോടെ ആക്രമണമുണ്ടാവുമെന്ന് ഉത്തരകൊറിയയുടെ കെസിഎന്‍എ വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ഹ്വാസോങ് 12 മധ്യദൂര മിസൈല്‍ ഉപയോഗിച്ചായിരിക്കും ആക്രമണമെന്നും ഉത്തരകൊറിയ വ്യക്തമാക്കുന്നു. ഉത്തരകൊറിയക്കെതിരായ പ്രതിരോധമെന്ന നിലയിലാണ് യുഎസ് ദക്ഷിണകൊറിയ സൈനികാഭ്യാസം. സൈനികാഭ്യാസത്തിന്റെ കാര്യം ദക്ഷിണകൊറിയയിലെ യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുമ്പ് സംഘടിപ്പിച്ച ഇത്തരം സൈനികാഭ്യാസങ്ങളില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെയും ഉന്നതോദ്യോഗസ്ഥരെയും വധിക്കുന്നതിനുള്ള പരിശീലനം നടന്നതായാണു കരുതപ്പെടുന്നത്. ഉത്തരകൊറിയയെ ഭീഷണിപ്പെടുത്തിയുള്ള  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന ഇന്നലെ പുറത്തുവന്നിരുന്നു. യുഎസിന്റെ സൈനികശക്തി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്, ഉത്തരകൊറിയ വിവേകരഹിതമായി പെരുമാറുമോ എന്നു ചോദിച്ചുകൊണ്ടുള്ള ട്വീറ്റില്‍ കിം ജോങ് ഉന്‍ മറ്റൊരു മാര്‍ഗം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടു.  ഉത്തരകൊറിയക്കെതിരേ യുഎസ് ശുപാര്‍ശചെയ്ത ഉപരോധങ്ങള്‍ക്ക് യുഎന്‍ രക്ഷാ സമിതി കഴിഞ്ഞവാരം അംഗീകാരം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് യുഎസിനെതിരേ ആയിരമിരട്ടി ശക്തിയില്‍ തിരിച്ചടിയുണ്ടാവുമെന്ന് കിം ജോങ് ഉന്‍ പ്രതികരിക്കുകയും ചെയ്തു. രണ്ടു ദിവസത്തിനുള്ളില്‍ പരസ്പരം ആക്രമണഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള യുഎസിന്റെയും ഉത്തരകൊറിയയുടെയും പ്രഖ്യാപനങ്ങളും പുറത്തുവന്നു.അതേസമയം, ഗുവാം ആക്രമിച്ചാല്‍ ഉത്തരകൊറിയ ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണുണ്ടാവുകയെന്ന് ട്രംപ് പറഞ്ഞു. യുഎസിന്റെ വാക്കുകളും പെരുമാറ്റവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉത്തരകൊറിയന്‍ സേന പ്രസ്താവനയില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക