|    Dec 17 Sun, 2017 10:57 pm
FLASH NEWS

ഉണ്യാല്‍ സംഘര്‍ഷം: അക്രമികളെ പിടികൂടിയില്ല; പോലിസ് അനാസ്ഥയെന്ന്

Published : 13th March 2016 | Posted By: SMR

തിരൂര്‍: മാസങ്ങളായി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഉണ്യാലിലെ അക്രമ സംഭവങ്ങളിലെ പ്രതികളെ ഇനിയും പിടികൂടാനായില്ല. കേസുകള്‍ പോലീസ് ലാഘവത്തോടെകൈകാര്യം ചെയ്യുന്നതാണ് കാരണമെന്ന് ആക്ഷേപം.
കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന അക്രമങ്ങളില്‍ 16 കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളില്‍ സ്ത്രീകള്‍ ഉള്‍പ്പടെ പ്രതികളാണ്.എന്നിട്ടുംഒരാളെപ്പോലും അറസ്റ്റു ചെയ്തിട്ടില്ല.
അക്രമം നടത്തിയ ശേഷം അക്രമികള്‍ കടലിലേക്ക് രക്ഷപ്പെടുകയാണെന്നും അതാണ് പ്രതികള്‍ പിടിക്കപ്പെടുന്നതിന് തടസ്സമെന്നുമാണ് പോലിസ് ഭാഷ്യം.
ലീഗ് -സി പി എം കക്ഷികള്‍ തമ്മിലാണ് തീരദേശത്ത് സംഘര്‍ഷം. ഇരു പാര്‍ട്ടി നേതൃത്വങ്ങളും പോലിസിനുമേല്‍ നടത്തുന്ന സമ്മര്‍ദ്ദമാണ് പ്രതികളെ പിടികൂടുന്നതിന് തടസ്സമെന്നാണ് അറിയുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി തീരദേശത്ത് രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഈ സംഘര്‍ഷത്തിനിടെ 2001 ല്‍ 27കാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ജീവഹാനിക്കും തുടര്‍ന്ന് തീരദേശത്ത് കലാപത്തിന് വഴിയൊരുക്കുമെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്യാല്‍, പറവണ്ണ, ആലിന്‍ ചുവട് ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ നിരവധി വീടുകള്‍ കടകള്‍, വാഹനങ്ങള്‍, പാര്‍ട്ടി ഓഫിസുകള്‍ എന്നിവയാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത് .ചിലത് തീയിട്ട് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉച്ചക്ക് ഒരു മണിയോടെയാണ് ഒരു സിപിഎം പ്രവര്‍ത്തകന് പറവണ്ണ ആശാന്‍പടിയില്‍ വച്ച് വെട്ടേറ്റത്. പോലിസിന്റെ സാന്നിധ്യത്തില്‍ പോലും ഇവിടെ അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. എന്നിട്ടും പ്രതികള്‍ പിടിയിലാവാത്തതില്‍ ദുരൂഹതയുണ്ട്.
കഴിഞ്ഞ ദിവസം പ്രദേശത്തെ ലീഗ് -സിപിഎം കേന്ദ്രങ്ങളില്‍ നൂറോളം പോലിസുകാരടങ്ങുന്ന സംഘം ബോംബ് സ്‌ക്വാഡ്, ഡോഗ്‌സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെ റെയ്ഡ് നടത്തിയിരുന്നു. ഒന്നും കണ്ടെത്താനായിരുന്നില്ല. തീരദേശത്ത് ആധിപത്യം ഉറപ്പിക്കാനാണ് ലീഗ്-സിപിഎം കക്ഷികള്‍ അക്രമത്തിന് സഹായിക്കുന്നത്.
നേരത്തെയുള്ള കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ കേസുകള്‍ നടത്തുന്നത് പാര്‍ട്ടികളാണ്. അതാണ് അക്രമികള്‍ക്ക് പ്രചോദനം.——ഇതില്‍ പല കേസുകളും വിചാരണയിലാണ്.പല പ്രതികളും നിരന്തരം കോടതി കയറിയിറങ്ങുകയാണ്.——പാര്‍ട്ടി കേസുകള്‍ നടത്തുമെങ്കിലും പലര്‍ക്കും തൊഴിലിന് പോകാനാവാതെ സാമ്പത്തികപ്രയാസത്തിലാണ്.
ഇത് പലപ്പോഴും ഈ പട്ടിണിപ്പാവങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നുണ്ട്.പലരുടേയും പാസ്‌പോര്‍ട്ടുകള്‍ കോടതിയിലാണ്. കേസുള്ളതിനാല്‍ പലര്‍ക്കും പാസ്‌പോര്‍ട്ട് എടുക്കാനും കഴിയുന്നില്ല. അതിനിടെ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് പല അടിപിടി കേസുകളും മധ്യസ്ഥം പറഞ്ഞ് തീ ര്‍ക്കുന്നുണ്ട്. നഷ്ടപരിഹാരമായി പണം നല്‍കിയാണ് കേസുകള്‍ പരിഹരിക്കുന്നത്.
ഈ പണം ഇരു വിഭാഗത്തിനും നല്‍കാതെ മധ്യസ്ഥം വഹിച്ച ലീഗ് – സിപിഎം നേതാക്കള്‍ വിഹിതം വച്ചെടുക്കുന്ന സംഭവംവരെ പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss