|    Oct 23 Tue, 2018 7:23 am
FLASH NEWS

ഉത്തരകേരളത്തില്‍ ശ്വാസകോശാര്‍ബുദം വ്യാപകമാവുന്നു; മുഖ്യകാരണം പുകയില

Published : 25th January 2017 | Posted By: fsq

 

കോഴിക്കോട്: ഉത്തര കേരളത്തില്‍ വ്യാപകമാവുന്ന ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പുകയില ഉപയോഗമാണെന്ന് കണ്ണൂരിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ (എംസിസി) നടത്തിയ പഠനം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ അര്‍ബുദ രോഗികളില്‍ 36 ശതമാനം പേര്‍ക്ക് പുകവലി ശീലമുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. പുനരവലോകന പഠനം (ജോഗ്രഫിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ ഓഫ് ക്യാന്‍സര്‍ ഇന്‍ നോര്‍ത്തേണ്‍ കേരള, ഇന്ത്യ : ഏ റിട്രോസ്‌പെക്റ്റീവ് അനാലിസിസ്) എന്നുപേരിട്ടിരിക്കുന്ന പഠനം ഇന്ത്യന്‍ ജേണല്‍ ഓഫ് അപ്ലൈഡ് റിസര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 40 ശതമാനം പുകവലിക്കാരായ രോഗികളുമായി കാസര്‍കോഡാണ് ആദ്യസ്ഥാനത്ത്. 34 ശതമാനം രോഗികള്‍ കണ്ണൂരില്‍ പുകവലിക്കുമ്പോള്‍ കോഴിക്കോട് അത് 33 ശതമാനമാണ്.2011ലെ കണക്കനുസരിച്ച് 1,259 പുരുഷന്‍മാരും 1,107 സ്ത്രീകളുമായി 2,366 രോഗികളാണ് എംസിസിയില്‍ രജിസ്റ്റര്‍ ചെയ്തത്. ശ്വാസകോശ-സ്തനാര്‍ബുദങ്ങളാണ് ഈ മൂന്ന് ജില്ലകളില്‍ ഏറെ കണ്ടുവരുന്നത്. കണ്ണൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട അര്‍ബുദങ്ങളില്‍ 15 ശതമാനം വീതം ശ്വാസകോശ, സ്തനാര്‍ബുദങ്ങളാണ്. കോഴിക്കോട് ഇത് യാഥാക്രമം 11, 13 ശതമാനവും കാസര്‍കോഡ് 13, 15 ശതമാനവുമാണ്. പാസീവ് സ്‌മോക്കിംഗിന്റെ ദൂഷ്യഫലങ്ങളും പഠനം സൂചിപ്പിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത സ്ത്രീ രോഗികളില്‍ 10 ശതമാനം പേരും പാസീവ് സ്‌മോക്കിങ്ങ് വിഭാഗത്തില്‍ വരുന്നു. പുകവലിക്ക് ലിംഫോമ, ലുക്കീമിയ, സ്തനാര്‍ബുദം, ഉദര, തലച്ചോര്‍ ക്യാന്‍സറുകള്‍ എന്നിവയോടെല്ലാം ബന്ധമുള്ളതായി ശാസ്ത്രീയ രേഖകള്‍ ഉദ്ധരിച്ച് പഠനം പറയുന്നുണ്ട്.രോഗികളില്‍ വെറ്റില മുറുക്കുന്ന ശീലം കണ്ണൂരില്‍ 14 ശതമാനവും കാസര്‍കോട്ട് 19 ശതമാനവും കോഴിക്കോട്ട് 16 ശതമാനവുമാണ്. പുകയില ഉപയോഗിച്ചും പുകയില ഇല്ലാതെയും വെറ്റില മുറുക്കുന്നത് മനുഷ്യരില്‍ അര്‍ബുദകാരണമാകുമെന്ന് ലോകാരോഗ്യസംഘടനയുടെ അര്‍ബുദ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര ഏജന്‍സി (ദി ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ക്യാന്‍സര്‍ റിസേര്‍ച്ച് ഐഏആര്‍സി)യും ശാസ്ത്രീയപഠനങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.പുകയില നിയന്ത്രണമാണ് അര്‍ബുദം തടയുന്നതിനുള്ള മികച്ച മാര്‍ഗമെന്ന വസ്തുതയ്ക്ക് വീണ്ടും അടിവരയിടുകയാണെ് പഠനത്തിലെ കണ്ടെത്തലുകളെന്ന് മുഖ്യ ഗവേഷകനായ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി സതീശന്‍ പറയുന്നു. ഡോ. സെയ്‌ന സുനില്‍കുമാര്‍ (ലക്ച്ചറര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്യാന്‍സര്‍ രജിസ്്ട്രി ആന്‍ഡ് എപ്പിഡമോളജി), ബയോസ്റ്റാറ്റിസ്റ്റിക് ലക്ചറര്‍മാരായ കെ രതീശന്‍, സുബ്രദേവ് സെന്‍ എന്നിവര്‍ പഠനത്തില്‍ സഹകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss