|    Oct 19 Fri, 2018 6:36 pm
FLASH NEWS
Home   >  Editpage  >  Article  >  

ഉണ്ട ചോറിന് നന്ദിയുമായി സിനിമാലോകം വീണ്ടും

Published : 11th September 2017 | Posted By: fsq

അംബിക

മാധ്യമങ്ങളും പൊതുസമൂഹവും ഏറെ ചര്‍ച്ചചെയ്ത പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം മലയാള സിനിമാമേഖലയെക്കുറിച്ചുള്ള സാധാരണക്കാരുടെ ധാരണ മാറ്റിമറിച്ചിരിക്കുന്നു. എന്നാല്‍, ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള എല്‍ഡിഎഫ് എംഎല്‍എയും നടനുമായ കെ ബി ഗണേഷ്‌കുമാറിന്റെ വരവ് കേരളത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. ഒരു ജനപ്രതിനിധി അതും സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫിന്റെ എംഎല്‍എ ഒരിക്കലും ഇങ്ങനെ പ്രതികരിക്കരുതായിരുന്നു എന്നാണ് സിപിഐ നേതാവായ പന്ന്യന്‍ രവീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞത്. എന്തായാലും ഗണേഷ് കുമാറിന്റെ പ്രസ്താവനയോടെ സിനിമാപ്രവര്‍ത്തകരെല്ലാം ആലുവയിലെ ജയിലിലേക്ക് ഒഴുകുകയാണ്. നടന്‍ ജയറാമിനെപ്പോലുള്ളവര്‍ ഓണക്കോടിയും കൈയില്‍ കരുതാന്‍ മറന്നില്ല. സിനിമയില്‍ ദിലീപിന്റെ ഔദാര്യം പറ്റുന്നവര്‍ പോലിസിനെ പേടിച്ചു മാറിനില്‍ക്കുന്നതു ശരിയല്ല എന്നായിരുന്നു എംഎല്‍എയുടെ പ്രസ്താവന. കോടതി കുറ്റക്കാരനെന്നു വിധിക്കുന്നതു വരെ ദിലീപിനെ സഹപ്രവര്‍ത്തകര്‍ എന്ന നിലയില്‍ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു പല സിനിമാപ്രവര്‍ത്തകര്‍ക്കും ജയിലില്‍ പോവാനും പിന്തുണ അറിയിക്കാനുമുള്ള ധൈര്യം പകര്‍ന്നിരിക്കുന്നു. നടന്‍മാരായ ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുധീര്‍, സംവിധായകരായ രഞ്ജിത്, നാദിര്‍ഷാ, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, അരുണ്‍ഘോഷ്, ബിജോയ് ചന്ദ്രന്‍, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, ഏലൂര്‍ ജോര്‍ജ് എന്നിവര്‍ ജയിലിലെത്തി തങ്ങള്‍ ഉണ്ട ചോറിന് നന്ദിയുള്ളവരാണെന്നു തെളിയിച്ചു. അവര്‍ പറയാതെ പറയുന്നത് ഇങ്ങനെ: ”ഞങ്ങള്‍ സിനിമാമേഖലയിലെ ആണുങ്ങള്‍ ഇതും ഇതിലപ്പുറവും ചെയ്യും. ഞങ്ങള്‍ ഒറ്റക്കെട്ടാണ്. അതില്‍ വലുപ്പച്ചെറുപ്പമില്ല, മാനാഭിമാനങ്ങളില്ല. മാത്രമല്ല, സഹപ്രവര്‍ത്തകയായ നടിയുടെ ദുരനുഭവം ഞങ്ങളെയൊന്നും തെല്ലും അലട്ടിയിട്ടുമില്ല.” എന്നാല്‍, സിനിമയെ സ്‌നേഹിക്കുന്ന, സിനിമാ മേഖലയ്ക്കു പുറത്തുള്ളവരുടെ കാര്യം അതല്ല. നടിക്കെതിരായ അതിക്രമത്തെക്കുറിച്ചുള്ള വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടത്. ഇതൊക്കെ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണെന്നും ഈ നടി അവരുടെ ധൈര്യംകൊണ്ടാണ് പോലിസില്‍ പരാതിപ്പെട്ടതെന്നും പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. മലയാള സിനിമാമേഖല പണക്കൊഴുപ്പിന്റെയും മാഫിയാവല്‍ക്കരണത്തിന്റെയും പിടിയിലകപ്പെട്ടിട്ട് കാലമേറെയായെങ്കിലും അതിന്റെ ആഴം പുറംലോകമറിയുന്നത് നടിക്കെതിരായ ആക്രമണത്തിലൂടെയാണ്.  ഈ സംഭവത്തോടെ മലയാള സിനിമാമേഖലയിലെ സ്ത്രീകള്‍ സംഘടിക്കാന്‍ തയ്യാറായിരിക്കുന്നു എന്നതു പ്രതീക്ഷയ്ക്കു വകനല്‍കുന്നുണ്ട്. വിമന്‍ ഇന്‍ സിനിമാ കലക്ടീവില്‍ സിനിമാ പ്രവര്‍ത്തകരായ മുഴുവന്‍ സ്ത്രീകളും അംഗത്വമെടുത്തിട്ടില്ലെങ്കിലും അതൊരു നല്ല തുടക്കമാണെന്നതില്‍ സംശയമില്ല. ഇരയ്‌ക്കൊപ്പമല്ല തങ്ങളെന്ന തുറന്ന പ്രഖ്യാപനവുമാണിത്. ”സുഹൃത്തായ ഒരാള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കിലും അയാള്‍ക്കൊപ്പം നില്‍ക്കണമെന്ന പുരുഷന്‍മാരുടെ രീതിയായിരിക്കാം ഇതെന്നും ഇതൊരു വലിയ പിആര്‍ വര്‍ക്കാണെ”ന്നും വിമന്‍ ഇന്‍ സിനിമാ കലക്റ്റീവ് പ്രവര്‍ത്തകയും നടിയുമായ സജിത മഠത്തില്‍ പറയുന്നു. കുറ്റക്കാരനെന്നു കോടതി തെളിയിക്കുന്നതുവരെ ദിലീപ് കുറ്റക്കാരനല്ലെന്നാണ് കെ ബി ഗണേഷ് കുമാറും മറ്റു പിന്തുണക്കാരും പറയുന്നത്. അങ്ങനെയെങ്കില്‍ തന്നെ കൊടിയ പീഡനത്തിന് ഇരയായ സഹപ്രവര്‍ത്തകയെ ഒന്നു കാണാനോ ഫോണിലെങ്കിലും വിളിച്ച് ആശ്വസിപ്പിക്കാനോ ഈ പുരുഷകേസരികള്‍ക്ക് ഇതുവരെ തോന്നിയിട്ടില്ല. ഇതു രണ്ടു കാര്യങ്ങള്‍ സമൂഹത്തോട് വിളിച്ചുപറയുന്നു. ഒന്ന്, സഹപ്രവര്‍ത്തകര്‍ക്കു പണവും സൂപ്പര്‍സ്റ്റാര്‍ പദവിയുമുണ്ടെങ്കില്‍ മാത്രമേ പ്രതിസന്ധികളില്‍ കൂടെ നില്‍ക്കേണ്ടതുള്ളു. രണ്ട്, സിനിമാലോകം ആണുങ്ങളുടേതാണ്. എന്തും സഹിക്കാന്‍ തയ്യാറുള്ള സ്ത്രീകളും പെണ്‍കുട്ടികളും മാത്രമേ സിനിമാരംഗത്തേക്ക് കടന്നുവരേണ്ടതുള്ളൂ. ഇതെഴുതുമ്പോള്‍ നടന്‍ ശ്രീനിവാസന്‍ കൂടി ദിലീപിന് തന്റെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടിരിക്കയാണ്. മനുഷ്യത്വത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും സ്ഥാനമില്ലാത്തിടം സ്വാഭാവികമായും സ്ത്രീവിരുദ്ധവുമായിരിക്കും. ശരിയായ അന്വേഷണത്തിലൂടെയും നിയമനടപടിയിലൂടെയും നടിക്ക് നീതി ഉറപ്പാക്കുന്നതോടൊപ്പം സിനിമാമേഖലയെ മാഫിയാവല്‍ക്കരണത്തിന്റെയും പണക്കൊഴുപ്പിന്റെയും നീരാളിപ്പിടിത്തത്തില്‍നിന്ന് മോചിപ്പിക്കേണ്ടതുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss