|    Mar 25 Sat, 2017 11:11 pm
FLASH NEWS

ഉണ്യാല്‍ സംഘര്‍ഷം; സ്ഥലത്തെത്തിയ സിപിഎമ്മുകാര്‍ ആയുധധാരികളായിരുന്നുവെന്ന് പോലിസ്

Published : 15th October 2016 | Posted By: Abbasali tf

തിരുര്‍: ആഗസ്ത് 21ന് ഉണ്യാലിലെ സംഘര്‍ഷത്തിനിടെ മുസ്്‌ലിംലീഗുകാരുടെ വീടുകള്‍ തകര്‍ക്കാനെത്തിയ സിപിഎമ്മുകാര്‍ ആയുധധാരികളായിരുന്നുവെന്ന് പോലിസ് റിപോര്‍ട്ട്. സംഘര്‍ഷത്തിനിടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടെന്നും നീതിക്കായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉണ്യാല്‍ പള്ളിമാന്റെപുരക്കല്‍ സൈതുമോന്റെ ഭാര്യ ഫാത്തിമ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍, കമ്മീഷന്‍ മുമ്പാകെ ജില്ലാ പോലിസ് മേധാവിക്കുവേണ്ടി തിരൂര്‍ ഡിവൈഎസ്പി നല്‍കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സിപിഎമ്മുകാരാല്‍ ലീഗ് പ്രവര്‍ത്തകന്‍ റാസിഖ് കൊല്ലപ്പെട്ടതു മുതല്‍ ഉണ്യാലില്‍ ലീഗ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. 2016ല്‍ മാത്രം ഇവിടെ 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ആഗസ്ത് 21ന് അഞ്ചരയോടെ മുസ്്‌ലിംലീഗുകാര്‍ സിപിഎമ്മുകാരുടെ വീട്ടുകളും സ്ഥാപനങ്ങളും തകര്‍ത്തു. സ്ഥലത്തെത്തിയ പോലിസുകാരെ ലീഗുകാര്‍ ആക്രമിച്ചു. പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കപ്പെടുന്നുവെന്നറിഞ്ഞ സിപിഎമ്മുകാര്‍ വാളുകളും മറ്റു മാരകായുധങ്ങളുമായാണ് സ്ഥലത്തെത്തിയതെന്ന് പോലിസ് പറയുന്നു. ലീഗുകാര്‍ക്കായി പരാതികള്‍ തയ്യാറാക്കിയത് താനൂര്‍ മണ്ഡലം ലീഗ് സെക്രട്ടറിയായ അഡ്വ. സൈതലവിയാണ്. അക്രമത്തില്‍ സിപിഎം തകര്‍ത്ത വീടുകളിലെ പലരും മുമ്പ് സിപിഎമ്മുകാരെ ആക്രമിച്ച കേസുകളിലെ പ്രതികളാണ്. പരാതിക്കാരിയുടെ മകനും മറ്റൊരു കേസിലെ പ്രതിയാണ്. മകന്റെ കേസ് ഒത്തുതീര്‍പ്പാക്കാനാണ് പരാതിക്കാരിയുടെ ലക്ഷ്യം. 10,000 രൂപയും നാലു പവന്‍ സ്വര്‍ണ്ണവും നഷ്ടപ്പെട്ടെന്ന പരാതിക്കാരി നോട്ടീസ് നല്‍കിയിട്ടും അന്വേഷണത്തോട് സഹകരിച്ചില്ല. മരുമകളുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്നാണ് പരാതിയെങ്കിലും മരുമകളെ മൊഴിയെടുക്കാന്‍ ഹാജരാക്കിയില്ല.  അന്വേഷണത്തോട് സഹകരിക്കാത്തതും മറ്റു സാക്ഷികളുടെ മൊഴിയും സാഹചര്യത്തെളിവുകളും കൂട്ടായ കവര്‍ച്ച നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു. കവര്‍ച്ചയ്ക്ക് തെളിവു ഹാജരാക്കിയാല്‍ കേസില്‍ വകുപ്പ് കൂട്ടിച്ചേര്‍ക്കും. പരാതി വാസ്തവ വിരുദ്ധമാണെന്നും പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി കേസ് ദുര്‍ബലപ്പെട്ടുത്തിയിട്ടില്ലെന്നും പോലിസ് റിപോര്‍ട്ടില്‍ വിശദീകരിക്കുന്നു.  അന്യായമായി വോട്ടര്‍പട്ടികയില്‍ നിന്നു പേര് നീക്കം ചെയ്‌തെന്ന പുറത്തൂര്‍ പഞ്ചായത്തിലെ എം കെ ഹഫ്‌സയുടെയും തുവ്വൂരിലെ എയ്ഡഡ് എല്‍പി സ്‌കൂളില്‍ ടോയ്‌ലറ്റില്ലെന്ന പരാതി തുടങ്ങി 56 പരാതികള്‍തിരൂരില്‍ നടന്ന സിറ്റിങില്‍ കമ്മീഷന്‍ മോഹന്‍കുമാര്‍ പരിഗണിച്ചു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക