|    Jul 21 Sat, 2018 4:01 am
FLASH NEWS

ഉണക്ക മല്‍സ്യത്തിനു ജിഎസ്ടി; വ്യാപാരികള്‍ ആശങ്കയില്‍

Published : 9th August 2017 | Posted By: fsq

 

തലശ്ശേരി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ നികുതി സംവിധാനത്തിന്റെ ഭാഗമായി ഉണക്ക മല്‍സ്യത്തിന് അഞ്ചുശതമാനം നികുതി ചുമത്തുമെന്ന അഭ്യൂഹം ഉണക്ക മല്‍സ്യവ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നു.തലശ്ശേരിയിലെ ചാലില്‍, ഗോപാലപ്പേട്ട ഭാഗത്ത് നാല്‍പതോളം പരമ്പരാഗത ഉണക്ക മല്‍സ്യ സംസ്‌കരണ ചാപ്പകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ സ്വകാര്യ മുതലാളിമാരും സൊസൈറ്റികളും ഉള്‍പ്പെടുന്നുണ്ട്. ഏതാണ്ട് മുന്നൂറോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 30ലേറെ സ്ത്രീകളും അത്ര തന്നെ പുരുഷന്‍മാരും ഇതിന് പുറമെ ഉണക്കമല്‍സ്യം ഓലയാല്‍ മെടഞ്ഞ കൊട്ടകളിലാക്കുന്നതിനുള്ള തൊഴിലാളികളും ഉള്‍പ്പെടെയാണ് 300 പേര്‍ തൊഴില്‍മേഖലയിലുള്ളത്. തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് ക്യൂറിങ് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് ഏകദേശം 100 വര്‍ഷത്തിലധികം പഴക്കമുണ്ടാവും. കേരളത്തില്‍ രണ്ട് സ്ഥലങ്ങളില്‍ മാത്രമാണ് ഉണക്കമല്‍സ്യം ഉണ്ടാക്കി വിപണിയില്‍ എത്തിക്കാനുള്ള ചാപ്പകള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റൊരെണ്ണം മലപ്പുറത്തെ തിരൂരങ്ങാടിയിലാണ്. തലശ്ശേരിയില്‍ നിന്ന് ക്രമീകരിക്കുന്ന ഉണക്കമീന്‍ വയനാട്, കല്‍പ്പറ്റ, ഇരിട്ടി, ശ്രീകണ്ഠാപുരം, തിരുമേനി, ചെറുപുഴ, ആലക്കോട് ഭാഗങ്ങളിലേക്കാണ് സാധാരണ നിലയില്‍ കയറ്റുമതി ചെയ്യുന്നത്. മല്‍സ്യങ്ങള്‍ ഉണക്കിയെടുക്കുന്നത് ഒരുദിവസം, മൂന്ന് ദിവസം എന്നീ ക്രമങ്ങളിലാണ്. ഉപ്പോടുകൂടി മല്‍സ്യങ്ങളെ ഉണക്കാന്‍ ഒരുദിവസവും ഉപ്പില്ലാതെ ഉണക്കാന്‍ മൂന്ന് ദിവസവുമാണ് സാധാരണനിലയില്‍ വേണ്ടത്. ഒരുകിലോ പച്ച മല്‍സ്യം ഉണക്കിയെടുക്കുന്നതോടെ അത് 400 ഗ്രാമായി ചുരുങ്ങും. മത്തി, അയല, നത്തോലി, ചരു, തിരണ്ടി, സ്രാവ് തുടങ്ങിയവയാണ് സാധാരണനിലയില്‍ കയറ്റുമതി ചെയ്യുന്നത്. ഉപ്പില്ലാതെ ഉണക്കുന്ന മല്‍സ്യം കൃത്യമായും ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാനാവും. എന്നാല്‍ ഉപ്പുപുരട്ടിയ മല്‍സ്യങ്ങള്‍ക്ക് ഒരുമാസത്തില്‍ കൂടുതല്‍ കേടുകൂടാതെ സൂക്ഷിക്കാനാവില്ല. മുന്‍കാലങ്ങളില്‍ ഉണക്ക് മല്‍സ്യത്തിന് വലിയ ഡിമാന്റ് ഉണ്ടായിരുന്നെങ്കില്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന കര്‍ക്കിടകമാസത്തില്‍പോലും പച്ചമല്‍സ്യം ലഭിക്കുന്ന പശ്ചാത്തലത്തില്‍ ഡിമാന്റ് കുറഞ്ഞു. ജിഎസ്ടി കൂടി ചുമത്തുന്നതോടെ തിരിച്ചടി നേരിടുന്ന ഉണക്കമീന്‍ മേഖലയ്ക്ക് ഇരുട്ടടിയാവും. കേരളത്തിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ഉണക്കമീനുകള്‍  ഉണ്ടാക്കുന്നത്. സംസ്ഥാനത്ത് പച്ചമല്‍സ്യങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ മറ്റ് സംസ്ഥാനങ്ങളിലാണ് പച്ച മല്‍സ്യങ്ങള്‍ കേന്ദ്രീകരിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഉണക്കമീന്‍ വ്യാപാരികള്‍ തങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന് രേഖാമൂലം അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും അനുകൂലപ്രതികരണം ലഭിച്ചിട്ടില്ല. നോട്ടുനിരോധനം പ്രാബല്യത്തില്‍ വന്നതില്‍ പിന്നീട് പരമ്പരാഗത ഉണക്കമീന്‍ വ്യാപാരികള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ആധുനിക ബാങ്കിങ് ഇടപാടുകളില്‍ പരിശീലനം ലഭിക്കാത്തതിനാല്‍ നോട്ടുകള്‍ നല്‍കി ഉള്‍പ്പന്നങ്ങള്‍ വാങ്ങുകയെന്ന രീതി തന്നെയാണ് തുടരുന്നത്. ഇത്തരം പശ്ചാത്തലത്തില്‍ പലരും ഉണക്കമീന്‍ വ്യാപാര മേഖലയില്‍ നിന്ന് പിന്‍മാറുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ പുതിയ തലമുറയില്‍പെട്ടവര്‍ പ്രതിസന്ധികളെ മറികടന്ന് തങ്ങളുടെ പരമ്പരാഗത മേഖലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇടിത്തീയായി ജിഎസ്ടി ചുമത്തിയേക്കുമെന്ന ആശങ്കയും പടര്‍ന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss